ADVERTISEMENT

മുംബൈ ∙ ഡിഎൻ നഗർ സ്റ്റേഷനിലെ എഎസ്ഐയായിരുന്ന രാജേന്ദ്ര ദോണ്ഡു ഭോ‌സ്‍ലെ  2015 ലാണ് വിരമിക്കുന്നത്. 2008നും 2015നും ഇടയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷിച്ചത് പെൺകുട്ടികളെ കാണാതായ 166 കേസുകൾ. ഇതിൽ 165 പെൺകുട്ടികളെയും കണ്ടെത്താൻ അദ്ദേഹത്തിന്റെ സംഘത്തിനു കഴിഞ്ഞു. ‘ഗേൾ നമ്പർ 166’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പെൺകുട്ടി മാത്രം നൊമ്പരമായി അവശേഷിച്ചു.

2015ൽ വിരമിച്ചെങ്കിലും കഴിഞ്ഞ ഏഴ് വർഷവും ‘ഗേൾ നമ്പർ 166’നു വേണ്ടിയുള്ള അന്വേഷണം ഭോ‌സ്‍ലെ തുടർന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ന് മുംബൈ അന്ധേരിയിലെ തന്റെ വീടിന് വെറും 500 മീറ്റർ മാത്രം അകലെ പെൺകുട്ടിയെ കണ്ടെത്തുമ്പോൾ വർഷങ്ങളോളം ഭോ‌സ്‌ലെ നടത്തിയ കഠിനാധ്വാനത്തിനും സമർപ്പണത്തിനും കൂടിയാണ് അംഗീകാരമായി. ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ‌ചെ‌യ്‌തത്.

കേസുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള ഹാരി ജോസഫ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ ഭാര്യ സോണിയും (37) കേസിൽ പ്രതിയാണ്. 2013 ജനുവരി 22നാണ് ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ കാണാതാകുന്നത്. മൂത്തസഹോദരനുമായി പിണങ്ങി എഴുവയസ്സുള്ള പെൺകുട്ടി വീട്ടിൽ പോകാതെ സ്‌കൂൾ പരിസരത്ത് അലഞ്ഞു തിരിയുന്നത് ഹാരി ജോസഫ് ഡിസൂസയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ കാലമായിട്ടും കുഞ്ഞുങ്ങൾ ജനിക്കാതിരുന്നതിന്റെ സങ്കടത്തിൽ കഴിഞ്ഞിരുന്ന ഹാരി തന്ത്രപൂർവം കുഞ്ഞിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. അന്ന് എഎസ്ഐയായിരുന്ന രാജേന്ദ്ര ഭോ‌സ്‌ലെയ്ക്കായിരുന്നു അന്വേഷണ ചുമതല. കുട്ടിയെ കാണാതായ സംഭവം വൻ വാർത്താപ്രാധാന്യം നേടി. കുട്ടിയെ കണ്ടെത്താൻ ക്യാംപെയ്നുകൾ ആരംഭിച്ചു. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ ഡിസൂസയും സോണിയും ആശങ്കയിലായി. കുട്ടിയെ തങ്ങളുടെ സ്വദേശമായ കർണാടകയിലെ റായ്ച‌ുരിലെ ഒരു ഹോസ്റ്റലിലേക്കു മാറ്റി.  2016ൽ  ഡിസൂസയ്ക്കും സോണിക്കും കുഞ്ഞു പിറന്നതോടെ ‘ഗേൾ നമ്പർ 166’ ദമ്പതികൾക്ക് ബാധ്യതയായി. രണ്ട് കുട്ടികളെ പരിചരിക്കുന്ന ചെലവ് വർധിച്ചതോടെ കർണാടകയിലെ ഹോസ്റ്റൽ പഠനം അവസാനിപ്പിച്ച് പെൺകുട്ടിയെ തിരികെ കൊണ്ടുവന്നു. കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കു പെൺകുട്ടിയെ നിർബന്ധിച്ചു പറഞ്ഞയ്‌ക്കുകയും ചെയ്‌തു. 

നീ ഞങ്ങളുടെ കുട്ടിയല്ലെന്നും തട്ടിക്കൊണ്ടുവന്നതാണെന്നും മദ്യപിച്ചെത്തി പലപ്പോഴും ഡിസൂ‌സ പെൺകുട്ടിയോട് പറയുമായിരുന്നു. സോണി പെൺകുട്ടിയെ അകാരണമായി മർദിക്കുകയും പതിവാണ്. ദമ്പതികളുടെ പെരുമാറ്റത്തിൽനിന്ന് ഇവർ തന്റെ മാതാപിതാക്കളല്ലെന്ന് കുട്ടി തിരിച്ചറിഞ്ഞിരുന്നു. അയൽവാസികളുമായി സംസാരിക്കുന്നതിൽനിന്ന് പ്രതി കുട്ടിയെ വിലക്കി. പെൺകുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ ഭോ‌സ്‌ലെ അവസാനിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്‌ചയും അദ്ദേഹം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. പെൺകുട്ടിയെ കണ്ടെത്തുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തു. 

