ADVERTISEMENT

പനജി∙ വടക്കൻ ഗോവയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു. മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഗോവ എക്സൈസ് കമ്മിഷണർ നാരായൺ എം. ഗാഡ് ലൈസൻസ് റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസൻഗൗവിലാണ് സ്മൃതിയുടെ മകൾ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോൾസ് കഫേ ആൻഡ് ബാർ സ്ഥിതി ചെയ്യുന്നത്. ബാറിനുള്ള ലൈസൻസ് കൃത്രിമ രേഖകള്‍ നൽകിയാണ് ഉടമകൾ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്റിസ് റോഡ്രിഗസ് നൽകിയ പരാതിയിലാണ് ജൂലൈ 21ന് എക്സൈസ് കമ്മിഷണർ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.

കഴിഞ്ഞമാസമാണ് ലൈസൻസ് പുതുക്കിയത്. എന്നാൽ ലൈസൻസിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാർ കാർഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാർലെയിലെ താമസക്കാരനാണിയാൾ. ഇയാളുടെ മരണ സർട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

അതേസമയം, 2022-23 കാലത്തേക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കണമെന്നും ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നുമാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.

ലൈസൻസിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ, സില്ലി സോൾസ് കഫേ ആൻഡ് ബാറിന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസൻസ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു. മദ്യവ്യാപാരികൾക്കായി എക്സൈസ് വിഭാഗം നിയമം വളച്ചൊടിക്കുകയാണെന്നാണ് ആരോപണം. എക്സൈസ് നിയമം അനുസരിച്ച് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റസ്റ്ററന്റിനു മാത്രമേ മദ്യ ലൈസൻസ് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Restaurant Run by Smriti Irani’s Family Got Liquor Licence by ‘Fraudulent Means'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com