ADVERTISEMENT

യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം ഏറെ ചൂടുപിടിച്ച ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്. ചൈനയുടെ പ്രകോപനങ്ങളെ അതിജീവിച്ച്കൊണ്ടുള്ള ഈ സന്ദർശനം യുഎസ് – തയ്‌വാൻ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കാനും യുഎസ് –ചൈന ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാനുമാണ് സാധ്യത. ഈ സംഘർഷ സാഹചര്യങ്ങളുടെ പ്രധാന ഉത്തരവാദി ചൈന തന്നെയാണ്. കോവിഡ് കാലം മുതലാണ് തയ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ചൈനയുടെ സംഘർഷം കൂടുതൽ രൂക്ഷമായത്. ലോകം അതിജീവനത്തിനായി പൊരുതുമ്പോൾ, കോവിഡിന്റെ ഉത്ഭവരാജ്യം എന്ന് കരുതപ്പെടുന്ന ചൈന തയ്‌വാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഏതു നിമിഷവും തയ്‌വാൻ ചൈന പിടിച്ചെടുക്കും എന്ന സാഹചര്യംപോലും അന്ന് സംജാതമായി. ലോകം ഒരേ മനസ്സോടെ മഹാമാരിയെ നേരിടേണ്ട അവസരത്തിൽ ലോകജനതയെ വെല്ലുവിളിച്ചുകൊണ്ട് ചൈന തയ്‌വാനിലക്ക് നടത്തിയ വ്യോമ കടന്നാക്രമണങ്ങളാണ് പാശ്ചാത്യ ശക്തികൾ കൂടുതൽ കരുതലോടെ തയ്‌വാനെ ചേർത്തു നിർത്തുവാനുള്ള കാരണം.

കോവിഡ് വ്യാപനം, യുഎസ് തിരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളെ മറയാക്കി ചൈന മിന്നലാക്രമണത്തിലൂടെ തയ്‌വാൻ പിടിച്ചെടുത്തേക്കും എന്ന സൂചന പുറത്തുവരുന്നത് 2020 ഒക്ടോബറിലാണ്. കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൻവ   ഡിഫൻസ് റിവ്യൂ (Kanwa Defense Review) പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളിലൂടെ അന്ന് വെളിവായത് തയ്‌വാൻ അതിർത്തിയിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളായിരുന്നു. മുൻപുണ്ടായിരുന്ന വിമാനങ്ങളും മിസൈലുകളും പിൻവലിച്ചുകൊണ്ട് ആധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും വിന്യസിക്കുക എന്ന അസ്വാഭാവികമായ നടപടിയിലൂടെ, ചൈന ലക്ഷ്യമിട്ടത് ഒരു മിന്നലാക്രമണം തന്നെയാണെന്ന വിലയിരുത്തലുകളും പുറത്തു വന്നു. സൈനിക ശക്തിയെ ആധുനികവൽക്കരിച്ചതിനു പുറമേ സൈനികശേഷി ഇരട്ടിയാക്കിയതും ഏറെ ആശങ്കകൾക്കിടനൽകി. ചൈനയുടെ തെക്കൻ പ്രവിശ്യയിലെ സൈനികകേന്ദ്രം സന്ദർശിക്കവേ ചൈനീസ് പ്രസിഡന്റ് സൈനികരോട് യുദ്ധത്തിന് തയാറെടുക്കുവാൻ ആഹ്വാനം ചെയ്യുകയും ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ഭേദിച്ച് പറക്കുകയും ചെയ്തതോടെയാണ് കൻവ ഡിഫൻസ് റിവ്യൂ ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തതും അതിർത്തിയിലെ സേനാ വിന്യാസത്തിന്റെ തെളിവുകൾ പുറത്തു വിട്ടതും.

