ദക്ഷിണാഫ്രിക്കയിൽ തോക്കിൻ മുനയിൽ 8 മോഡലുകളെ കൂട്ടബലാത്സംഗം ചെയ്‌തു; 65 പേർ പിടിയിൽ

Mail This Article
ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്ഡോർപ്പിൽ മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ക്രുഗെർസ്ഡോർപ്പിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ 65 പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനു ശേഷം യുവതികൾ അടക്കം ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബൽ ഫോണും വസ്‌ത്രങ്ങളും സംഘം കവർന്നു. ക്രുഗെർസ്ഡോർപ്പിൽ അനധികൃതമായി ധാരാളം ഖനികൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ മാഫിയ സംഘം സജീവമാണെന്നു പൊലീസ് പറയുന്നു.
പാസ്‌പോർട്ടും ക്യാമറയും വരെ സംഘം കവർന്നതായും വാച്ചുകളും ആഭരണങ്ങളും വസ്‌ത്രങ്ങളും അഴിച്ചെടുത്തതായും അതിജീവിതയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു. സംഭവം നടക്കുമ്പോൾ 12 സ്ത്രീകളും 10 പുരുഷൻമാരും സെറ്റിലുണ്ടായിരുന്നു. ആയുധധാരികളായ സംഘം പൊടുന്നനേ സെറ്റിൽ പ്രവേശിക്കുകയായിരുന്നു. അവർ എല്ലാവരോടും കമിഴ്‍ന്നു കിടക്കുവാൻ ആവശ്യപ്പെട്ടു. ആകാശത്തേക്ക് വെടിയുതിർത്തു. എല്ലാവരും മുഖംമുടി ധരിച്ചിരുന്നു. കട്ടികൂടിയ കമ്പിളി പുതച്ചിരുന്നു. അവർ ഞങ്ങളെ കൊള്ളയടിച്ചു. എട്ട് യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു– യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു.
വെള്ളിയാഴ്ച മൂന്നുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളിലായി കുറ്റവാളികൾക്കായി വ്യാപകമായ തിരച്ചിൽ നടന്നിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് വെടിവയ‌്‌പിൽ ഒരാൾക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ സംഭവത്തെ അപലപിച്ചു. ദാരുണമായ അതിക്രമമാണ് നടന്നതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും റമഫോസ പറഞ്ഞു. ഇന്നലെ മൂന്നു പേരെ അറസ്റ്റ് ചെയ്‌തുവെന്നാണ് ഞാൻ പറഞ്ഞത്, ഇന്ന് എണ്ണം 65 ആയിരിക്കുന്നു– പൊലീസ് മന്ത്രി ഭേകി സെലെ പറഞ്ഞു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട നാലു പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായും ഭേകി സെലെ പറഞ്ഞു.
English Summary: 65 arrested following women's rape, robbery at music video shoot in Krugersdorp