ADVERTISEMENT

തൃശൂര്‍∙ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. 2018ലെ പ്രളയബാധിത മേഖലകളിൽ നിന്നാണ് ഒഴിപ്പിക്കൽ. വൻതോതിൽ ജനങ്ങളെ ഒഴിപ്പിക്കും. ജനങ്ങൾ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജനും ജില്ലാ കലക്ടര്‍ ഹരിത വി.കുമാറും ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങൾ ഒഴിയാൻ മടിക്കുന്നതായി ചാലക്കുടി നഗരസഭ ചെയർമാന്‍ പറഞ്ഞു. 

അതിനിടെ, കേരള ഷോളയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി. തമിഴ്നാട്ടിലെ അപ്പർ ഷോളയാർ വെള്ളം എത്തിത്തുടങ്ങിയതോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തിയത്. ആവശ്യമെങ്കിൽ കൂടുതൽ ഉയർത്താനുള്ള സംഘം സ്ഥലത്തുണ്ട്. മന്ത്രി കെ.രാജന്‍, കലക്ടര്‍ ഹരിത വി. കുമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്.

minister-k-rajan
മന്ത്രി കെ.രാജൻ

പുഴയുടെ തീരത്തുള്ള ആളുകളെ ഉടന്‍ ഒഴിപ്പിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞിരുന്നു. പുഴയില്‍ ഒഴുക്കു കൂടിയത് ഗൗരവതരമാണ്. അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളില്‍ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റും. ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നദീ തീരത്തുള്ളവര്‍ ഒഴിപ്പിക്കല്‍ നടപടികളോടു സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രിയാകുന്നതിനു മുൻപ് പരമാവധി ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ചിത്രങ്ങൾ കാണാം...

തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍നിന്ന് ഇന്ന് രാവിലെ മുതല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലത്തിന്റെ ഒഴുക്ക് വര്‍ധിച്ചതിനാലാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ 16000 ക്യുസെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തുനിന്നു ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് കൂടുതല്‍ ജലം തുറന്നുവിടുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറന്നിരുന്നു. 

കൂടാതെ വേലിയേറ്റ സമയമായതിനാല്‍ കടലില്‍ നിന്നുള്ള വെള്ളം കൂടുതലായി എത്താനുള്ള സാഹചര്യവും നിലവിലുണ്ട്. പുഴയുടെ സമീപത്ത് താമസിക്കുന്നവരെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിത്തുടങ്ങി. പുഴയിലെ ജലം ഏത് സമയവും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാന്‍ ഇടയുണ്ട്. കൂടുതല്‍ സുരക്ഷാ ബോട്ടുകള്‍ ചാലക്കുടിയിലെത്തിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 469 കുടുംബങ്ങളിലായി 1500ലേറെ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.

പ്രത്യേക തയാറെടുപ്പ്

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകള്‍ സീല്‍ചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തയാറാക്കിനിര്‍ത്തും. വ്യോമ, നാവിക സേനകള്‍ തയാറായി നില്‍ക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഉണ്ട്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനാവശ്യമായി അറിവില്ലാത്ത കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്. ഇതിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം : മുഖ്യമന്ത്രി

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.

English Summary : Situation serious in Chalakudy, those on the coast will be evacuated: Minister Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com