ADVERTISEMENT

കോഴിക്കോട് ∙ കെ.കെ.രമ എംഎൽഎയെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് അവർക്കെതിരായ വധഭീഷണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രമ നിയമസഭയില്‍ സംസാരിക്കുമ്പോള്‍ മുഴങ്ങുന്നത് ടി.പി. ചന്ദ്രശേഖരന്റെ ശബ്ദമാണെന്ന് സതീശൻ അഭിപ്രായപ്പെട്ടു. അത് സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും രമയ്ക്കു ചുറ്റും നിന്ന് സംരക്ഷണം നല്‍കുമെന്നും സതീശന്‍ കോഴിക്കോട് പറഞ്ഞു.

‘വധഭീഷണി മുഴക്കുന്ന കത്ത് ഞാൻ കണ്ടിരുന്നു. രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് രമയെ ആക്ഷേപിക്കുന്നതും വേട്ടയാടുന്നതും? കൊന്നിട്ടും തീരാത്ത പകയാണ് ഇവർക്ക്. ടി.പി.ചന്ദ്രശേഖരനെ 51 തവണ വെട്ടി കൊലപ്പെടുത്തിയിട്ടും അദ്ദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടും തീരാത്ത പക അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുകയാണ്.’’ – സതീശൻ പറഞ്ഞു.

‘‘രമ സംസാരിക്കുമ്പോൾ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്. അത് സർക്കാരിനും സിപിഎമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അവരെ വീണ്ടും വേട്ടയാടുകയാണ്. ഭീഷണിപ്പെടുത്തുകയാണ്. അവരെ ഇല്ലാതാക്കുമെന്ന് പറയുകയാണ്. അതിന്റെയൊന്നും മുന്നിൽ രമയോ കേരളത്തിലെ യുഡിഎഫോ തലകുനിക്കുന്ന പ്രശ്നമില്ല. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, നാലു ചുറ്റും കാവൽനിന്ന് ഞങ്ങൾ അവരെ സംരക്ഷിക്കും.’’ – സതീശൻ പറഞ്ഞു.

കത്തിൽ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെയും ഭീഷണിയുണ്ടല്ലോ എന്ന ചോദ്യത്തിന്, ‘അത് സ്ഥിരം ഉള്ളതല്ലേ’ എന്നായിരുന്നു സതീശന്റെ മറുപടി. ‘‘കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കേരളത്തിലെ തെരുവുകളിലൂടെ നടന്നാൽ കൈക്കരുത്ത് അറിയുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത് അമ്പലപ്പുഴ എംഎൽഎയാണ്. തിരുവനന്തപുരത്ത് എന്നെ കാലുകുത്തിക്കില്ലെന്നു പറഞ്ഞു, നിയമസഭയിൽ കയറ്റില്ലെന്നു പറഞ്ഞു. വേറൊരാൾ കൊച്ചിയിൽ കാലുകുത്തിക്കില്ലെന്നു പറ‍ഞ്ഞു. ഞാൻ തമിഴ്നാട്ടിലേക്കൊന്നും പോയില്ലല്ലോ. കേരളത്തിലൂടെത്തന്നെ നടക്കുകയല്ലേ? അത്തരം ഭീഷണികളിലൊക്കെ പേടിക്കുന്നയാൾ ആയിരക്കണക്കിനു പൊലീസുകാരുടെ ഇടയിൽ പോയി ഒളിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അല്ലാതെ ഞങ്ങളല്ല’’ – സതീശൻ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തുന്നത് വെറും ആരോപണങ്ങളല്ലെന്നു തെളിഞ്ഞുവെന്നും സ്വപ്നയുടെ  വിശ്വാസ്യത വർധിച്ചുവെന്നും വി.ഡി.സതീശൻ പറഞ്ഞു. കെ.ടി. ജലീൽ ‘മാധ്യമ’ത്തിനെതിരെ നൽകിയ കത്ത് പുറത്തുവന്നത് ഇതിന് തെളിവാണ്. കുറ്റാരോപിതരുമായി വ്യക്തി ബന്ധം ഉണ്ടെന്ന് ജലീൽ തന്നെ സമ്മതിച്ചു. ഇതു ഗുരുതരമായ സാഹചര്യമാണെന്നും സതീശൻ പറ‍ഞ്ഞു. 

യുഎഇ സർക്കാരിന്റെ കുഴപ്പം കൊണ്ടാണ് ആളുകൾ മരിച്ചതെന്നാണ് പത്രം പറയുന്നതെന്നാണ് കത്തിൽ ആരോപിച്ചത്. ഇത്തരത്തിൽ തെറ്റായ വിവരമൊന്നും പത്രത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിദേശ രാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് സംസ്ഥാന മന്ത്രിക്കുള്ളത്?  പൂർണമായ പ്രോട്ടോകോൾ ലംഘനമാണുണ്ടായത്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റം കൂടിയാണിത്. തങ്ങൾക്ക് എതിരെ വാർത്ത എഴുതിയ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറി ഇരുന്ന് സംസാരിക്കുന്ന ആളുകൾ രഹസ്യമായി ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് കത്തെഴുതിയതെന്നാണ് പറയുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായി നിൽക്കുന്ന കോൺസുൽ ജനറൽ ഉൾപ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നെന്ന് ജലീൽ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. മന്ത്രി സ്ഥാനം ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. രേഖകളെല്ലാം പുറത്ത് വന്നതോടെ ആരോപണങ്ങൾ ജലീൽ സമ്മതിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിൽ ഇഡിക്ക് പരിമിതികളുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനുള്ള അധികാരം മാത്രമെ ഇഡിയ്ക്കുള്ളൂ. എൻഐഎയ്ക്കും കസ്റ്റംസിനും ഇത്തരം പരിമിതികളുണ്ട്. ഇവരുടെയൊക്കെ അധികാര പരിധിക്കും അപ്പുറത്തേക്കുള്ള ഇടപെടലുകളാണ് സ്വർണക്കടത്ത് കേസിൽ നടന്നത്. അതുകൊണ്ടാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്ന അന്നുമുതൽ ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിയെന്ന നിലയിൽ സിബിഐയെയും പൂർണമായും വിശ്വസിക്കാനാകാത്തതിനാലാണ് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. ആ നിലപാടിൽ യുഡിഎഫ് ഉറച്ച് നിൽക്കുന്നുവെന്നും സതീശൻ പറഞ്ഞു.

മന്ത്രി ആന്റണി രാജു രാജി വയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചു കൊണ്ട് അടിവസ്ത്രത്തിൽ ഹാഷിഷ് കലർത്താൻ ശ്രമിച്ച വിദേശിയെ രക്ഷപ്പെടുത്താൻ വേണ്ടി നാണം കെട്ടതും അശ്ലീലവുമായ നടപടിയാണ് ചെയ്തത്. കേസിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. 

കേരളത്തിൽ നിരന്തരമായി നടക്കുന്ന കസ്റ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ലോക്കപ്പിനുള്ളിൽ പലരും പൊലീസ് മർദ്ദനത്തിന് ഇരയാകുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.

English Summary: UDF Will Protect KK Rema MLA, Says VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com