ADVERTISEMENT

ആലപ്പുഴ∙ ജില്ലാ കലക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടേയും കയ്യടി നേടിയിരിക്കുകയാണ് ആലപ്പുഴ കലക്‌ടർ വി.ആർ.കൃഷ്ണ തേജ. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയി കൃഷ്ണ തേജ സേവനം ചെയ്തിട്ടുണ്ട്. പ്രളയകാലത്ത് സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഇപ്പോൾ വീണ്ടും മഴക്കാലത്ത് കൃഷ്ണ തേജയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരിക്കുകയാണ്. ചുമതല ഏറ്റെടുത്ത് ആദ്യം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു ചെയ്തത്. കുട്ടികൾക്കായി നല്ലൊരു കുറിപ്പും എഴുതിയിരുന്നു. 

‘‘പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.’’ എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കലക്ടർ നൽകിയത് കയ്യടി നേടി.

ഇപ്പോൾ കലക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായിരിക്കുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ നടത്തിയ ഒരു ക്ലാസാണ് വൈറലായത്. പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും ഐഎഎസ് പരീക്ഷയിൽ മൂന്നു വട്ടം തോറ്റതുമെല്ലാമാണ് കലക്ടർ വിവരിക്കുന്നത്. 

കലക്ടറുടെ വാക്കുകൾ:

‘‘വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ‍ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ ബന്ധുക്കളുൾപ്പെടെയുള്ളവർ പറഞ്ഞു. .

‘‘പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണവുമില്ല. അപ്പോൾ അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞു. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു. ഒടുവിൽ ക്ലാസ് വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു. 

‘‘നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലി ലഭിച്ചു. തുടർന്ന് സുഹൃത്തിന്റെ പ്രേരണയാൽ ഐഎഎസ് പരിശീലനത്തിന് പോയിത്തുടങ്ങി. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ ജോലി ഉപേക്ഷിച്ചു. 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ട് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് 30 ദിവസത്തോളം ആലോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.

‘‘ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞ് ചില ശത്രുക്കൾ എന്നെ വന്നു കണ്ടു. അവരോടും എന്തുകൊണ്ട് എനിക്ക് ഐഎഎസ് കിട്ടാത്തതെന്ന് ചോദിച്ചു. അവർ മൂന്നു കാരണങ്ങൾ പറഞ്ഞു. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം. നിന്റെ കയ്യക്ഷരം വളരെ മോശമാണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ഉത്തരം എഴുതണം. നീ നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതി. പക്ഷേ, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണം. ഒടുവിൽ എന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. അടുത്ത തവണ 66–ാം റാങ്ക് നേടി.’’

English Summary: Krishna Teja speaks about his life and education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com