മരിച്ചത് അവനല്ലെങ്കിൽ എന്റെ കുഞ്ഞ് എവിടെ?: നെഞ്ചുപൊട്ടി ഈ അമ്മ; ആശയക്കുഴപ്പം

deepak-mother
കാണാതായ കൂനം വള്ളിക്കാവിലെ വടക്കേക്കണ്ടി ദീപക്കിന്റെ അമ്മ ശ്രീലത (ഇടത്), കാണാതായ ദീപക്ക്(വലത്)
SHARE

കോഴിക്കോട്∙ ‘‘നെഞ്ചോടു ചേർത്തുപിടിച്ച കുഞ്ഞാണ്. നെഞ്ചുപൊട്ടിയാണ് അവന‌ു ചിതയൊരുക്കിയത്. അന്ത്യകർമങ്ങൾ ചെയ്‌ത് സംസ്കരിച്ചത് എന്റെ കുഞ്ഞിനെയായിരുന്നില്ലെങ്കിൽ അവനെങ്ങോട്ടാണ് പോയത്.’’– കണ്ണുനീരോടെ നെഞ്ചുപൊട്ടി ദീപക്കിന്റെ അമ്മ ശ്രീലത ചോദിക്കുന്നു. ജൂൺ ഏഴിനാണ് കൂനം വള്ളിക്കാവിലെ വടക്കേക്കണ്ടി ദീപക്കിനെ (36) കാണാതായത്. രാവിലെ ഒമ്പതിന് എറണാകുളത്തേക്കു പോകുകയാണെന്നു പറഞ്ഞ് പോയ മകനെ പിന്നെ കണ്ടില്ല. അവിവാഹിതനായ ദീപക് എട്ടുമാസം മുൻപാണ് ഗൾഫിൽനിന്നു വന്നത്. നേരത്തെയും പലതവണ വീടുവിട്ടുപോയിട്ടുള്ളതിനാൽ ജൂൺ 19നാണ് ശ്രീലത മേപ്പയ്യൂർ പൊലീസിൽ പരാതി നൽകുന്നത്. 

ജൂലൈ 17ന് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത് കരയ്ക്കടിഞ്ഞ മൃതദേഹം ദീപക്കിന്റെതാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ചിതയൊരുക്കി സംസ്‌കരിക്കുകയായിരുന്നു. എന്നാൽ കോതിക്കല്‍ കടപ്പുറത്ത്‌ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് ആണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പസാമി അറിയിച്ചതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ദീപക്കിന്റെ അമ്മ ശ്രീലത, സഹോദരി ദിവ്യ എന്നിവരിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാംപിളിൽ നിന്നാണ് മരിച്ചത് ദീപക് അല്ലെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ കാണാതായ ഇർഷാദിന്റേതാണോ  മൃതദേഹം  എന്നറിയാൻ  ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധന നടത്തിയതാണ് നിർണായകമായത്. ‘‘ഞാൻ മകന്റെ മൃതശരീരം കണ്ടിരുന്നില്ല, അടുത്ത ബന്ധുക്കളാണ് മൃതദേഹം ദീപക്കിന്റേതാണെന്നു തിരിച്ചറിഞ്ഞത്. എന്റെ മകനെ എത്രയും പെട്ടെന്ന് എനിക്ക് തിരികെ ലഭിക്കണമെന്നു മാത്രമാണ് പറയാനുള്ളത്.’’– ശ്രീലത പറയുന്നു. 

എന്നാൽ ഇർഷാദിനെ കൊന്നുതള്ളിയതാണെന്ന് ഇർഷാദിന്റെ പിതാവ് പറയുന്നു. പുഴയിൽ നീന്തി പരിചയമുള്ള ഇർഷാദ് ഒരിക്കലും വെള്ളത്തിൽ വീണു മരിക്കില്ലെന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നതിനാലാണു പരാതി നൽകാൻ വൈകിയതെന്നും ഇർഷാദിന്റെ പിതാവ് പറയുന്നു. തങ്ങളുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവർ നൽകിയ മൊഴി. എന്നാൽ ഇർഷാദിനെ സംഘം കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. കോതിക്കല്‍ കടപ്പുറത്തുനിന്നു  കണ്ടെടുക്കുമ്പോൾ തലയിൽനിന്നു ചോരയൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

വിദേശത്തുനിന്നു കൊടുത്തുവിട്ട സ്വർണം കൈമാറാതെ ഇരുന്നതോടെയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് അറസ്റ്റിലായവർ പറയുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളായ കൽപറ്റ കടുമിടുക്കിൽ ജിനാഫ്(31), വൈത്തിരി ചെറുമ്പാല ഷഹീൽ(26), പൊഴുതന ചിറയ്ക്കൽ സജീർ (27) എന്നിവരുടെ അറസ്റ്റാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കേസിൽ പിണറായി സ്വദേശി മർസീദിനെ(32) തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു. 

തടവിൽ പാർപ്പിച്ച സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിനിടെ പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് പ്രതികളുടെ മൊഴി. ജോലി ആവശ്യത്തിനെന്നു പറഞ്ഞാണ് ഇർഷാദ് വയനാട്ടിലേക്കു പോയതെന്നും അതിൽ പിന്നെ എന്റെ കുഞ്ഞിനെ കണ്ടിട്ടില്ലെന്നും ഇർഷാദിന്റെ മാതാവ് നബീസ പറയുന്നു.

ഇതിനിടെ മകൻ കസ്റ്റഡിയിൽ ഉണ്ടെന്നും വിദേശത്തുനിന്നു കൊടുത്തുവിട്ട സ്വർണം തിരികെ നൽകിയില്ലെങ്കിൽ മകനെ കൊല്ലുമെന്നു സംഘം ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയതായി ഇർഷാദിന്റെ മാതാപിതാക്കൾ പറയുന്നു. ഇർഷാദിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരു ഫോട്ടോയും സംഘം അയച്ചു കൊടുത്തിരുന്നു. തുടർന്നാണ് കുടുംബം പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകുന്നതും.

അക്രമിസംഘം അയച്ച സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനെടുവിലാണ് അറസ്റ്റ്. ജൂലൈ 16ന് ചുവന്ന കാറിൽ നിന്നിറങ്ങിയ യുവാവ് കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽനിന്ന് ചാടിയതായി നാട്ടുകാരിൽ ചിലർ മൊഴി നൽകിയിരുന്നു. പ്രതികൾ ഇർഷാദിനെ പിന്തുടർന്ന് കൊലപ്പെടുത്തിയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. 

English Summary: Family alleges  gold smuggling gang behind the murder of youth in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}