ADVERTISEMENT

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാഞ്ഞതിനെത്തുടർന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിൽ മൃതദേഹം ബാങ്കിനു മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് മന്ത്രി ഡോ. ആർ.ബിന്ദു.

മൃതദേഹം പ്രദർശനവസ്തുവാക്കിയത് അപലപനീയം തന്നെയാണ്. പൊതുദർശനത്തിന് വയ്ക്കാൻ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികളുടേത് മോശം പ്രവർത്തനമാണ്. മരണം ദാരുണമാണ്. പക്ഷേ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു ശരിയല്ല. ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിനു പണം നൽകിയിട്ടുണ്ട്.

ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. ഈ സംഭവം വളരെ ഗൗരവത്തോടെയാണ് സർക്കാർ എടുത്തിട്ടുളളത്. ബാങ്ക് ജീവനക്കാർ മോശമായി ദേവസിയോട് പെരുമാറിയിട്ടുണ്ടെങ്കിൽ അത‌ു പരിശോധിക്കാം. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ട്. നിക്ഷേപകരെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ചു പദ്ധതി തയാറാക്കും.

ബാങ്കിനുള്ള കൺസോർഷ്യം എന്ന ലക്ഷ്യം തകർത്തതിനു പിന്നിലും ആർബിഐയ്ക്കു പരാതി അയച്ചതിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ബാങ്കിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള കൺസോർഷ്യം രൂപീകരിച്ചിരുന്നെങ്കിൽ ബാങ്കിന്റെ പ്രതിസന്ധിക്കു വലിയ പരിഹാരമാകുമായിരുന്നു. കൺസോർഷ്യം രൂപീകരണത്തിന് ആർബിഐ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ആ നിബന്ധനകൾ സംബന്ധിച്ച് സർക്കാർ തലത്തിൽ ആലോചനകൾ നടന്നുവരികയാണ്.

അതിനിടെയാണു രാഷ്ട്രീയ ലക്ഷ്യമുള്ള ആളുകൾ നിരന്തരം ആർബിഐക്കു പരാതി അയച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. കൺസോർഷ്യം രൂപീകരിക്കുന്നതിൽ മറ്റു ബാങ്കുകൾ സഹകരിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. കൺസോർഷ്യത്തെ തകർക്കാൻ പരാതി അയയ്ക്കുന്നത് ആരാണെന്നു പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

English Summary: R Bindu on Karuvannur Bank Depositor Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com