ADVERTISEMENT

മുംബൈ ∙ ശിവസേന എംപി സഞ്ജയ് റാവുത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. വസതിയിലെ ചോദ്യം ചെയ്യലിനും റെയ്‍ഡിനും ഒടുവിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇഡി മുംബൈയിലെ ബാൻഡുപ്പിലുള്ള സഞ്ജയ് റാവുത്തിന്റെ വസതിയിൽ എത്തിയത്.

ജൂലൈ 20നും 27നും ഇഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഇഡി എത്തിയത്. ജൂലൈ ഒന്നിന് ഇഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. കൂട്ടാളികളായ പ്രവീൺ റാവത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ.

Enforcement Directorate Raid Sanjay Raut residence | Photo: ANI, Twitter
സഞ്ജയ് റാവുത്തിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)

ഗോരെഗാവ് മേഖലയിലെ പത്ര ചൗൾ പുനർവികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

അതിനിടെ, ‘മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന്’ സഞ്ജയ് റാവുത്ത് ഞായറാഴ്ച ട്വീറ്റ് ചെയ്തു. ‘തെറ്റായ നടപടി, തെറ്റായ തെളിവുകൾ. ഞാൻ ശിവസേന വിടില്ല. ഞാൻ മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ല’– എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയിരുന്നു.

English Summary: Enforcement Directorate officials at Shiv Sena MP Sanjay Raut's residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com