ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മാപ്പു പറയാതെ ലോക്സഭ പ്രവർത്തിക്കില്ലെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു അധീർ രഞ്ജൻ ചൗധരി വിശേഷിപ്പിച്ചതാണ് വിവാദമായത്. സംഭവത്തിൽ സോണിയ ഗാന്ധി മാപ്പു പറയണമെന്നാണ് ബിജെപിയുടെ ആവശ്യം.

കോൺഗ്രസും അധീർ രഞ്ജൻ ചൗധരിയും മാപ്പു പറയണം എന്നു ബിജെപി ആവശ്യം ഉന്നയിച്ചതിനു മറുപടിയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്ന് പ്രതിപക്ഷവും ആവശ്യം ഉയർത്തി. ലോക്സഭ 11ന് ചേർന്നപ്പോൾ കോൺഗ്രസിന്റെ എംപിമാരുൾപ്പെടെ കുറച്ചു പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബിജെപിയുടെ വനിതാ അംഗങ്ങളും ട്രെഷറി ബെഞ്ചിനു സമീപം രണ്ടാം നിരയിൽനിന്ന് ബഹളം വച്ചു. ചെയറിൽ ഉണ്ടായിരുന്ന കിരിത് സോളങ്കി അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരു കൂട്ടരുടെയും ബഹളത്തെത്തുടർന്ന് ലോക്സഭ 12 മണിവരെ നിർത്തിവച്ചു. പിന്നാലെ പ്രതിപക്ഷം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം നടത്തി.

തനിക്കു നാക്കുപിഴ സംഭവിച്ചതാണെന്നും ഹിന്ദി മാതൃഭാഷയല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നുമാണ് ചൗധരിയുടെ വിശദീകരണം. വിഷയത്തിൽ രാഷ്ട്രപതിയെ നേരിട്ടുകണ്ടു മാപ്പുപറയാമെന്നും അദ്ദേഹം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

‘ഗോത്ര വർഗത്തെ അപമാനിക്കുന്നതിനോട് ബിജെപി ഒരിക്കലും സഹിഷ്ണുത പുലർത്തില്ല. സോണിയ ഗാന്ധി മാപ്പു പറഞ്ഞാൽ മാത്രമേ ലോക്സഭ ഇനി പ്രവർത്തിക്കൂ. ജനാധിപത്യത്തെയും പാർലമെന്റിനെയും ദുരുപയോഗം ചെയ്യുന്ന കാര്യത്തിൽ കോണ്‍ഗ്രസിന് ചരിത്രമുണ്ട്. 2012ൽ ഗാന്ധി കുടുംബത്തിന്റെ ട്രസ്റ്റിനെതിരെ സംസാരിച്ചതിന് അന്നത്തെ ബിജെപി അധ്യക്ഷനായ രാജ്നാഥ് സിങ്ങിനെതിരെ 10 നോട്ടിസുകളാണ് കോൺഗ്രസ് അയച്ചത്’ – ദുബെ നിരവധി ട്വീറ്റുകളിലൂടെ പറഞ്ഞു.

English Summary: LS will function only after Sonia Gandhi apologizes for Cong MP's remark on Prez: BJP leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com