ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത കേരളത്തിലെ എംഎൽഎമാരിൽ ഒരാളുടെ വോട്ട് എൻഡിഎ പക്ഷത്തേക്കു ചോർന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. യുഡിഎഫും എൽഡിഎഫും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് മുഴുവൻ വോട്ടും വാഗ്ദാനം ചെയ്തെങ്കിലും വോട്ട് എണ്ണിയപ്പോൾ 140 എംഎൽഎമാരിൽ ഒരാളുടെ വോട്ടു ചോർന്നിരുന്നു. അതാരാണെന്നറിയാനാണ് രാഷ്ട്രീയ നേതാക്കൾക്കിടയില്‍ ചൂടേറിയ ചർച്ച. രഹസ്യ ബാലറ്റായതിനാൽ ക്രോസ് വോട്ടു ചെയ്ത എംഎൽഎ അജ്ഞാതനായി തുടരും. അല്ലെങ്കിൽ, പാര്‍ട്ടി തീരുമാനം മറികടന്നു വോട്ടു ചെയ്തത് താനാണെന്ന് എംഎൽഎ സമ്മതിക്കണം.

കേരളത്തിൽനിന്ന് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു ലഭിച്ച ഏക വോട്ടിന്റെ മൂല്യം 152 ആണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ ക്രോസ് വോട്ടുണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അല്ലെന്നും വാദമുണ്ട്. 1969ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നീലം സഞ്ജീവ റെഡ്ഡിയായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥി. എന്നാൽ, കോൺഗ്രസ് ജനപ്രതിനിധികളിൽ ചിലർ ഇന്ദിരാഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച് എതിർസ്ഥാനാർഥി വി.വി.ഗിരിക്കു വോട്ടു ചെയ്തതായാണ് വാദം. അങ്ങനെ സംഭവിച്ചില്ലെന്ന എതിർവാദവുമുണ്ട്. വി.വി.ഗിരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പിലും ക്രോസ് വോട്ട് ഉണ്ടായിട്ടുണ്ട്. 2003ൽ കോടോത്ത് ഗോവിന്ദൻ നായരാണ് കെ.കരുണാകരന്റെ ആശീർവാദത്തോടെ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചത്. വയലാർ രവിയും തെന്നല ബാലകൃഷ്ണപിള്ളയുമായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. കരുണാകര പക്ഷക്കാരായ കോൺഗ്രസിലെ ചില എംഎൽഎമാർ കോടോത്തിനു വോട്ടു ചെയ്തെങ്കിലും നിസ്സാര വ്യത്യാസത്തിനു തെന്നല വിജയിച്ചു. ക്രോസ് വോട്ടു ചെയ്തവരെ പിന്നീട് കണ്ടെത്തിയതും വിവാദമായി.

kerala-assembly-12
കേരള നിയമസഭ

ആരാണ് ദ്രൗപദി മുർമുവിനു വോട്ടു ചെയ്തതെന്നതിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വാദപ്രതിവാദങ്ങൾ ശക്തമാണ്. പരസ്പരം പഴിചാരലുകൾക്കപ്പുറം സ്വന്തം പാളയത്തിൽനിന്നാണോ വോട്ടു ചോർന്നതെന്ന സംശയവും നേതാക്കൾക്കുണ്ട്. മുർമുവിനു വോട്ടു ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനയും ചർച്ചയായി. വോട്ട് എങ്ങനെ ചോർന്നെന്ന് അറിയാൻ കോൺഗ്രസ് നേതാക്കളോട് ചോദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് നേതാക്കളുടെ പ്രതികരണം. കോൺഗ്രസ് തിരിച്ചും ആരോപണം ഉന്നയിക്കുന്നു.

മുർമുവിനു ലഭിച്ച വോട്ട് ആകസ്മികമല്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. ഇടതു മുന്നണിയുടെ ഘടകകക്ഷിയായ ജനതാദൾ എസിന്റെ പിന്തുണ മുർമുവിന് ആയിരുന്നു. എന്നാൽ, പ്രതിപക്ഷ സ്ഥാനാർഥിക്കേ വോട്ട് ചെയ്യൂവെന്ന് ബെംഗളൂരുവിൽ ദേവെഗൗഡയെ നേരിൽക്കണ്ട് കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും വ്യക്തമാക്കി. എംഎൽഎമാർക്ക് അബദ്ധം പറ്റാനുള്ള സാധ്യതയും കുറവാണ്. മറ്റേതെങ്കിലും പാർട്ടിക്കു നൽകിയ വാഗ്ദാനത്തിന്റെ ഭാഗമാണോ,  ദലിത് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചതിന്റെ ഭാഗമായാണോ ക്രോസ് വോട്ട് സംഭവിച്ചതെന്നറിയാൻ വെളിപ്പെടുത്തലുകൾ വേണ്ടിവരും.

തിരഞ്ഞെടുപ്പ് കമ്മിഷനാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഓരോ സംസ്ഥാനത്തെയും ഉദ്യോഗസ്ഥർക്കു ഡല്‍ഹിയിൽ പരിശീലനം നൽകും. ഡൽഹിയിൽനിന്ന് അതീവ സുരക്ഷയിലാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും ബാലറ്റ് എത്തിക്കുന്നത്. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ്.

