ADVERTISEMENT

ദോഹ ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് വധിച്ചതായുളള ‘അവകാശവാദം’ അന്വേഷിക്കുകയാണെന്ന് താലിബാൻ. സവാഹിരി കാബൂളിലുണ്ടായിരുന്നതായി താലിബാൻ നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ലെന്നു സൂചിപ്പിച്ചാണ് ഈ പരാമർശം.

US-Afghan-Qaeda-conflict-ZAWAHIRI
യുഎസ് ആക്രമണത്തിൽ സവാഹിരിയെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ എഫ്ബിഐ പുറത്തുവിട്ട പോസ്റ്റർ. ചിത്രം – AFP PHOTO / THE FEDERAL BUREAU OF INVESTIGATION (FBI)

‘‘താലിബാൻ സർക്കാരിനോ നേതൃത്വത്തിനോ ഈ അവകാശവാദത്തെ കുറിച്ച് അറിവില്ല. ഇത് സ്ഥിരീകരിക്കാനുള്ള അന്വേഷണം നടത്തും.’’  – യുഎന്നിലെ താലിബാൻ പ്രതിനിധി സുഹൈൽ ഷഹീൻ ദോഹയിൽ മാധ്യമങ്ങളെ അറിയിച്ചു. ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവിടുമെന്നും ഷഹീൻ കൂട്ടിച്ചേർത്തു. താലിബാൻ ഭരണത്തിലായ ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ ഖത്തർ തലസ്ഥാനമായ ദോഹയിൽ യുഎസുമായി മുൻപ് ഒപ്പിട്ട കരാർ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഷഹീൻ പറഞ്ഞു. സവാഹിരിക്ക് അഭയം നൽകിയതിലൂടെ ദോഹ ഉച്ചകോടിയിൽ നൽകിയ ഉറപ്പ് താലിബാൻ  ലംഘിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കുറ്റപ്പെടുത്തിയിരുന്നു.

ഞായറാഴ്ച സവാഹിരിയെ വധിക്കാൻ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണം സംബന്ധിച്ച് പ്രതികരിക്കാൻ താലിബാൻ നേതൃത്വം തയാറായിരുന്നില്ല. യുഎസ് ഡ്രോൺ ആക്രമണം സംബന്ധിച്ചുള്ള പ്രതികരണം ഏതുരീതിയിൽ വേണമെന്നതു സംബന്ധിച്ച് ഉന്നത താലിബാൻ നേതാക്കൾ നീണ്ട ചർച്ചകളിലാണെന്നാണ് താലിബാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. പ്രതികരണം പാളിയാൽ അത് രാജ്യാന്തര തലത്തിൽ സംഘടന ലക്ഷ്യമിടുന്ന നിയമസാധുതയെയും മരവിപ്പിക്കപ്പെട്ട നൂറുകണക്കിനു കോടി ഡോളർ ധനസഹായത്തെയും ബാധിക്കുമെന്നതാണ് താലിബാനെ വിഷമവൃത്തത്തിലാക്കുന്നത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒളിത്താവളത്തിൽ കുടുംബത്തോടൊപ്പം താമസിച്ച സവാഹിരിയെ വധിച്ചതായി  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വീടിന്റെ ബാൽക്കണിയിൽ നിൽക്കവേ  ഡ്രോൺ ഉപയോഗിച്ച് തൊടുത്ത മിസൈലുകളിലൂടെയാണ് സവാഹിരിയെ വധിച്ചതെന്നാണ് യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തിയത്.

English Summary: Taliban say investigating U.S. claim of killing al Qaeda leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com