ADVERTISEMENT

ന്യൂഡൽഹി ∙ വി.ഡി.സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവുമാണ് എന്ന നിലപാട് തിരുത്തിയ കേരള സിപിഎമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ആൻഡമാൻ ജയിലിൽ കഴിഞ്ഞ ധീര ദേശാഭിമാനികളുടെ പട്ടികയിൽ സവർക്കറുടെ പേരടക്കം സിപിഎം ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പ്രസിദ്ധീകരിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സവർക്കരെ ആദരിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രംഗത്തെത്തിയതിന് സിപിഎം രാജ്യത്തോടു മാപ്പുപറയണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സിപിഎം നിലപാടുകളിലെ മറ്റൊരു കാപട്യം കൂടിയാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്. ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി.സവർക്കറുമുണ്ടെന്ന സിപിഎമ്മിന്റെ തിരിച്ചറിവ് നല്ലതാണ്. സവർക്കർ ധീര ദേശാഭിമാനിയാണെന്നത് ബംഗാൾ സിപിഎം പണ്ടേ പുസ്തകം പ്രസിദ്ധീകരിച്ച് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ പങ്ക് വലുതായിരുന്നതിനാലാണ് 1942ൽ ബ്രിട്ടീഷ് സർക്കാർ സകല വാറന്റും റദ്ദാക്കിയതെന്നും സിപിഎമ്മിന്റെ അവകാശവാദത്തെ പരിഹസിച്ച് മന്ത്രി പറഞ്ഞു. സിപിഎം പേജിൽ പ്രസിദ്ധീകരിച്ച 1909 മുതല്‍ 1921 വരെ ജയിലിലായ സമരനേതാക്കളുടെ പേരിനൊപ്പമാണ് സവര്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവും എന്ന നിലപാട് തിരുത്തിയ കേരള സിപിഎമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി. സവർക്കറുമുണ്ടെന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരിച്ചറിവ് നല്ലതാണ്. നിങ്ങളുടെ നിലപാടുകളിലെ മറ്റൊരു കാപട്യം കൂടി ഇപ്പോൾ വെളിച്ചത്തായിരിക്കുന്നു.

സവർക്കർ ധീരദേശാഭിമാനിയെന്ന് ബംഗാൾ സിപിഎം പണ്ടേ അംഗീകരിച്ചതാണ്. 1987ൽ കമ്യൂണിസ്റ്റ് സർക്കാർ പുറത്തിറക്കിയ India's Struggle for Freedom; An Album എന്ന പുസ്തകം ദേശീയ പ്രസ്ഥാനത്തിന് സവർക്കറുടെ സംഭാവനകൾ എടുത്തു പറയുന്നുണ്ട്. വീരസവർക്കറെ ആദരിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രംഗത്തെത്തിയതിന് സിപിഎം രാജ്യത്തോട് മാപ്പുപറയണം. സ്വാതന്ത്ര്യസമരത്തിലുള്ള ‘കമ്യൂണിസ്റ്റുകളുടെ പങ്ക്’ വളരെ വലുതായിരുന്നതിനാലാണല്ലോ അവർക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറന്റുകളും 1942ൽ ബ്രിട്ടിഷ് സർക്കാർ റദ്ദാക്കിയത്! കമ്യൂണിസ്റ്റ് നേതാക്കളെ ഒന്നടങ്കം വിട്ടയച്ചത്!

സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും ഇന്ത്യാ രാജ്യത്തോട് ആത്മാർഥതയും നീതിയും പുലർത്തിയിട്ടില്ലാത്തവരാണ് കമ്യൂണിസ്റ്റുകൾ.

English Summary: V Muraleedharan on CPM facebook post about VD Savarkar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com