ADVERTISEMENT

ബെയ്ജിങ്∙ ചൈനയുടെ കലിതുള്ളലും വിരട്ടലും വകവയ്ക്കാതെ തയ്​വാൻ സന്ദർശനം പൂർത്തിയാക്കിയ യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ കൈകടത്തുകയാണ് പെലോസി ചെയ്‌തതെന്നും  യുഎസ് ജനപ്രതിനിധി സഭ സ്പീക്കറുടെ ത‌യ്‌വാൻ സന്ദർശനം  ചൈനയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ചൈനീസ് വിദേശമന്ത്രാലയം വ്യക്തമാക്കി. സന്ദർശനം മേഖലയിലെ സമാധാനം തകർക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയം പറഞ്ഞു. നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയതായി അറിയിച്ചുവെങ്കിലും വിശദാംശങ്ങൾ  വിദേശമന്ത്രാലയം വെളിപ്പെടുത്തിയില്ല.  ചൈനയെ കുത്തിനോവിക്കാൻ വേണ്ടിയുള്ളതായിരുന്നു സന്ദർശനമെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. 

നാൻസി പെലോസിയുടെ  തയ്​വാൻ സന്ദർശനത്തിനു പിന്നാലെ  യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ചൈന, തയ്​വാനിൽ നിന്നുള്ള ഏതാനും കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. ടിയനൻമെൻ സ്ക്വയർ സംഭവത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ലാങ് വിങ് കീയെയും അടുത്തിടെ ചൈന മോചിപ്പിച്ച തയ്​വാനിലെ ആക്ടിവിസ്റ്റിനെയും നാൻസി പെലോസി സന്ദർശിച്ചതും ചൈനയെ വിറളിപിടിപ്പിച്ചു. ചൈനയിലെ നേതാക്കൾക്കെതിരെ എഴുതിയ പുസ്തകത്തിന്റെ പേരിൽ 2015 ൽ ലാങ് വിങ്ങിനെ 8 മാസം തടവിലിട്ടിരുന്നു. 

പെലോസിയുടെ സന്ദർശനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന ആവർത്തിച്ചു. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ യുഎസ് ഇടപെടരുതെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പെലോസിയുടെ സന്ദർശനം. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‍വെൻ ഉൾപ്പെടെ നേതാക്കളുമായും ജനപ്രതിനിധികളുമായും പെലോസി കൂടിക്കാഴ്ച നടത്തിയിരുന്നു. പെലോസിയുടേത് സ്വന്തം നിലയിലുള്ള സന്ദർശനമാണെന്നും സർക്കാരുമായി അതിനു ബന്ധമില്ലെന്നുമാണ് യുഎസ് നിലപാട്. തയ്​വാനുമായി അമേരിക്കയ്ക്ക് നയതന്ത്രബന്ധമില്ല. 

ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് എക്കാലവും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് നാൻസി പെലോസി. 1989 ലെ കൂട്ടക്കൊല കഴിഞ്ഞ് 2 വർഷത്തിനു ശേഷം ടിയനൻമെൻ സ്ക്വയറിലെത്തിയ പെലോസി ചെറിയൊരു ബാനർ പിടിച്ചുനിന്ന് പ്രതിഷേധിച്ചിരുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളോട് അനുഭാവവും കൂറും പ്രഖ്യാപിക്കുന്ന നേതാവാണ് പെലോസി. യുക്രെയ്ൻ തലസ്ഥാനമായ കീവിലും പ്രതിനിധി സംഘവുമായി അവർ എത്തി. 

1949 ൽ രണ്ടായി പിരിഞ്ഞ ശേഷവും തങ്ങളുടെ ഭാഗമായാണ് തയ്​വാനെ ചൈന കാണുന്നത്. തയ്​വാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് പെലോസിയുടെ സന്ദർശനം ഊർജം നൽകുമെന്നാണ് ചൈനയുടെ ആശങ്ക. ‘ഏക ചൈന’ എന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന്റെ ലംഘനമായാണ് പെലോസിയുടെ സന്ദർശനത്തെ ചൈന കാണുന്നത്. ‘ജനാധിപത്യം വേണോ ഏകാധിപത്യം വേണോ’ എന്ന തിരഞ്ഞെടുപ്പാണ് ലോകത്തിനു മുന്നിലുള്ളതെന്ന പെലോസിയുടെ പ്രഖ്യാപനം കമ്യൂണിസ്റ്റ് ഏകാധിപത്യം നിലനിൽക്കുന്ന ചൈനയ്ക്ക് അലോസരമുണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

English Summary: China Sanctions US House Speaker Nancy Pelosi Over Taiwan Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com