ഭീഷണിയും സമ്മർദ്ദങ്ങളുമുപയോഗിച്ചു യുദ്ധസമാനമായ ഒരു സാഹചര്യം സൃഷ്ടിച്ച് ലോകശ്രദ്ധ തയ്‌വാനിലേക്ക് ആകർഷിച്ചു എന്നതിൽ കവിഞ്ഞ് ചൈന അന്ന് യുദ്ധത്തിനു മുതിർന്നില്ല. പാശ്ചാത്യ പിന്തുണയുള്ള തയ്‌വാനിൽ ചൈനയ്ക്ക് എന്താണ് ഇത്ര താൽപര്യം? കോവിഡ് വ്യാപനകാലം മുതൽ, പതിവില്ലാത്തവിധം രൂക്ഷമായി ചൈന തയ്‌വാനുമായി എന്തിന് കൊമ്പുകോർക്കുന്നു? ചൈന നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് തയ്‌വാൻ സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ ഭാഗമാണെന്നുമാണ്. തയ്‌വാനുമേൽ ചൈന നടത്തുന്ന ഈ അവകാശവാദത്തിൽ കഴമ്പുണ്ടോ? 

1248-taiwan-president
തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെന്‍ (Photo by Sam Yeh / AFP)

അവകാശത്തർക്കത്തിന്റെ വേരുകൾ

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനംവരെ ചൈന ഭരിച്ച ക്വിങ് രാജവംശത്തെ അധികാര ഭ്രഷ്ടരാക്കിക്കൊണ്ട് 1912-ൽ സൺ യാത്-സെൻ (Sun Yat-sen) ചൈന റിപ്പബ്ലിക് സ്ഥാപിക്കുന്നു. സൺ യാത്-സെൻ ആണ് ആധുനിക ചൈനയുടെ രാഷ്ട്രപിതാവും ചൈന റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റും. എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം ചൈന റിപ്പബ്ലിക് ക്രമേണ ദുർബലമാകുകയും ഭൂരിപക്ഷം പ്രദേശങ്ങളും യുദ്ധപ്രഭുക്കന്മാരുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. തുടർന്ന് കുമിങ്താങ് (Kuomintang) പാർട്ടിയുടെ നേതാവായ ചിയാങ് കൈഷക്ക് ചൈനയുടെ പൂർണ അധികാരം തിരിച്ചു പിടിക്കുവാൻ ശ്രമിച്ചെങ്കിലും   അത് ചൈനയുടെ പരമാധികാരം കയ്യാളാൻ ശ്രമിച്ച മറ്റൊരു പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ആഭ്യന്തര യുദ്ധമായി. 

1927-ൽ ആരംഭിച്ച യുദ്ധം രണ്ടു ഘട്ടങ്ങളിലായി 1949 വരെ നീണ്ടു. 1949-ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മാവോ സേദുങ്ങിന്റെ നേതൃത്വത്തിൽ ചൈനയുടെ പ്രധാന ഭാഗങ്ങൾ ചേർത്തുകൊണ്ട് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) സ്ഥാപിച്ചതോടെ റിപ്പബ്ലിക് ഓഫ് ചൈന വിഭാഗക്കാർ തയ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് കുമിങ്താങ് പാർട്ടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം തയ്‌വാനിൽ സ്ഥാപിച്ചു. അന്നുമുതൽ രണ്ടു രാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത തർക്കങ്ങൾ ഇന്നും നിലനിൽക്കുന്നു. യഥാർഥ ചൈന റിപ്പബ്ലിക് തങ്ങളാണെന്നാണ് തയ്‌വാൻ ഭരണകൂടം വാദിക്കുന്നത്. എന്നാൽ റിപ്പബ്ലിക് ഓഫ് ചൈന എന്നൊരു രാജ്യമില്ലെന്നും തയ്‌വാൻ ദ്വീപ് രാജവംശക്കാലം മുതൽക്കേ പരമ്പരാഗതമായി ചൈനയുടെ ഭൂപ്രദേശമാണെന്നും അതുകൊണ്ടുതന്നെ തയ്‌വാൻ ചൈനയുടെ ഒരു പ്രവിശ്യ മാത്രമാണെന്നുമാണ് ചൈനയുടെ വാദം.

