ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികളിൽ ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വിശദീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. ജെൻഡർ ന്യൂട്രല്‍ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിനു നിർബന്ധബുദ്ധി ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം തുടരുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണം നീക്കിയിരുന്നെങ്കിലും, ഇനിമുതൽ സ്കൂളുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. ഹയർസെക്കൻഡറി സ്കൂളുകളിൽ ഹെഡ്മാസ്റ്ററിനു പകരം വൈസ് പ്രിൻസിപ്പൽ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

∙ ജെൻഡർ ന്യൂട്രല്‍ യൂണിഫോം

പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. ജെൻഡർ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്കൂളുകളില്‍ സ്കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. അത്തരം തീരുമാനം നടപ്പാക്കിയ സ്കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെയില്ല എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.

∙ സ്കൂളുകളിൽ മൊബൈൽ വേണ്ട

സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം. അമിതമായ ഫോൺ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. സ്കൂള്‍ ക്യാംപസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്കൂളിലേക്കു വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും വളരെ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുണ്ട്.

എന്നാല്‍, കോവിഡ് കാലഘട്ടത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, അധ്യാപകര്‍ നേരിട്ടു നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ്സുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികള്‍ക്ക് അധ്യയനം നടത്തേണ്ടി വന്നു. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം ക്ലാസ്സുകളുടെ വിനിമയത്തിനും അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഒഴിവാക്കാനാകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഇത്തരത്തില്‍ പഠന വിനിമയ പ്രക്രിയയുടെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഒഴിവാക്കാനാകാത്ത ഒരു സാഹചര്യം നിലവിലുണ്ടായിരുന്നതിനാലാണ് മൊബൈല്‍ ഫോണുകള്‍ ഇത്തരത്തില്‍ കുട്ടികൾ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നത്.

കുട്ടികള്‍ നേരിട്ട് സ്കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യം നിലവില്‍ വന്നതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തേണ്ട ആവശ്യം ഒഴിവായതിനാലും സ്കൂള്‍ ക്യാംപസിനകത്തും ക്ലാസ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.

∙ പാഠപുസ്തകങ്ങളിൽ അക്ഷരമാല

2022-23 അദ്ധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല നല്‍കും. ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിൽ അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്തങ്ങള്‍ വിതരണം ചെയ്യും.

∙ സംസ്ഥാന സ്കൂൾ കലോത്സവം

സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളില്‍ കോഴിക്കോട്ട് നടക്കും. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം 2022 ഒക്ടോബറില്‍ കോട്ടയത്തും സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം 2022 നവംബറില്‍ എറണാകുളത്തും സംസ്ഥാന സ്കൂള്‍ അത്‍ലറ്റിക് മീറ്റ് 2022 നവംബറില്‍ തിരുവനന്തപുരത്തും നടക്കും.

∙ മിക്സഡ് സ്കൂളുകൾ

നിലവില്‍ സംസ്ഥാനത്ത് 138 ഗവണ്‍മെന്‍റ് സ്കൂളുകളും 243 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടെ ആകെ 381 സ്കൂളുകളാണ് ഗേൾസ് /ബോയ്സ് സ്കൂളുകളായി ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 21 സ്കൂളുകള്‍ മിക്സഡാക്കിയിട്ടുണ്ട്. മതിയായ അടിസ്ഥാന സൗകര്യമുള്ളതും സ്കൂള്‍ പിടിഎ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ തിരുമാനം, എന്നിവ സഹിതം സ്കൂള്‍ മിക്സഡാക്കാന്‍ അപേക്ഷിക്കുന്ന സ്കൂളുകളെല്ലാം തന്നെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി മിക്സഡാക്കും.

English Summary: Minister V Sivankutty on Gender Neutral Uniform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com