ADVERTISEMENT

മുംബൈ∙ ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പുറത്താക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി തകരുമെന്ന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ പ്രസ്താവന വിവാദത്തിൽ. വെള്ളിയാഴ്ച അന്ധേരിയിൽ ഗവർണർ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഗുജറാത്തികളെയും രാജസ്ഥാനികളെയും മുംബൈയിൽ നിന്ന് പ്രത്യേകിച്ച് താനെയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ പിന്നെ എന്ത് മുംബൈ, എന്ത് താനെ, ഇവിടെ ഒരു ധനവും അവേശേഷിക്കാൻ പോകുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി തകരും. പിന്നെ മുംബൈയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതി തുടരാൻ കഴിയില്ല– എന്നായിരുന്നു പ്രസംഗത്തിൽ ഭഗത് സിങ് കോഷിയാരി പറഞ്ഞത്. ഗുജറാത്തികളും രാജസ്ഥാനികളും പണം മാത്രം നോക്കുന്നവരല്ലെന്നും നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്നും കോഷിയാരി കൂട്ടിച്ചേർത്തു.

കോഷിയാരിയുടെ പ്രസ്‌താവനയ്ക്കെതിരെ വൻ പ്രതിധേഷവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. പ്ര‌സ്താവനയോട് രൂക്ഷഭാഷയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എംപി പ്രതികരിച്ചത്. പതിറ്റാണ്ടുകളായി തുടരുന്ന മറാത്തി-ഗുജറാത്തി സംഘർഷം കത്തിപ്പടരുമ്പോൾ ഗവർണർ നടത്തിയ പ്രസംഗം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നു സഞ്ജയ് റാവുത്ത് പറഞ്ഞു. ബിജെപി സ്പോൺസേർഡ് ഗവർണർ മറാത്തികളെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തിട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മൗനം പാലിക്കുകയാണെന്ന് സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.

‘ഷിൻഡെ, നിങ്ങൾ ഗവർണറുടെ  പ്രസ്‌താവനയെ അപലപിക്കുകയെങ്കിലും ചെയ്യുക. ഗവർണറുടെ പ്രസ്‌താവന കഠിനാദ്ധ്വാനം ചെയ്യുന്ന മറാത്തികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ്’ – സഞ്ജയ് റാവുത്ത് എംപി ട്വീറ്റ് ചെയ്‌തു. ഏക്നാഥ് ഷിൻഡെയുടെ ഭരണത്തിൽ കീഴിൽ മറാത്തികൾ തുടരെ തുടരെ അപമാനിതരാകുകയാണെന്നും മഹാരാഷ്ട്രയും മറാത്തികളും യാചകരാണെന്നാണ് ഗവർണർ സൂചിപ്പിച്ചതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. 

കോൺഗ്രസ് നേതാവ് സച്ചിൻ സാവന്തും ഗവർണർക്കെതിരെ രംഗത്തു വന്നു. പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഗവർണർ മറാത്തികളെ അപമാനിച്ചുവെന്നും സാവന്ത് പറഞ്ഞു. സേനാ എംപി പ്രിയങ്ക ചതുര്‍വേദിയും പ്രസ്താവനയെ ചോദ്യം ചെയ്‌തു. മറാത്തികളെ അപമാനിച്ച ഗവർണറെ ആ സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടത്. ചോരയും നീരും ഒഴുക്കി മഹാരാഷ്ട്രയെ കെട്ടിപ്പെടുക്കാൻ കഠിനാദ്ധ്വാനം ചെയ്‌ത മറാത്തികളെ നിന്ദിക്കുകയാണ് ഗവർണർ ചെയ്‌തതെന്നും  പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. എന്നാൽ പ്രസ്‌താവന വിവാദമാക്കേണ്ട കാര്യമില്ലെന്നും സാമ്പത്തിക തലസ്ഥാനമെന്ന പദവിയിലേക്ക് മുംബൈയെ കൈപിടിച്ചുയർത്താൻ ഗുജറാത്തികളും രാജസ്ഥാനികളും നൽകിയ സംഭാവനകളെ സ്മരിക്കുക മാത്രമാണ് ഗവർണർ ചെയ്‌തെന്നു രാജ്ഭവൻ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

English Summary: Maharashtra Governor's Remarks Create Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com