ADVERTISEMENT

ന്യൂഡൽഹി∙ സഭയിൽ പ്ലക്കാർഡുകൾ കൊണ്ടുവരരുതെന്ന ലോക്സഭാ സ്പീക്കറുടെ കർശന നിർദേശം വന്നു 2 ദിവസത്തിനു ശേഷം നടുത്തളത്തിൽ വീണ്ടും പ്ലക്കാർഡുകളുമായി പ്രതിപക്ഷം. നാഷനൽ ഹെറൾഡ് ഓഫിസിലെ ഇഡി നടപടികൾക്കെതിരെ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി അവഗണിച്ച് സ്പീക്കർ നടപടികൾ തുടർന്നപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ പ്ലക്കാർഡ് പുറത്തെടുത്തത്. അതു കണ്ടതും സ്പീക്കർ സഭ 2 മണിവരെ നിർത്തിവച്ചു. 

ചോദ്യോത്തര വേളയുടെ തുടക്കത്തിൽ കോൺഗ്രസ് സഭാ കക്ഷി നേതാവ് പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കാനുണ്ടെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. അത് അനുവദിക്കാതെ ആദ്യ ചോദ്യം ചോദിക്കേണ്ടിയിരുന്ന എൻ.കെ. പ്രേമചന്ദ്രനെ സ്പീക്കർ വിളിച്ചു. പ്രതിപക്ഷത്തെ മുഖ്യകക്ഷി നേതാവിന് സംസാരിക്കാനുള്ളത് കേട്ടതിനു ശേഷം ചോദ്യം ചോദിക്കാമെന്നും പറഞ്ഞ പ്രേമചന്ദ്രൻ തനിക്ക് 2 പ്രധാന വിഷയങ്ങളെക്കുറിച്ച് മന്ത്രി ഗഡ്കരിയോടു ചോദിക്കാനുണ്ടെന്നും സഭ ശാന്തമാകാതെ പറ്റില്ലെന്നും പറഞ്ഞു. തുടർന്ന് സ്പീക്കർ ബിജെപി അംഗം നിഷികാന്ത് ദുബെയെ വിളിക്കുകയായിരുന്നു. 5 ചോദ്യങ്ങൾ പൂർത്തിയാക്കിയപ്പോഴും നടുത്തളത്തിൽ യുപിഎ–ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നു. അംഗങ്ങൾ സീറ്റിലേക്കു മടങ്ങണമെന്നും അങ്ങനെ ചെയ്താൽ 12 മണിക്ക് പ്രസ്താവനയ്ക്ക് അവസരം തരാമെന്നും സ്പീക്കർ പറഞ്ഞു. 

ഇഡി രാജ് അവസാനിപ്പിക്കുക, മോദി–ഇഡി കൂട്ടുകെട്ട് നിർത്തുക, ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ നടുത്തളത്തിലിറങ്ങിയിരുന്നു. അരമണിക്കൂറോളം മുദ്രാവാക്യം വിളി തുടർന്നിട്ടും സ്പീക്കർ പരിഗണിക്കാതിരുന്നപ്പോഴാണ് കോൺഗ്രസ് അംഗങ്ങളായ മണിക്കം ടഗോറും ജോതിമണിയും പ്ലക്കാർഡുകൾ കൊണ്ടുവന്നത്. 

മണിക്കം ടഗോർ, ജോതിമണി, ടി.എൻ. പ്രതാപൻ, രമ്യഹരിദാസ് എന്നീ കോൺഗ്രസ് അംഗങ്ങളെ സഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുയർത്തി അച്ചടക്കം ലംഘിച്ചുവെന്നതിന് രണ്ടാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സസ്പെൻഷൻ പിൻവലിക്കുന്നതിന് പ്ലക്കാർഡുകളുയർത്തി സ്പീക്കറെ മറയ്ക്കരുതെന്ന് ഉറപ്പു നൽകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കേണ്ടി വരുമെന്നും ചെയർ മുന്നറിയിപ്പു നൽകി. കേന്ദ്രസർക്കാരും ഇക്കാര്യം ആവശ്യപ്പെട്ടു. സ്പീക്കറുടെ നിർദേശം അംഗങ്ങളെ അറിയിക്കാമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നെങ്കിലും പ്ലക്കാർഡ് ഉയർത്തില്ലെന്ന് ഉറപ്പു നൽകിയിരുന്നില്ല. ഇക്കാര്യം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. 

English Summary: Congress MPs raise placards in Lok Sabha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com