ADVERTISEMENT

തെന്മല(കൊല്ലം)∙ പരപ്പാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. അതോടൊപ്പം ഓഗസ്റ്റിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ സംഭരിക്കേണ്ടുന്ന ജലനിരപ്പ് ക്രമീകരിക്കേണ്ടതുമുണ്ട്. ഓരോ ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്.

ക്രമേണ ഇത് 50 സെന്റിമീറ്റര്‍വരെയായി ഉയര്‍ത്തും. 115.82 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 110.05 മീറ്ററാണ് ജലനിരപ്പ്. ഒരു സെക്കൻഡിൽ 4.13 ലക്ഷം ലീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദനം വഴി സെക്കൻഡിൽ 17000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പരപ്പാര്‍ അണക്കെട്ട് തുറക്കുന്നതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരും. ഇതിനാല്‍ കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാര്‍ഷിക ആവശ്യത്തിന് പരപ്പാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളമാണ് എത്തുന്നത്. വേനല്‍ക്കാലത്ത് ഈ ജില്ലകളെ ജലസമൃദ്ധമാക്കുന്നതും പരപ്പാര്‍ അണക്കെട്ടാണ്. കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഒറ്റക്കല്‍ തടയണയില്‍ നിന്നുമാണ് ഇടതു- വലതുകര കനാല്‍ വഴി വെള്ളം ഒഴുക്കുന്നത്. അണക്കെട്ടില്‍നിന്നും തുറന്നു വിടുന്ന വെള്ളം കല്ലടയാര്‍ വഴി ഒഴുകി കായലില്‍ എത്തിച്ചേരും. തെന്മല മുതല്‍ കല്ലടവരെയുള്ള ജപ്പാന്‍ ശുദ്ധജലപദ്ധതിയടക്കം നൂറിലധികം ശുദ്ധജലപദ്ധതികള്‍ക്കും വെള്ളം എടുക്കുന്നത് കല്ലടയാറില്‍ നിന്നുമാണ്.

പരപ്പാർ അണക്കെട്ടിന്റെ സംഭരണശേഷിയിൽ 5% കുറവുള്ളതായി പഠന റിപ്പോര്‍ട്ട്. 1986 മേയ് 24ന് കമ്മിഷൻ ചെയ്ത അണക്കെട്ടിൽ അന്നു മുതലുള്ള എക്കലും മണലും അടിഞ്ഞു കിടക്കുകയാണ്. 2018ൽ പീച്ചി കേരള എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് അണക്കെട്ടിൽ 5% എക്കലും മണലും അടിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്. 2005ൽ ജലവിഭവ വകുപ്പ് പരപ്പാർ അണക്കെട്ടിലെ എക്കലും മണലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു അണക്കെട്ടിൽ നിന്നും എക്കലും മണലും നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തിറങ്ങുന്നത്.

English Summary : Parappar Dam opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com