ADVERTISEMENT

കൊൽക്കത്ത∙ തന്റെ ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടേതാണെന്ന് മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അർപിത മുഖർജി. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അർപിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റുകളിൽനിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വർണവും റെയ്ഡിൽ പിടിച്ചെടുത്തു. തന്റെ ഫ്ലാറ്റുകളെ പാർഥ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അർപിത പറഞ്ഞതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.

ഫ്ലാറ്റുകളിൽ കണക്കിൽപ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അർപിത ഇഡിയോടു പറഞ്ഞതായാണ് വിവരം. ‌പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്ലാറ്റിൽ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്കു പ്രവേശനമുണ്ടായിരുന്നില്ലെന്നും അർപിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റിൽനിന്ന് നോട്ടുകെട്ടുകൾക്കും സ്വർണാഭരണങ്ങൾക്കും പുറമേ സെക്‌സ് ടോയ്കളും കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. ഒരു വെള്ളിത്തളികയും കണ്ടെടുത്തു. ബംഗാളി കുടുംബങ്ങളിൽ പരമ്പരാഗതമായി നവവധൂവരൻമാർക്കു നൽകുന്നതാണ് ഇത്. ഇത്തരം തളികകൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് സങ്കൽപം.

1248-arpita-mukherjee
നടി അർപിത മുഖർജി: ചിത്രം: instagram.com/arrpietaitsme

അർപിതയുടെ ഫ്ലാറ്റിൽ സെക്‌സ് ടോയ്‌കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാർഥ ചാറ്റർജിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഈ വിഷയത്തിലും അർപിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അർപിതയ്ക്കു നൽകിയത്, ഓൺലൈനിൽ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ ഇഡി ചോദിച്ചറിയും. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുക.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പാർഥയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ബെൽഗാരിയ മേഖലയിലെ രണ്ടു ഫ്ലാറ്റുകളിൽ ബുധനാഴ്ചയാണ് ഇഡി തിരച്ചിൽ നടത്തിയത്. ഇവിടെ നിന്ന് ചില നിർണായകരേഖകളും ലഭിച്ചതായി ഇഡി അറിയിച്ചു. പാർഥയും അർപ്പിതയും ഇഡിയുടെ കസ്റ്റഡിയിലാണ്.

English Summary: Arpita Mukherjee says she had no access to rooms where money was kept: ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com