ADVERTISEMENT

കോഴിക്കോട് ∙ ലിംഗസമത്വ യൂണിഫോമിനെതിരെ വിവാദ പരമാർശം നടത്തിയ എം.കെ.മുനീർ എംഎൽഎയ്ക്കെതിരെ സിപിഎം നേതാവ് പി.ജയരാജൻ. ആരോഗ്യ ശാസ്ത്രത്തിൽ ഡോക്ടർ ബിരുദമുള്ള ഒരാളിൽനിന്ന് വന്ന ഇത്തരത്തിലുള്ള പരാമർശം അംഗീകരിക്കാനാവില്ലെന്ന് ജയരാജൻ പറഞ്ഞു. ശാസ്ത്രബോധം ഉണ്ടായിരുന്നെങ്കിൽ ഒരേസമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും വിളമ്പുമായിരുന്നില്ല. കേരള മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉൾപ്പെടുത്തി നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ലെന്നും ജയരാജൻ പറഞ്ഞു.

ജെന്‍ഡർ ന്യൂട്രാലിറ്റി എന്ന പേരില്‍ നടത്തുന്നത് സ്ത്രീകളോടുള്ള വിവേചനമാണെന്നാണ് മുനീർ പറഞ്ഞത്. ആണുങ്ങളുടെ വസ്ത്രം സ്ത്രീകളെ കൊണ്ടു ധരിപ്പിച്ച് ആണ്‍കോയ്മ വളര്‍ത്തുന്നു. യാത്രകളില്‍ ഭാര്യയെ കൊണ്ട് പാന്റ് ധരിപ്പിക്കുന്നതിനു പകരം പിണറായി വിജയനു സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണു കുഴപ്പമെന്നും മുനീർ ചോദിച്ചിരുന്നു.

ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റ്

ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിന്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിന്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാൽ അത്തരക്കാരിൽ ചിലർ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കെതിരു നിന്നാൽ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് ലീഗ് നേതാവ് എം.കെ.മുനീർ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.

ഇവിടെ ഡോ.എം.കെ.മുനീർ എന്നു വിശേഷിപ്പിക്കാത്തത് ബോധപൂർവമാണ്. ആരോഗ്യ ശാസ്ത്രത്തിൽ ഡോക്ടർ ബിരുദമുള്ളയാളാണ് മുനീർ. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാ രീതികളിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? മുനീർ അംഗീകരിച്ചാലുമില്ലെങ്കിലും എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

ഒരു കാലത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കു നയിച്ചത്. മത വിദ്യാഭ്യാസം മാത്രം മതിയെന്നും പൊതു വിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്കു വന്നത്. വിദ്യാർഥി-വിദ്യാർഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിനു വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയേയും ഉൾപ്പെടുത്തി താങ്കൾ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല.

താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല. സയൻസ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്ര ബോധം എന്നു വിളിക്കുന്നത്. ശാസ്ത്ര ബോധത്തിനു നേരെ ബിജെപി നേതൃത്വവും കേന്ദ്ര സർക്കാരും നേരിട്ട് കടന്നാക്രമണങ്ങൾ നടത്തുന്ന ഘട്ടത്തിൽ താങ്കളും മറ്റൊരു തലത്തിൽ അതോടൊപ്പം ചേരുകയാണ്. സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുത്.

English Summary : P.Jayarajan against MK Muneer on his controversial statement on gender neutral uniform
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com