ADVERTISEMENT

മുംബൈ ∙ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച പ്രശസ്ത ടിവി താരം ദീപേഷ് ഭാനിന്റെ അന്ത്യനിമിഷങ്ങൾ ഓർത്തെടുത്ത് സഹപ്രവർത്തകൻ സെയിൻ ഖാൻ. ദീപേഷിനെ പ്രശസ്തനാക്കിയ ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ സഹതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പ്രാർഥനായോഗത്തിലാണു സെയിൻ വൈകാരിക നിമിഷങ്ങൾ പങ്കുവച്ചത്.

‘ഞങ്ങൾ ഒരേ കെട്ടിടത്തിലാണു താമസിക്കുന്നത്. സമയം അപ്പോൾ രാവിലെ 7.20 ആയിരുന്നു. അദ്ദേഹം എന്റെയടുത്തേക്ക് ഓടിവരികയും കളിക്കാൻ പോകാമെന്നു പറയുകയും ചെയ്തു. പൊതുവെ ശനിയാഴ്ച ദിവസങ്ങളിൽ അദ്ദേഹം കളിക്കാൻ പോകാറില്ല. അന്നു പക്ഷേ വൈകിട്ടായിരുന്നു അദ്ദേഹത്തിന്റെ ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. എന്നെ വളരെയധികം അദ്ദേഹം പിന്തുണച്ചിരുന്നു. ജോലിക്കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.

ക്രിക്കറ്റ് കളി തുടങ്ങിയപ്പോൾ ദീപേഷ് ബൗളിങ് ടീമിന്റെ കൂടെയായിരുന്നു, ഞാൻ ബാറ്റിങ് ഭാഗത്തും. ഒരു ഓവർ എറിഞ്ഞശേഷം അദ്ദേഹം തൊപ്പിയെടുക്കാനായി എന്റെയടുത്തു വന്നു. ഉടനെ എന്റെ കാലിലേക്കു കുഴഞ്ഞുവീണു. ശ്വാസോഛാസം മന്ദഗതിയിലായെന്ന് എനിക്കു മനസ്സിലായി. അതു കണ്ടതും ഞാൻ ഞെട്ടിപ്പോയി. അങ്ങനെയൊരു അവസ്ഥയിൽ മുൻപ് അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. എപ്പോഴും ഊർജസ്വലതയോടെ മാത്രമെ ദീപേഷിനെ കണ്ടിട്ടുള്ളൂ.

1248-deepesh-bhan
ദീപേഷ് ഭാൻ. Photo: /deepeshbhan/ Instagram

എല്ലാവരെയും ചിരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. അക്കാര്യമെല്ലാം ഒരുനിമിഷം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കാൻ ശ്രമമാരംഭിച്ചു. ആംബുലൻസ് വരാൻ വൈകുമെന്നു മനസ്സിലായപ്പോൾ, സമയം പാഴാക്കാൻ പറ്റാത്തതിനാൽ ഞങ്ങളുടെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴേക്കും ദീപേഷ് മരിച്ചിരുന്നു; ഡോക്ടർമാർ ആ ദുഃഖസത്യം ഞങ്ങളെ അറിയിച്ചു.

ദീപേഷ് ഭാൻ (Photo: Instagram, @deepeshbhan)
ദീപേഷ് ഭാൻ. Photo: /deepeshbhan/ Instagram

അദ്ദേഹത്തിന്റെ മരണവാർത്ത എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകർ എന്നെ വിളിച്ചിരുന്നു. കടുത്ത വേദനയിലായിരുന്നു ഞാനപ്പോൾ. എന്റെ കയ്യിൽകിടന്നാണ് അദ്ദേഹം മരിച്ചത്. സുഹൃത്തിനെ കൺമുന്നിൽ നഷ്ടപ്പെടുക എന്നതു അതീവ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുട്ടിയോടൊപ്പം ഞങ്ങൾ കളിക്കാറുണ്ട്. ചാച്ചു എന്നാണ് എന്നെ വിളിക്കുക. പാട്ടുകൾ ഇഷ്ടമുള്ള മകനെ പാട്ടുകാരനാക്കണം എന്നായിരുന്നു ദീപേഷിന്റെ ആഗ്രഹം.

ഇപ്പോൾ എല്ലാം സ്വപ്നമായി മാറിയിരിക്കുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്കാവുന്നതു ചെയ്യും. അദ്ദേഹത്തിനുവേണ്ടി ഞാനതു പൂർത്തീകരിക്കും. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. വിദ്യാഭ്യാസമുള്ള വ്യക്തിയാണ് ദീപേഷ്. എത്രനേരം വ്യായാമം ചെയ്യണമെന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാം.’– സെയിൻ പറഞ്ഞു. 

‘ശരീരസൗന്ദര്യം നോക്കുന്നതിൽ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചു. ഭക്ഷണം കൃത്യമായി കഴിച്ചിരുന്നില്ല. ഇടക്കാലത്ത് ശരീരഭാരം വർധിച്ചതിൽ അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്‌തു. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു’– മറ്റൊരു സുഹൃത്ത് ആസിഫ് ഷെയ്ഖ് പറഞ്ഞു.

English Summary: Late actor Deepesh Bhan’s friend Zain Khan recalls last few minutes of how the former collapsed after playing cricket; says ‘I lost my friend in my arms, it’s devastating’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com