1248-chinese-military-helicopters
സംഘർഷാവസ്ഥ നിലനിൽക്കെ തയ്‌വാൻ അതിർത്തിക്കു സമീപത്തുകൂടി പറക്കുന്ന ചൈനീസ് സൈനിക ഹെലികോപ്റ്ററുകൾ (Photo by Hector RETAMAL / AFP)

ഇരുപത് വർഷത്തോളം റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന തയ്‌വാനെയാണ് ലോകരാജ്യങ്ങൾ അംഗീകരിച്ചിരുന്നത്. ലോകരാജ്യങ്ങളുടെ പിന്തുണയും അന്ന് തയ്‌വാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്കായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടു മുൻപുവരെ ഈ നില തുടർന്നു. എന്നാൽ 1970 കൾക്ക് ശേഷം സ്ഥിതി മാറി. ഇക്കാലയളവിൽ സൈനികമായും സാമ്പത്തികമായുമുള്ള ചൈനയുടെ വളർച്ച പല ലോകരാജ്യങ്ങളെയും മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിച്ചിരുന്ന പല രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ക്രമേണ വെള്ളം ചേർത്തു തുടങ്ങി. ചില രാജ്യങ്ങൾ നിഷ്പക്ഷ നിലപാടുകളിലേക്ക് മാറിയപ്പോൾ മറ്റു ചില രാജ്യങ്ങൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം നൽകണമെന്ന് വാദിച്ചു. ഏറെക്കാലത്തെ വാദപ്രതിവാദങ്ങൾക്കു ശേഷം ചൈനയ്ക്ക് സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വം ലഭിച്ചു. അതോടെ ഐക്യരാഷ്ട്രസംഘടനയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും റിപ്പബ്ലിക്ക് ഓഫ് ചൈന ഒഴിവാക്കപ്പെട്ടു.

ചൈന യുഎന്നിലേക്ക് 

ദീർഘനാളത്തെ ആസൂത്രണങ്ങളിലൂടെയും, നയതന്ത്ര നീക്കങ്ങളിലൂടെയും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന കൈവരിച്ച ഈ വിജയം തയ്‌വാനിലെ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭരണകൂടത്തിന്റെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന തയ്‌വാൻ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമാണ് എന്ന തങ്ങളുടെ വാദത്തിന്റെ   അംഗീകാരം കൂടിയായാണ് ചൈന ഈ വിജയത്തെ കണ്ടത്. ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് അന്ന് തയ്‌വാനെ പുറത്താക്കിയതിനുശേഷം, അതുവരെ സുഹൃത്തുക്കളായിരുന്ന പല രാജ്യങ്ങളും തയ്‌വാനുമായി നയതന്ത്ര, സൗഹൃദ ബന്ധങ്ങൾക്കുതന്നെ മടിച്ചു. മേഖലയിലെ വൻശക്തിയായികൊണ്ടിരിക്കുന്ന ചൈനയെ അലോസരപ്പെടുത്തുന്നതിൽ പല രാജ്യങ്ങൾക്കും താല്പര്യവുമില്ലായിരുന്നു. വത്തിക്കാൻ സിറ്റി ഉൾപ്പെടെ ഏതാനും ചെറുരാജ്യങ്ങൾ മാത്രമായിരുന്നു റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന പ്രദേശത്തെ അംഗീകരിച്ചുകൊണ്ട് നയതന്ത്രബന്ധം നിലനിർത്തിയിരുന്നത്.

1248-xi-jinping
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്: (Photo by Selim CHTAYTI / POOL / AFP)

തയ്‌വാനുമായി നയതന്ത്രബന്ധം പുലർത്തുന്ന ഒരു രാജ്യവുമായും തങ്ങൾക്ക് നയതന്ത്ര ബന്ധങ്ങളുണ്ടാകില്ല എന്ന പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭീഷണിക്കു മുന്നിൽ ലോകത്തിലെ ശക്തരായ ജനാധിപത്യ രാജ്യങ്ങൾക്കുപോലും വഴങ്ങേണ്ടി വന്നു. മേഖലയിലെ ഏറ്റവും തന്ത്രപ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന എന്ന തിരിച്ചറിവും, വ്യാപാര വാണിജ്യ നേട്ടങ്ങളും പരിഗണിച്ച് ചൈനീസ് അനുകൂല നിലപാടിലേക്ക് മലക്കം മറിയുക എന്നതായിരുന്നു 1970-കളിലും 1980-കളിലും പല രാജ്യങ്ങളുടെയും നിലപാട്. റിപ്പബ്ലിക്ക് ഓഫ് ചൈന ശക്തമായ ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാജ്യമാണ് എന്ന പരിഗണന പോലും ലഭിക്കാതെ രാജ്യാന്തര തലത്തിൽ ഇക്കാലയളവിൽ പാർശ്വവൽക്കരിക്കപ്പെടുകയാണുണ്ടായത്.    

