ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്‌ത് കോൺഗ്രസ്. ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്‌ചാപ്, നമൻ ബിക്സൽ കോംഗാരി എന്നിവർക്കെതിരെയാണ് നടപടി. ബംഗാളിൽ ഹൗറ ജില്ലയിൽ ശനിയാഴ്ച രാത്രിയോടെ കാറിൽ വൻ തുക കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഎൽഎമാർ കുടുങ്ങിയത്.

സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലപാടിലായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഗൂഢാലോചനയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന് ജാര്‍ഖണ്ഡ് പിസിസി പ്രസിഡന്റ് രാജേഷ് താക്കൂര്‍ ആരോപിച്ചിരുന്നു. ജാർഖണ്ഡിലും താമര വിരിയിക്കാനുള്ള ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമായുള്ള കുടില തന്ത്രമെന്നായിരുന്നു സംസ്ഥാന നേതൃത്വം വിശേഷിപ്പിച്ചത്. എന്നാൽ ജാര്‍ഖണ്ഡിലെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ വാർത്താസമ്മേളനത്തിൽ നാടകീയമായി എംഎൽഎമാർക്കെതിരെ നടപടി പ്രഖ്യാപിക്കുകയായിരുന്നു.

എംഎൽഎമാർക്ക് ബന്ധമുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ലെന്നു പറഞ്ഞ അവിനാഷ് പാണ്ഡെ, സംഭവം ബിജെപി ഗൂഢാലോചനയാണെന്ന് ആവർത്തിച്ചു. തങ്ങളുടേതല്ലാത്ത സർക്കാരിനെ ഗൂഢാലോചനയിലൂടെ താഴെയിറക്കാൻ ബിജെപി ഏത് അറ്റം വരെ പോകുമെന്നും അവിനാഷ് പാണ്ഡെ പറഞ്ഞു.

ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുന്നതിന് നോട്ടെണ്ണൽ യന്ത്രം എത്തിക്കേണ്ടി വരുമെന്നു പൊലീസ് അറിയിച്ചിരുന്നു. സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽനിന്ന് ഇഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതേ തുടർന്ന് പാർഥയെ തൃണമൂലിൽനിന്ന് പുറത്താക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ബംഗാളിൽ പിടിയിലാകുന്നത്.  

English Summary : After Blaming BJP, Congress Suspends 3 Jharkhand MLAs Caught With Cash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com