‘രാവിലെ ഓറഞ്ച്, ഉച്ചയ്ക്ക് റെഡ്’; കേരളത്തിൽ മഴക്കാലത്തിന്റെ ‘സ്വഭാവ’ത്തിനു മാറ്റം

Kannur Town Rain | File Photo: SAMEER A HAMEED
കണ്ണൂർ ടൗണിൽ നിന്നുള്ള ദൃശ്യം. (File Photo: SAMEER A HAMEED)
SHARE

തിരുവനന്തപുരം ∙ കേരളത്തിലെ മൺസൂണിന്റെ ഘടനയിൽ മാറ്റം വന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി, മൺസൂൺ മഴ കുറയേണ്ട മാസങ്ങളിൽ മഴ കൂടി. ചുരുങ്ങിയ സമയത്ത് കൂടുതൽ മഴ ലഭിക്കുന്നതാണ് മറ്റൊരു പ്രത്യേകത. പെട്ടെന്നു കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിനാൽ മുന്നറിയിപ്പുകളും വേഗത്തിൽ മാറ്റിക്കൊടുക്കേണ്ട സാഹചര്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മനോരമ ഓൺലൈനോട് പറഞ്ഞു.

∙ രാവിലെ ഓറഞ്ച്, ഉച്ചയ്ക്ക് റെഡ്

‘വളരെ പെട്ടെന്നു മണ്‍സൂൺ ശക്തി പ്രാപിച്ചതു കൊണ്ടാണ് രാവിലെയുള്ള ഓറഞ്ചിൽനിന്ന് റെഡിലേക്കു മുന്നറിയിപ്പു മാറിയത്. ശക്തമായ പടിഞ്ഞാറൻ കാറ്റാണ് ഇപ്പോൾ ലഭിക്കുന്നത്. ആന്ധ്രാ തീരത്ത് ഒരു അന്തരീക്ഷ ചുഴി രൂപപ്പെട്ട് ശക്തി പ്രാപിക്കുന്നത് പടിഞ്ഞാറൻ തീരത്തെ കാറ്റിന്റെ ശക്തിയെ വർധിപ്പിക്കുന്നുണ്ട്. കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനുള്ള അനുകൂല സാഹചര്യമാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്. കാറ്റിന്റെ ദിശയും വേഗവും മൺസൂൺ ശക്തി പ്രാപിക്കാൻ അനുകൂലമാണ്. ഇന്ന് അതിശക്തമായ മഴയും നാളെ ശക്തമായ മഴയുമാണ് പ്രവചനം. 6, 7, 8 തീയതികളിൽ ചില ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. കേരളത്തിലെ മൊത്തം സാഹചര്യമെടുത്താൽ നാളെ മുതൽ 11 വരെ സാധാരണ മഴ ലഭിക്കും. 12 മുതൽ 18 വരെ മഴ കുറയും എന്നാണ് നിലവിലെ വിലയിരുത്തൽ‌.

∙ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ

മൺസൂൺ ശക്തി പ്രാപിച്ചാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മൺസൂണിന്റെ പ്രത്യേകതയാണിത്. തെക്കുനിന്ന് വടക്കോട്ടു പോകുന്തോറും മഴ വർധിക്കും. മൺസൂണിൽ വടക്കോട്ടുള്ള ജില്ലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. ജൂണിൽ മൺസൂൺ തുടങ്ങി ജൂലൈയിൽ കൂടുതൽ മഴ ലഭിക്കുന്നതായിരുന്നു മുന്‍പ് കണ്ടുവന്നിരുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറയുമായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിൽ മാറ്റം വരുന്നുണ്ട്. ഓഗസ്റ്റ് മാസത്തിൽ മഴ ശക്തമാകാൻ തുടങ്ങി. പല സ്ഥലങ്ങളിലും ചുരുങ്ങിയ സമയത്ത് കൂടുതൽ മഴയും ലഭിക്കുന്നു.

ഇതെല്ലാം സംഭവിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണ്. കാലാവസ്ഥ മാറുന്നതിനു പ്രധാന കാരണം ആഗോള താപനമാണ്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ആഘാതങ്ങൾ ഉണ്ടാകുന്നുണ്ട്. കർണാടകയിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്ത് നാശനഷ്ടങ്ങളുണ്ടായി. ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള സംസ്ഥാനങ്ങളിലും കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടിക്കടി പ്രളയമുണ്ടാകുന്നു. ബ്രിട്ടനിൽ അപ്രതീക്ഷിതമായി താപനില ഉയർന്നു. കാലാവസ്ഥയിലെ മാറ്റം പല സ്ഥലങ്ങളെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. ചിലയിടത്ത് താപനില കൂടുമ്പോൾ ചിലയിടത്ത് മഴയുടെ അളവ് കൂടുന്നു.

∙ മുന്നറിയിപ്പും ആക്‌ഷനും പ്രധാനം

മുന്നറിയിപ്പാണ് ഏറ്റവും പ്രധാനം. കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പു നൽകിയാൽ വേഗത്തിലുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ പെട്ടെന്നു മാറ്റിക്കൊടുക്കേണ്ട സാഹചര്യമാണ്. ഇന്ന് ഓറഞ്ചിൽനിന്ന് വളരെ പെട്ടെന്നു റെഡിലേക്കു മാറേണ്ട സ്ഥിതിയുണ്ടായി. അത്രയും വേഗത്തിൽ കാലാവസ്ഥ മാറുമ്പോൾ അതനുസരിച്ച് മുന്നറിയിപ്പുകൾ നൽകേണ്ടിവരും. മുന്നറിയിപ്പ് ലഭിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ വേഗത്തിൽ നടപടിയെടുത്താൽ‌ ഒരു പരിധി വരെ കാര്യങ്ങളെ നിയന്ത്രിക്കാനാകും.

English Summary: Meteorological Department Director about Kerala Monsoon Changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}