ഐക്യരാഷ്ട്ര സംഘടനയിൽനിന്നു പുറത്താക്കപ്പെട്ടു എങ്കിലും തയ്‌വാൻ എന്ന പേരിൽ ഐക്യരാഷ്ട്ര സംഘടനയിൽ പുതുതായി അംഗത്വം നേടുവാൻ റിപ്പബ്ലിക്ക് ഓഫ് ചൈന പലവട്ടം ശ്രമിച്ചു പരാജയപ്പെടുകയാണുണ്ടായത്. റിപ്പബ്ലിക്ക് ഓഫ് ചൈന (തയ്‌വാൻ), റിപ്പബ്ലിക്ക് ഓഫ് ചൈന ഓൺ തയ്‌വാൻ, തയ്‌വാൻ എന്നീ പേരുകളിൽ ഐക്യരാഷ്ട്ര സംഘടനയിൽ പുന:പ്രവേശനം നേടുവാനായിരുന്നു തയ്‌വാന്റെ ശ്രമം. 1993-നും 2007-നും ഇടയിലായി പതിനഞ്ചോളം പ്രാവശ്യം തയ്‌വാൻ ഐക്യരാഷ്ട്ര സംഘടന   അംഗത്വത്തിനായി വിഫലശ്രമം നടത്തി. ചൈനയുടെ ശക്തമായ നിലപാടുകൾ കാരണം തയ്‌വാന്റെ ഈ ആവശ്യത്തെ പിൻതുണയ്ക്കുവാൻ ലോകരാജ്യങ്ങൾക്കായില്ല. ഐക്യരാഷ്ട്ര സംഘടനയുടെ 2758-כo പ്രമേയത്തിലെ വ്യവസ്ഥകൾ പ്രകാരം തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ഒരു സ്വതന്ത്രരാജ്യം എന്ന നിലയിൽ അംഗത്വം നൽകുവാൻ കഴിയില്ല എന്നുമുള്ള നിലപാടാണ് ഐക്യരാഷ്ട്ര സംഘടന ഈ വിഷയത്തിൽ കൈക്കൊണ്ടത്.

തയ്‌വാനെതിരെ ചൈനീസ് ഭീഷണി

2021 ജൂലൈയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-כo വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിക്കവേ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് തയ്‌വാനെ ചൈനയിൽ ലയിപ്പിക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് തയ്‌വാന്റെ സമ്പൂർണ പുനരേകീകരണം. “ചൈനയുടെ മക്കൾ പുനരേകീകരണം ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി തയ്‌വാൻ ശ്രമിച്ചാൽ ശക്തമായി അടിച്ചമർത്തുക തന്നെ ചെയ്യും”. സമ്മേളനത്തിൽ ഷീ വ്യക്തമാക്കി.  

1248-nancy-pelosi
യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി (Photo by Richard A. Brooks / AFP)

തങ്ങളുടെ പ്രവിശ്യയാണ് തയ്‌വാനെന്ന് അവകാശപ്പെടുന്ന ചൈന ഈ പ്രദേശത്തെ ചൈനീസ് തായ്പെയ് എന്നാണ് വിളിക്കുന്നത്. എന്നാൽ ചൈന നിരന്തരം നടത്തുന്ന യുദ്ധ ഭീഷണികളെയും അധിനിവേശ ഭീഷണികളെയും തയ്‌വാൻ മുഖവിലയ്ക്കെടുക്കുന്നില്ല എന്നാണ് ആ രാജ്യത്തിന്റെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തയ്‌വാനുമായി നയതന്ത്രബന്ധമില്ലെങ്കിലും യുഎസ്, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ 47 ൽപരം രാജ്യങ്ങൾ ഈ രാജ്യവുമായി ഗാഢമായ സൗഹൃദം നിലനിർത്തുന്നുണ്ട്. യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഈ സൗഹൃദത്തിനുമപ്പുറം സൈനിക സഹായങ്ങളും തയ്‌വാന് നൽകുന്നുണ്ട്. ഷീ അധികാരത്തിലേറിയ ശേഷം ചൈന നിരന്തരമായി തയ്‌വാനെ ഭീഷണിപ്പെടുത്തുകയും ചൈനീസ് യുദ്ധവിമാനങ്ങൾ പലയാവർത്തി തയ്‌വാന്റെ ആകാശ അതിർത്തി ഭേദിക്കുകയും ചെയ്തിരുന്നു. തുടർന്ന് നിലവിലുണ്ടായിരുന്ന പരോക്ഷ സൈനിക സംരക്ഷണത്തിനു പുറമേ യുഎസ് തയ്‌വാന് ആകാശ പ്രതിരോധത്തിനായി 66 ആധുനിക എഫ് 16 യുദ്ധവിമാനങ്ങൾ നൽകുവാൻ 2020-ൽ തീരുമാനിച്ചിരുന്നു. ചൈനയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് യുഎസ് ഈ തീരുമാനം കൈക്കൊണ്ടത്.  

