കോട്ടൺ ഹില്ലിലെ റാഗിങ് പരാതിക്കു പിന്നിൽ ദുരുദ്ദേശ്യം; പ്രശ്നങ്ങള്‍ വലുതാക്കി കാണിച്ചു: റിപ്പോർട്ട്

Mail This Article
തിരുവനന്തപുരം ∙ വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ് പരാതിയില്‍ ദുരുദ്ദേശ്യമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) റിപ്പോര്‍ട്ട്. സഹപാഠികള്‍ തമ്മിലുള്ള ചെറിയ പ്രശ്നങ്ങള്‍ വലുതാക്കി കാണിക്കാന്‍ പരാതിക്കാര്‍ ശ്രമിച്ചെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവത്തിലെ ദുരുദ്ദേശ്യം പൊലീസ് അന്വേഷിക്കണം. സ്കൂളിൽനിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം വ്യാജമാണെന്നും ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിഡിഇ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
റിപ്പോര്‍ട്ടിൽ പറയുന്നത് ഇങ്ങനെ:
സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ സ്കൂളിന്‍റെ മതില്‍ ചാടിക്കടന്ന് കളര്‍ ഡ്രസ് ധരിച്ച പെണ്‍കുട്ടികള്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെത്തി ഉപദ്രവമേല്‍പ്പിച്ചു കടന്നുകളഞ്ഞു എന്നതു ശരിയാണെന്ന് കാണുന്നില്ല. കാരണം സ്കൂളിന്‍റെ മതിലുകള്‍ എല്ലാ ഭാഗത്തും കുട്ടികള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധത്തില്‍ ഉയരക്കൂടുതലുള്ളതാണ്.
സ്കൂളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടില്ലായെന്നാണ് അധ്യാപകരുള്‍പ്പെടെയുള്ള സ്കൂളധികാരികള്‍ ബോധിപ്പിച്ചിട്ടുള്ളത്. സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ കുട്ടികളുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുക തുടങ്ങി കുട്ടികള്‍ക്കു വിവിധ തരത്തിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുന്നുവെന്നും നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുവെങ്കിലും അത്തരത്തിലുള്ള യാതൊരു സംഭവങ്ങളും സ്കൂളിനുള്ളില്‍ ഉണ്ടായതായി അധ്യാപകരോ കുട്ടികളോ മൊഴി നല്‍കിയിട്ടില്ല.
സംഭവങ്ങളൊക്കെയും കേട്ടുകേള്‍വി മാത്രമാണ് എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്.
വിശദമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അദ്ധ്യാപകരുള്‍പ്പെടെയുളള സ്കൂള്‍ അധികൃതര്‍ കൂറെ കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടു. സ്കൂളിന്‍റെ എല്ലാ കോണുകളിലും അദ്ധ്യാപകരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധ സദാസമയവും എത്തുന്നതരത്തില്‍ ചുമതലകള്‍ വിഭജിച്ചു നല്‍കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രഥമാദ്ധ്യാപരെ ചുമതലപ്പെടുത്തി. സ്കൂളിലേക്കെത്തുന്ന അധ്യാപകരും വിദ്യാർഥികളുമല്ലാത്ത മുഴുവന്‍ വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ വരവിന്‍റെ ഉദ്ദേശ്യവും വന്നതും പോയതുമായ സമയം രേഖപ്പെടുത്തുന്നതിനും വ്യക്തമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കി.
സ്കൂളിന്‍റെ അച്ചടക്കം, കുട്ടികളുടെ സുരക്ഷ മുതലായ കാര്യങ്ങളില്‍ കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തികൊണ്ട് ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അനിവാര്യമാണ്. ആയത് ഹയര്‍സെക്കൻഡറി ഒന്നാംവര്‍ഷ പ്രവേശനം പൂര്‍ത്തിയായാലുടന്‍ തന്നെ രൂപീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. നിലവില്‍ കുട്ടികളുടെ ഇടയിലും രക്ഷകര്‍ത്താക്കളുടെ ഇടയിലുമുണ്ടായിരിക്കുന്ന ഭീതി ഒഴിവാക്കുന്നതിനു കൗണ്‍സിലര്‍മാരുടെ സേവനമുറപ്പാക്കുന്നതിനും കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഹെഡ്മാസ്റ്റർ നടപടിയെടുക്കുന്നില്ലെന്ന് പരാതി
റാഗിങ് പരാതിയിൽ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ ഹെഡ്മാസ്റ്റർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സ്കൂളിനു മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. സ്കൂൾ സന്ദർശിച്ച സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആന്റണി രാജുവിനു മുന്നിലും ഇവർ പ്രതിഷേധിച്ചു. തുടർന്ന് പ്രശ്ന പരിഹാരത്തിനായി മന്ത്രി വി.ശിവൻകുട്ടി പിടിഎയുടെയും രക്ഷിതാക്കളുടെയും സ്കൂൾ മേലധികാരികളുടെയും യോഗം വിളിച്ചിരുന്നു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണു സംഭവം നടന്നത്. സ്കൂളിലെ ശുചിമുറി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രൈമറി ക്ലാസുകളിലെ കുട്ടികളെ മുതിർന്ന വിദ്യാർഥികൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി. സംഭവത്തിന്റെ മാനസികാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഒരു വിദ്യാർഥിയുടെ രക്ഷകർത്താവ് സമൂഹമാധ്യത്തിൽ കുറിപ്പിട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. പിന്നാലെ സമാന അനുഭവമുണ്ടായ മറ്റു കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി. പൊലീസിൽ പരാതിയും നൽകി.
ഉപദ്രവിച്ച കുട്ടികളെ കണ്ടെത്താൻ മ്യൂസിയം പൊലീസ് സ്കൂളിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. യൂണിഫോം ധരിക്കാത്ത, മാസ്ക് അണിഞ്ഞിരുന്ന വിദ്യാർഥികളാണ് ഉപദ്രവിച്ചതെന്നാണു കുട്ടികൾ പറയുന്നത്.
അതേസമയം സ്കൂളിന്റെ സൽപേരിന് കളങ്കം വീഴ്ത്താൻ ചിലർ ചേർന്നു നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്നാണ് പിടിഎ–സ്കൂൾ മാനേജിങ് കമ്മിറ്റി പ്രതിനിധികളുടെ ആരോപണം. പരാതി പറഞ്ഞ കുട്ടിയുടെ പേര് പരസ്യമായി ഉന്നയിച്ച് സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ ആർ.പ്രദീപ് ആരോപണം ഉന്നയിച്ചതും വിവാദമായി. പ്രിൻസിപ്പൽ ഇൻചാർജ് ആയ സ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെയാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. സ്കൂളിൽ ഇത്തരത്തിൽ പല സംഭവങ്ങൾ നടന്നിട്ടും പ്രധാനാധ്യാപകൻ നടപടിയെടുക്കാത്തതാണ് പ്രശ്നം വഷളാക്കിയെന്ന് ഇവർ പറയുന്നു.
ഇദ്ദേഹത്തിനെതിരെ മുൻപ് ഗുരുതരമായ കേസും അറസ്റ്റും വകുപ്പ് തല നടപടിയും ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇത്രയും പേരുകേട്ട സ്കൂളിന്റെ തലപ്പത്തെത്തിയതെന്നാണ് ആരോപണം. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഹെഡ്മാസ്റ്റർ തയാറായില്ല.
English Summary: Ragging complaint at Cotton Hill school is not genuine, says DDE report