ADVERTISEMENT

വാഷിങ്ടൻ∙ റഷ്യയിലെ ഉന്നതർക്കെതിരെ യുഎസ് പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിവാദ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിംപിക്സ് മെഡൽ ജേതാവും റഷ്യൻ പാർലമെന്റ് അംഗവുമായ അലീനയുടെ വീസ മരവിപ്പിച്ചെന്നാണ് യുഎസ് ട്രഷറി ഡിപാർട്മെന്റ് അറിയിച്ചത്. യുഎസ്സിലുള്ള അലീനയുടെ സ്വത്തുവകകൾ മരവിപ്പിക്കുകയും അലീനയുമായി ഇടപഴകുന്നതിൽനിന്ന് യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്തെന്നാണ് വിവരം. 

റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ സ്ഥാപനമായ നാഷനൽ മീഡിയ ഗ്രൂപ്പിന്റെ മേധാവിയാണ് അലീന. യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നാഷനൽ മിഡിയ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മേയിൽ യുകെയും ജൂണിൽ യൂറോപ്യൻ യൂണിയനും കബേവയ്ക്കു മേൽ യാത്രാ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ കുറിച്ചു നടത്തുന്ന പരാമർശങ്ങൾ വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് അലീന തന്റെ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും അതിനാൽ അവർക്ക് വിലക്കേർപ്പെടുത്തണമെന്നും ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി ആവശ്യപ്പെട്ടിരുന്നു. 

PUTIN-KABAYEVA
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അലീന കബയേവയും 2001ൽ ഒരു ചടങ്ങിനിടെ. ചിത്രം: SERGEI CHIRIKOV / POOL / AFP

1983 മേയ് 12നു ഉസ്ബെക്കിസ്ഥാനിൽ ജനിച്ച അലീന 2004ലെ ഏതൻസ് ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ ജിംനാസ്റ്റിക്സ് താരമാണ്. പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയിലൂടെയാണ് അലീന പാർലമെന്റിൽ എത്തുന്നത്. 2008ലാണ് ഇവർ പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. മോസ്കോ ആസ്ഥാനമാക്കി ഒരു മുൻ കെജിബി ചാരൻ നടത്തുന്ന പത്രമാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അക്കാലത്ത് പുടിൻ വിവാഹിതനായിരുന്നു.  5 വർഷങ്ങൾക്കു ശേഷം, തന്റെ ഭാര്യ ല്യൂദ്മില്ലയെ പുട്ടിൻ വിവാഹമൊഴിഞ്ഞു. ഇതോടെ അലീനയുടെ മേൽ റഷ്യക്കാരുടെ ശ്രദ്ധ ശക്തമായി. പുട്ടിൻ ഇവരെ വിവാഹം കഴിക്കുമെന്നായിരുന്നു ഉയർന്ന അഭ്യൂഹങ്ങൾ. അതേസമയം വിവാഹം ഇതുവരെ നടന്നിട്ടില്ല. എന്നാൽ രഹസ്യമായി വിവാഹം നടന്നെന്നും അലീനയിൽ പുട്ടിന് ഇരട്ടക്കുട്ടികളുണ്ടായെന്നും ശക്തമായ അഭ്യൂഹമുണ്ടായിരുന്നു.

English Summary : Putin’s reported girlfriend Alina Kabaeva hit with US sanctions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com