ബാലറ്റിൽ ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ മാത്രമേ ഉണ്ടാകൂയെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി.  ആചാരി പറഞ്ഞു. ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലാണ് ബാലറ്റിൽ സ്ഥാനാർഥികളുടെ പേരുകൾ രേഖപ്പെടുത്തുന്നത്. ആർക്കാണോ വോട്ടു നൽകാൻ ഉദ്ദേശിക്കുന്നത് അവരുടെ പേരിനുനേരെ അക്കത്തിൽ വോട്ടു രേഖപ്പെടുത്താം. ഒന്നാം വോട്ടാണെങ്കിൽ 1 എന്നു രേഖപ്പെടുത്തണം. കൃത്യമായി ഇത് എഴുതിയിരിക്കണം. മറ്റ് അടയാളമോ ഒപ്പോ ബാലറ്റിൽ രേഖപ്പെടുത്താൻ പാടില്ല.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വോട്ടു ചെയ്യാൻ എത്തുന്ന ജനപ്രതിനിധികളുടെയും എംപിമാരുടെയും ബാലറ്റ് ഡൽഹിയിൽനിന്ന് നിയമസഭാ ഉദ്യോഗസ്ഥർക്കു കൈമാറും. ഓരോ സംസ്ഥാനത്തിലെയും എംഎൽഎമാരുടേത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അതതിടങ്ങളിൽ പ്രിന്റ് ചെയ്തു ബന്ധപ്പെട്ട നിയമസഭാ ഉദ്യോഗസ്ഥനു കൈമാറും. ബാലറ്റ് കുറച്ചെണ്ണം അധികമായി പ്രിന്റ് ചെയ്യും. തിരഞ്ഞെടുപ്പു പൂർത്തിയായശേഷം ബാക്കിവരുന്ന ബാലറ്റ് ഡൽഹിയിലേക്കു മടക്കി അയയ്ക്കും. ബാലറ്റ് പേപ്പറിനായി പ്രത്യേക അക്കൗണ്ട് ഉണ്ട്.

ഏതു സീരിയൽ നമ്പർ മുതൽ ഏതുവരെ ഉപയോഗിച്ചെന്ന റിപ്പോർട്ടും ഡൽഹിക്ക് അയയ്ക്കും. കൗണ്ടർ ഫോയിലും പ്രത്യേകം സീൽ ചെയ്തു ഡൽഹിയിലേക്കു പോകും. അസി.റിട്ടേണിങ് ഓഫിസറും സെക്‌ഷൻ ഓഫിസറുമാണ് ഇത്തവണ കേരളത്തിൽനിന്നു ഡൽഹിയിലേക്കു ബാലറ്റുപെട്ടിയുമായി പോയത്. ഡൽഹിയിൽനിന്ന് ബാലറ്റും പെട്ടിയും സ്വീകരിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താമെങ്കിലും വോട്ടെടുപ്പിനുശേഷം ബാലറ്റ് അടങ്ങിയ പെട്ടി തിരികെ കൊണ്ടുപോകാൻ അസി. റിട്ടേണിങ് ഓഫിസറാണ് പോകുന്നത്.

Draupadi Murmu
ദ്രൗപദി മുർമു

വിമാനത്താവളം വരെ സായുധപൊലീസ് സുരക്ഷയും വാച്ച് ആൻഡ് വാർഡും ഉണ്ടാകും. വിഐപി ഗേറ്റു വഴിയാണ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നത്. വിമാനത്താവളത്തിൽ സിഐഎസ്എഫ് സുരക്ഷ നൽകും. ബാലറ്റ് അടങ്ങിയ പെട്ടി കാർഗോയിൽ കൊണ്ടുപോകില്ല. അസി.റിട്ടേണിങ് ഓഫിസറുടെ സീറ്റിനടുത്തുള്ള സീറ്റിൽ ബാലറ്റ് ബോക്സ് വയ്ക്കും. ബിസിനസ് ക്ലാസിലാണ് കൊണ്ടുപോകേണ്ടത്. ഡൽഹിയിൽ എത്തിയാൽ കേരള ഹൗസിലെ റസി.കമ്മിഷണർ വാഹനം അയയ്ക്കും.

സുരക്ഷാ ഉദ്യോഗസ്ഥരുടെയും രാജ്യസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബാലറ്റുപെട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിലേക്കു കൊണ്ടുപോകും. രാജ്യസഭാ സെക്രട്ടറി ജനറൽ ആയിരുന്നു തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫിസർ. രാജ്യസഭാ സെക്രട്ടേറിയറ്റിലെ അസി.റിട്ടേണിങ് ഓഫിസർ പെട്ടി സ്വീകരിക്കും. പിന്നീട്, നിശ്ചയിച്ച തീയതിയിൽ വോട്ട് എണ്ണി വിജയിയെ പ്രഖ്യാപിക്കും.

English Summary: Presidential Poll 2022: Cross Voting in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com