ADVERTISEMENT

തൃശൂർ ∙ ഐക്യമെന്നത് ഏകരൂപമല്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മനോരമ ന്യൂസ് കോൺക്ലേവ് 2022ൽ മുഖ്യാതിഥിയായി ചെന്നൈയിൽനിന്ന് ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരുമയോടെ ഇരിക്കുന്നത് എങ്ങനെയെന്നു പലർക്കും മനസ്സിലാകുന്നില്ല. ഒരുമ എന്ന മൂല്യത്തെ നമ്മൾ കാത്തുസൂക്ഷിക്കുമ്പോൾ നമ്മൾ രാജ്യത്തെ തന്നെയാണു സംരക്ഷിക്കുന്നത്. ഈ മൂല്യങ്ങളെ ബലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്നാൽ ഒരു ഏക സർക്കാരല്ല, സർക്കാരുകളുടെ കൂടിച്ചേരലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും സംരക്ഷിച്ചാൽ മാത്രമെ ഇന്ത്യയെ സംരക്ഷിക്കാനാവൂ. ഇന്ത്യയുടെ ഫെഡറലിസം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ജവാഹർലാൽ നെഹ‌്റു ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു എന്നതു ശ്രദ്ധേയമാണ്. സംസ്ഥാനങ്ങൾക്കു പദവികളും അധികാരങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. 

എല്ലാവർക്കും ഒരു മതം എന്നത് അംഗീകരിക്കാനാവാത്തതു പോലെ ഒരു ഭാഷ എന്നതും അംഗീകരിക്കാനാവില്ല. ഇവിടെ ജനങ്ങൾ ഒരുപാടു മതങ്ങൾ അനുവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഒറ്റ സംസ്കാരമല്ല ഉള്ളത്. എല്ലാത്തിനും വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും നമ്മളെ ചേർത്തു നിർത്തുന്നത് സ്നേഹവും സാഹോദര്യവുമാണ്. ഏകഭാഷ, ഏക സംസ്കാരം എന്ന വാദം അടിച്ചേൽപ്പിക്കുന്നവർ നമ്മുടെ ഒരുമയെ തകർക്കുകയാണ് ചെയ്യുന്നത്. ഒരുമയെ തകർക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്. ഈ ദുഷ്ട ശക്തികൾക്ക് ഇവിടെ സ്ഥലം കൊടുക്കരുത്.

ഒറ്റ ഭാഷ നടപ്പാക്കാൻ ശ്രമിക്കുന്നതു പ്രാദേശിക ഭാഷകള്‍ ക്രമേണ ഇല്ലാതാകുന്നതിനു കാരണമാകും. എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിലിനെ ഉദ്ധരിച്ചുകൊണ്ടാണ് സ്റ്റാലിൻ ഇതു വ്യക്തമാക്കിയത്. മലയാളത്തിൽ ശിഹാബുദ്ദീൻ എഴുതിയ ലേഖനത്തിന്റെ തമിഴ് പരിഭാഷ വായിച്ചിരുന്നു. അതിൽ തമിഴിൽ പുതിയ കണ്ടുപിടുത്തങ്ങൾക്കു പോലും തനതായ വാക്കുകൾ ഉണ്ടെന്നും മലയാളത്തിന്റെ നല്ല നാട്ടുവാക്കുകൾ ഇപ്പോൾ കേൾക്കാനില്ലാതായെന്നും പറയുന്നുണ്ട്. മലയാളികൾ ആ ലേഖനം വായിക്കണം എന്നാണ് ആഗ്രഹം.

ഇന്ത്യയ്ക്ക് ഒരു ദേശീയ ഭാഷ സാധ്യമല്ല. മലയാളവും തമിഴും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചു പറഞ്ഞ സ്റ്റാലിൻ, അന്യഭാഷകളുടെ കടന്നുവരവിനെ തമിഴ് എങ്ങനെ തടുത്തു എന്നും വ്യക്തമാക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎമ്മുമായുള്ള അടുപ്പത്തെക്കുറിച്ചും ചോദ്യങ്ങൾക്കു മറുപടിയായി സ്റ്റാലിൻ വിശദീകരിച്ചു.

English Summary: Tamil Nadu CM MK Stalin's speech in Manorama News Conclave 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com