ADVERTISEMENT

ന്യൂഡൽഹി ∙ തുടർച്ചയായി അപകടത്തിൽപ്പെടുന്ന മിഗ്-21 യുദ്ധവിമാനം 2025 ഓടെ പൂർണമായി ഒഴിവാക്കാൻ വ്യോമസേന. ഇതിന്റെ ആദ്യപടിയെന്നോണം സെപ്റ്റംബർ അവസാനത്തോടെ ഒരു സ്‌ക്വാഡ്രൺ ഒഴിവാക്കും. സുഖോയ് 30 എംകെഐയും ഇന്ത്യൻ നിർമിത തേജസും വച്ചാകും മിഗ് 21ന്‍റെ വിടവ് നികത്തുക.

1963ലാണ് സോവിയറ്റ് നിര്‍മിത മിഗ്-21 യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്നത്. അന്ന് മുതൽ ഇന്ന് വരെ നാന്നൂറിലേറെ അപകടങ്ങളിലായി 200 പൈലറ്റുമാർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാർമറിൽ മിഗ്-21 ബൈസൺ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.

ഇതിനിടെയാണ് മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കാനുള്ള ആലോചന ശക്തമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലെ 51-ാം സ്‌ക്വാഡ്രണാണ് ഈ സെപ്റ്റംബർ അവസാനത്തോടെ ഒഴിവാക്കുക. അതോടെ വ്യോമസേനയിൽ മിഗ്-21 വിമാനങ്ങളുടെ മൂന്ന് സ്‌ക്വാഡ്രണാണ് അവശേഷിക്കുക. വരുന്ന ഓരോ വർഷവും ഓരോ സ്‌ക്വാഡ്രൺ ഒഴിവാക്കി 2025ൽ അവസാന സ്‌ക്വാഡ്രനും ഇല്ലാതാക്കാനാണു നീക്കം.

2019 ഫെബ്രുവരി 27ന്, വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് -21 ബൈസൺ യുദ്ധവിമാനം, പാക്കിസ്ഥാന്റെ എഫ്-16നെ, നേര്‍ക്കുനേരുള്ള ആകാശപ്പോരാട്ടത്തില്‍ വീഴ്ത്തിയിരുന്നു. അന്ന് ശ്രീനഗറിലെ 51–ാം സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു അഭിനന്ദൻ പറത്തിയ മിഗ്-21. ഏറെ അഭിമാനകരമായ നേട്ടമായി ഈ പോരാട്ടത്തെ കരുതിയിരുന്നെങ്കിലും കാലപ്പഴക്കവും സാങ്കേതികമായി പിന്നാക്കം നിൽക്കുന്നതുമായ മിഗ്-21നെ വേഗത്തിൽ ഒഴിവാക്കാൻ വ്യോമസേന വളരെ നേരത്തേ ആലോചന തുടങ്ങിയിരുന്നു.

കഴിഞ്ഞ 20 മാസത്തിനിടെ ആറ് അപകടങ്ങളിലായി മിഗ്-21 പറത്തിയ അഞ്ച് പൈലറ്റുമാർക്കാണ് ജീവൻ നഷ്ടമായത്. എല്ലാത്തിന്റേയും കാരണം സാങ്കേതിക തകരാറുകളായിരുന്നു.

English Summary: Indian Air Force says will retire all squadrons of MiG-21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com