ADVERTISEMENT

ന്യൂഡൽഹി ∙ വിമാനത്താവളത്തിനുള്ളിൽ നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിനു സമീപത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി. ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിനു സമീപത്തേക്ക് പാഞ്ഞെത്തിയ കാർ, വിമാനത്തിന്റെ മുൻവശത്തെ ടയറിൽ ഇടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയ കാർ മുൻ ടയറിനു സമീപം കിടക്കുന്നത് വിഡിയോയിൽ കാണാം.

ഡൽഹിയിൽനിന്ന് പട്‌നയിലേക്കു പോകാൻ തയാറെടുത്തുനിന്ന വിമാനമാണ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഗോ ഫസ്റ്റ് എയർലൈനിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് വിമാനത്തിനു തൊട്ടടുത്തെത്തി നിന്നത്. വിമാനം പിന്നീട് പട്നയിലേക്കു പറന്നു. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.

കാർ ഡ്രൈവർക്ക് സംഭവിച്ച അബദ്ധം മാത്രമാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നതിനു പിന്നാലെ കാർ ഡ്രൈവറെ മെഡിക്കൽ പരിശോധിയ്ക്ക് വിധേയനാക്കിയിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. അമിത ജോലി കാരണം ഡ്രൈവർ ക്ഷീണിതനായതാകാം ഇത്തരമൊരു അപകടത്തിലേക്കു നയിച്ചതെന്നാണ് അനുമാനം.

വാഹനം നിയന്ത്രണം വിട്ട് വിമാനത്തിന് അടുത്തെത്തിയെങ്കിലും ടയറിൽ ഇടിക്കും മുൻപേ ഡ്രൈവർക്ക് നിയന്ത്രിക്കാനായതാണ് അപകടമൊഴിവാക്കിയത്. ഇതോടെ വിമാനത്തിന് യാതൊരു കേടുപാടും സംഭവിച്ചില്ല. അപകടത്തിൽ ആർക്കും പരുക്കുമില്ല.

English Summary: "Car Driver Who Nearly Hit IndiGo Plane May Have Been Overworked": Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com