ADVERTISEMENT

തായ്പെയ് ∙ യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ദിവസം കടുത്ത പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ. പെലോസി മടങ്ങിയ ബുധനാഴ്ച മാത്രം 27 ചൈനീസ് സൈനിക വിമാനങ്ങൾ തയ്‌വാന്റെ വ്യോമമേഖലയിലേക്ക് കടന്നുകയറിയതായി തയ്‌വാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിനു തൊട്ടുപിന്നാലെ തയ്‌വാനു ചുറ്റും ചൈന ആറു ദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് 27 ചൈനീസ് സൈനിക വിമാനങ്ങൾ വ്യോമാതിർത്തി കടന്നെത്തിയതായി തയ്‌വാൻ സ്ഥിരീകരിച്ചത്. അതേസമയം, ചൈനയുടെ പ്രകോപനത്തിനു മറുപടിയായി തയ്‌വാൻ സ്വന്തം യുദ്ധവിമാനങ്ങൾ പറത്തിയതായും പ്രതിരോധ മിസൈലുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തയാറാക്കിയതായും റിപ്പോർട്ടുണ്ട്.

തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുഎസ് പ്രതിനിധിയുടെ സന്ദർശനത്തെ അവർ ശക്തിയുക്തം എതിർത്തതും. പെലോസിയുടെ സന്ദർശനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന ആവർത്തിക്കുകയും ചെയ്തു. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ യുഎസ് ഇടപെടരുതെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു പെലോസിയുടെ സന്ദർശനം.

ചൈനയെ നിരന്തരം വിമർശിക്കുന്ന പെലോസി തയ്‌വാനിൽ കാലുകുത്തിയതിനു പിന്നാലെയാണു ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളിൽ ചൈന സൈനിക അഭ്യാസം തുടങ്ങിയത്. ഏഷ്യ സന്ദർശനത്തിന്റെ അവസാനഘട്ടമായി, ചൊവ്വാഴ്ച വൈകിട്ടാണ് പെലോസി തയ്‌വാനിലെത്തിയത്. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‍വെൻ ഉൾപ്പെടെ നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ പെലൊസി, ബുധനാഴ്ച മടങ്ങിപ്പോയി.

English Summary: 27 China Jets Enter Taiwan's Air Defence Zone After Nancy Pelosi's Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com