യുഎസ് തയ്‌വാന് ആയുധങ്ങൾ നല്കുന്നതിനെയും ചൈന ശക്തമായി എതിർക്കുന്നുണ്ട്. യുഎസ് തയ്‌വാനെ സ്വതന്ത്ര രാജ്യമായി കാണുകയും ആയുധങ്ങൾ നല്കുകയും ചെയ്യുന്നത് തയ്‌വാനു മേലുള്ള ചൈനയുടെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയായും സൈനിക ഭീഷണിയായുമാണ് ചൈന വിലയിരുത്തുന്നത്. ഷീ ചിൻപിങ് സർക്കാർ തയ്‌വാനുമേൽ ശക്തമായ അവകാശവാദവും അധിനിവേശ ഭീഷണിയും നിരന്തരമായി ഉയർത്തിയതിനെ തുടർന്ന് യുഎസ് തയ്‌വാനുമായുള്ള ആയുധവ്യാപാരം ശക്തമാക്കിയിരുന്നു. തയ്‌വാനെ ആയുധമണിയിക്കുവാനുള്ള യുഎസിന്റെ പദ്ധതിയെ ചൈന പല്ലും നഖവുമുപയോഗിച്ചുകൊണ്ടാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2020-ൽ തയ്‌വാനുമായി ആയുധ കച്ചവടം നടത്തുന്ന ലോക്ഹീഡ് മാർട്ടിൻ (Lockheed Martin) റെയ്തിയോൺ (Raytheon) എന്നീ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തുവാൻ ചൈന തീരുമാനിച്ചിരുന്നു. ഈ കമ്പനികൾ 100 കോടി ഡോളറിന്റെ മിസൈൽ വ്യാപാരം തയ്‌വാനുമായി നടത്തിയിരുന്നു. 

സമീപകാലത്ത് ചൈന നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ അധിനിവേശഭീഷണികളെ നിർഭയമായാണ് തയ്‌വാൻ നേരിട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പരമാധികാരത്തിൽ കൈകടത്തുകയോ അധിനിവേശത്തിനു ശ്രമിക്കുകയോ ചെയ്താൽ യുദ്ധത്തിനു നിർബന്ധിതരാകും എന്ന ധ്വനി തന്നെയാണ് തയ്‌വാന്റെ പ്രതികരണങ്ങളിൽനിന്നും വെളിവാകുന്നത്. കോവിഡ് വ്യാപനക്കാലത്ത് ഇന്ത്യയുമായി സംഘർഷങ്ങളിലേർപ്പെട്ടിരുന്നപ്പോൾത്തന്നെ ചൈന തയ്‌വാനുമായും ശക്തമായ ഉരസൽ നടത്തിയിരുന്നു. തയ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിൽ പല പ്രാവശ്യമാണ് ചൈനീസ് യുദ്ധവിമാനങ്ങൾ പറന്നത്. എന്നാൽ രണ്ടു രാജ്യങ്ങൾക്കു മുന്നിലും ചൈനീസ് തന്ത്രം പിഴച്ചു. ഇന്ത്യ ശക്തമായ ഏറ്റുമുട്ടലിലൂടെ ചൈനീസ് സേനയെ അതിർത്തിയിൽ നിന്നും പിന്തിരിപ്പിച്ചപ്പോൾ പതിവിൽ കവിഞ്ഞവിധം ലോകരാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആർജ്ജിച്ചുകൊണ്ട് യുദ്ധമെങ്കിൽ യുദ്ധം എന്ന് ശക്തമായി ചൈനയ്ക്ക് മുന്നറിയിപ്പു നൽകുവാനുള്ള ആർജ്ജവം തയ്‌വാൻ എന്ന കൊച്ചു രാജ്യവും കാണിച്ചു.    

