ADVERTISEMENT

മുംബൈ∙ ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽനിന്നു പുറത്താക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി തകരുമെന്ന മഹാരാഷ്ട്ര ഗവർണർ ഭഗത്‌സിങ് കോഷിയാരിയുടെ പരാമർശത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഹിന്ദുക്കളെ വിഭജിക്കുന്നതാണ് കോഷിയാരിയുടെ വാക്കുകളെന്നു പറഞ്ഞ ഉദ്ധവ്, ഗവർണർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.

‘മറാഠി സംസാരിക്കുന്ന, ഈ മണ്ണിൽ പിറന്നവർക്ക് ഗവർണറുടെ പരാമർശം അപമാനകരമാണ്. അദ്ദേഹത്തെ വീട്ടിലേക്കാണോ അതോ ജയിലിലേക്കാണോ അയയ്ക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കണം. രാഷ്ട്രപതിയുടെ സന്ദേശവാഹകനാണ് ഗവർണർ. ഗവർണറാണ് രാഷ്ട്രപതിയുടെ സന്ദേശം രാജ്യത്തെങ്ങും പ്രചരിപ്പിക്കുന്നത്. എന്നാൽ അദ്ദേഹം ഇത്തരത്തിൽ തെറ്റു ചെയ്യുന്നതു തുടർന്നാൽ ആരു നടപടിയെടുക്കും. അദ്ദേഹം മറാഠികളുടെയും അവരുടെ അഭിമാനത്തെയുമാണ് അപമാനിച്ചിരിക്കുന്നത്’– ഉദ്ധവ് പറഞ്ഞു. ശിവസേന എംപി സഞ്ജയ് റാവുത്തും ഗവർണറുടെ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാൽ ഗവർണറുടെ പ്രസ്താവനയോടു പ്രതികരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തയാറായില്ല. ഗവർണർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോട് യോജിക്കുന്നില്ലെന്നും പറഞ്ഞ് ഷിൻഡെ ഒഴിഞ്ഞുമാറി. ‘മുംബൈയെ കുറിച്ചുള്ള കോഷിയാരിയുടെ കാഴ്ചപ്പാടിനോടു യോജിപ്പില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. അദ്ദേഹം ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആളാണ്. അതിനാൽതന്നെ അദ്ദേഹത്തിന്റെ പ്രവർത്തികൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.’– ഷിൻഡെ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച അന്ധേരിയിൽ ഗവർണർ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഗുജറാത്തികളെയും രാജസ്ഥാനികളെയും മുംബൈയിൽനിന്ന് പ്രത്യേകിച്ച് താനെയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ പിന്നെ എന്ത് മുംബൈ, എന്ത് താനെ, ഇവിടെ ഒരു ധനവും അവേശേഷിക്കാൻ പോകുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി തകരും. പിന്നെ മുംബൈയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതി തുടരാൻ കഴിയില്ല– എന്നായിരുന്നു പ്രസംഗത്തിൽ ഭഗത് സിങ് കോഷിയാരി പറഞ്ഞത്. ഗുജറാത്തികളും രാജസ്ഥാനികളും പണം മാത്രം നോക്കുന്നവരല്ലെന്നും നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്നും കോഷിയാരി കൂട്ടിച്ചേർത്തു.

English Summary: Uddhav Thackeray Slams Governor's "Gujaratis" Remark, E Shinde Distances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com