പൊരുതാൻ മടിയില്ലെന്നു തയ്‌വാൻ

2020-ലെ ദേശീയ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ചൈനയുടെ പേരെടുത്തു പറഞ്ഞുകൊണ്ട്, തയ്‌വാൻ കടലിടുക്കിന്റെ മറുഭാഗത്തുനിന്നുമുണ്ടാകുന്ന നിരന്തരമായ ഭീഷണികളെ നേരിടുവാൻ സൈനിക മേഖലയെ കൂടുതൽ ആധുനികവൽക്കരിക്കുവാനും കാര്യക്ഷമമാക്കുവാനും രാജ്യം തീരുമാനിച്ചിരിക്കുന്നുവെന്നു വ്യക്തമാക്കി. ‘ദ്വീപിന് സമീപത്തു നിന്നുമുള്ള ഭീഷണികളെ നിസ്സാരമായി തള്ളിക്കളയുവാനാകില്ല. പോർട്ടബിൾ മിസൈലുകൾ, സ്മാർട്ട് മൈനുകൾ തുടങ്ങിയവയെ സൈനിക സംഭരണത്തിലുൾപ്പെടുത്തി കൂടുതൽ പ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ചൈനയുമായി തയ്‌വാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപനങ്ങൾക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. തയ്‌വാൻ സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. പക്ഷേ അധിനിവേശത്തിനു ശ്രമിച്ചാൽ എന്തു വിലകൊടുത്തും തങ്ങളുടെ ജീവൻ സംരക്ഷിക്കും’– അവർ വ്യക്തമാക്കി. സായ് ഇങ് വെന്നിന്റെ പ്രസ്താവനയ്ക്ക് യുഎസിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു.

1248-tsai-ing-wen
തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെന്‍ (Photo by Sam Yeh / AFP)

2021-ൽ ചൈനയുടെ ആക്രമണ ഭീഷണികളെ പരാമർശിച്ചുകൊണ്ട് തയ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വൂ പറഞ്ഞത് തങ്ങൾ ഒരു സൈനിക നടപടിക്കായി സജ്ജരാകേണ്ടതുണ്ട് എന്നാണ്. സൈന്യത്തെ അതിർത്തിയിൽനിന്നും പിൻവലിക്കില്ലെന്ന് പറയുന്ന ചൈന സൈനികശേഷി വർദ്ധിപ്പിച്ചുകൊണ്ടും സൈനിക അഭ്യാസം നടത്തിക്കൊണ്ടും നിലകൊള്ളുമ്പോൾ തങ്ങൾ വരാൻ പോകുന്ന യാഥാർഥ്യത്തെ മുന്നിൽ കാണുന്നു എന്നാണ് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്തായിരുന്നു വൂ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതിന്റെ കാരണം? യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്‌വാനെ ആക്രമിക്കരുതെന്ന് മുന്നറിയിപ്പു നൽകുമ്പോഴും ചൈന ഭീഷണിയുടെ സ്വരത്തിൽ ഒരയവും വരുത്തുന്നില്ല. തയ്‌വാൻ വിദേശകാര്യ മന്ത്രിയുടെ അഭിപ്രായ പ്രകടനത്തിനു തൊട്ടുമുൻപുള്ള ദിവസം തയ്‌വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് ചൈനയുടെ 26 പോർവിമാനങ്ങൾ ഇരച്ചുകയറിയിരുന്നു. തങ്ങൾ അധിനിവേശത്തിൽനിന്നു പിൻതിരിയില്ലെന്നും, വൻശക്തികളുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നുമുള്ള സന്ദേശമാണ് പോർവിമാനങ്ങൾ പറത്തിക്കൊണ്ട് ചൈന തയ്‌വാന് നൽകിയത്. യുഎസ് തയ്‌വാന് സൈനികസഹായം നൽകിക്കൊണ്ടിരിക്കുമ്പോഴും, അതൊന്നും തങ്ങളുടെ തീരുമാനം പിൻവലിക്കുവാൻ പര്യാപ്തമല്ല എന്ന ഒരു ഒളിയമ്പും ചൈനയുടെ ഈ പ്രകോപനത്തിനു പിന്നിലുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. തയ്‌വാന്   അനുകൂലമായി യുഎസ് സംസാരിക്കുമ്പോഴും സൈനിക സഹായം വാഗ്ദാനം ചെയ്യുമ്പോഴും, തയ്‌വാൻ നേതാക്കൾ ചൈനയ്ക്കെതിരെ പ്രസ്താവനകളിറക്കുമ്പോഴും ചൈന അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട് എന്നത് ചൈനയ്ക്ക് ഈ വിഷയത്തിലുള്ള അമിതമായ താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനുള്ള മറുപടിയായാണ് തൊട്ടടുത്ത ദിവസം തന്നെ ജോസഫ് വൂ പറഞ്ഞത്.

ഹോങ്കോങ് പാഠം

ഒരു രാജ്യം, രണ്ടു വ്യവസ്ഥ എന്ന നയത്തിലൂടെ തയ്‌വാൻ ജനതയെ കൈപ്പിടിയിലൊതുക്കാം എന്ന് ചൈന കണക്കുകൂട്ടുന്നു. എന്നാൽ രണ്ടരക്കോടിയോളം വരുന്ന തയ്‌വാൻ ജനതയ്ക്ക് ചൈനയുടെ ഈ മോഹന വാഗ്ദാനത്തിൽ ഒരു താത്പര്യമില്ല. ജനാധിപത്യം, പൗരാവകാശം തുടങ്ങിയ വ്യക്തിഗത സ്വാതന്ത്ര്യങ്ങൾ ആവോളം അനുഭവിച്ചവരാണ് തയ്‌വാൻ ജനത. മാത്രവുമല്ല 1997-ൽ ഒരു രാജ്യം രണ്ടു വ്യവസ്ഥ പ്രകാരം ഹോങ്കോങ്ങിൽ ഭരണമാരംഭിച്ച ചൈന ക്രമേണ ആ ജനതയെ ഉരുക്കുമുഷ്ടിയിൽ തളയ്ക്കുന്നതും തയ്‌വാൻ ജനത കണ്ടു. തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില എത്ര വലുതാണെന്ന് ഹോങ്കോങ്ങുകാരുടെ അനുഭവങ്ങളിൽനിന്ന് അവർ അറിയുന്നുമുണ്ട്. ആ സ്വാതന്ത്ര്യം നിലനിർത്തുവാൻ അവർ ജീവൻമരണപോരാട്ടം തന്നെ നടത്തും. ഹോങ്കോങ് ആയിരിക്കില്ല തയ്‌വാൻ എന്ന ഭയം ചൈനയെയും അലട്ടുന്നുണ്ട്.

1248-pingtan-island
സംഘർഷാവസ്ഥ നിലനിൽക്കെ തയ്‌വാൻ അതിർത്തിക്കു സമീപത്തുകൂടി പറക്കുന്ന ചൈനീസ് സൈനിക വിമാനം (Photo by Hector RETAMAL / AFP)

ചൈനീസ് ആഭ്യന്തരയുദ്ധകാലഘട്ടത്തിന്റെ സാഹചര്യമല്ല ഇന്നുള്ളതെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടാകണം. തയ്‌വാന്റെ ദൃഢനിശ്ചയം ചൈനയ്ക്ക് നൽകുന്ന ഭയവും യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തയ്‌വാന് നൽകുന്ന പിന്തുണയും സൂചിപ്പിക്കുന്നത്, യുദ്ധമുണ്ടായാൽ തയ്‌വാനൊപ്പം ചൈനയ്ക്ക് നേരിടേണ്ടിവരിക ശക്തരായ മറ്റുചില രാജ്യങ്ങളെക്കൂടിയായിരിക്കും. അതുകൊണ്ടുതന്നെയാകണം ഭീഷണികൾക്കുമപ്പുറം തയ്‌വാൻ അധിനിവേശത്തിന് ചൈന മുതിരാത്തത്. ശത്രുവിന്റെ ശക്തിയെയല്ല, ശത്രുവിന്റെ മിത്രങ്ങളുടെ ശക്തിയെയാണ് യഥാർഥത്തിൽ ചൈന ഭയപ്പെടുന്നത്. ആ ഭയം നിലനിൽക്കുന്നിടത്തോളം തയ്‌വാൻ എന്ന ജനാധിപത്യരാജ്യം സുരക്ഷിതമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

English Summary: Could China invade Taiwan? Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com