ഇതിനിടെ പലതവണ ഡിസൂസയുടെ കുടുംബം വീട് മാറി, ഒടുവിൽ കറങ്ങിത്തിരിഞ്ഞ് അന്ധേരിയിലെ ഗില്‍ബര്‍ട്ട് ഹില്‍ മേഖലയിൽ പെൺകുട്ടിയുടെ വീടിന് വെറും  500 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ താമസമാക്കി. തൊട്ടടുത്ത് പെൺകുട്ടി ഉണ്ടായിരുന്നിട്ടും കുടുംബം ഈ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞതിനാൽ പെൺകുട്ടിയെ ആരും തിരിച്ചറിയില്ലെന്ന് ഡിസൂസ വിചാരിച്ചു.  കുട്ടിയെ കണ്ടെത്താനായുള്ള പ്രചാരണങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. തെരുവുകളിൽനിന്ന് പെൺകുട്ടിയുടെ പോസ്റ്ററുകളും അപ്രത്യക്ഷമായി. 

പെൺകുട്ടി ജോലിയെടുക്കുന്ന വീട്ടിലെ ജോലിക്കാരിയായ പർമില ദേവേന്ദ്രയുടെ ഇടപെടലാണ് കേസിൽ നിർണായകമായത്. അവർ പെൺകുട്ടിയിൽനിന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പർമില, ഗൂഗിളിൽ 2013ൽ കാണാതായ കുട്ടികളെപ്പറ്റി തിരഞ്ഞപ്പോഴാണ് ‘ഗേൾ നമ്പർ 166’ ആണ് തനിക്കൊപ്പമുള്ള പെൺകുട്ടിയെന്നു മനസ്സിലാക്കുന്നത്. തന്‍റെ പഴയ ചിത്രം ഓൺലൈനിൽ കണ്ടതോടെ പലകാര്യങ്ങളും പെൺകുട്ടിക്കും ഓർത്തെടുക്കാൻ കഴിഞ്ഞു. പോസ്റ്ററുകളില്‍ കണ്ട ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചു നോക്കാനായി പെൺകുട്ടിയുടെയും പർമിലയുടെയും ശ്രമം. പോസ്റ്ററിൽ നൽകിയിരുന്ന അഞ്ച് നമ്പറുകളിൽ ഒന്ന് മാത്രമാണ് ഉപയോഗത്തിൽ ഉണ്ടായിരുന്നത്.

ഇതിനകം പെൺകുട്ടിയുടെ പിതാവ് മരിച്ചിരുന്നു. പെൺകുട്ടിയുടെ അയൽവാസിയായ റഫീഖ് എന്നയാളുടേതായിരുന്നു ഈ ഫോൺ നമ്പർ. ആദ്യം പെൺകുട്ടിയുടെയും പർമിലയുടെയും വിവരണം റഫീഖിന് വിശ്വാസയോഗ്യമായി തോന്നിയില്ല. പെൺകുട്ടിയുടെ ഫോട്ടോ അയച്ചു തരാൻ റഫീഖ് ആവശ്യപ്പെട്ടു. ഇരുവരും വിഡിയോ കോൾ നടത്തിയതോടെ, കാണാതായ മകളാണ് സംസാരിക്കുന്നതെന്നു കുടുംബം തിരിച്ചറിഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി 8.20ന് ജോലിചെയ്യുന്ന വീടിനു പുറത്തിറങ്ങി വന്ന പെൺകുട്ടിയെ 9 വർഷത്തിനു ശേഷം ആദ്യമായി പെൺകുട്ടിയുടെ കുടുംബം കണ്ടു. 

9 വർഷമായി താൻ തേടുന്ന പെൺകുട്ടിയെ കണ്ടെത്തിയതിൽ രാജേന്ദ്ര ഭോ‌സ്‍ലെയ്ക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ‘നിങ്ങൾക്ക് പൊലീസ് ജോലിയിൽനിന്ന് വിരമിക്കാനാകും, എന്നാൽ മനുഷ്യത്വമെന്നതു വിരമിക്കുമ്പോൾ അവസാനിക്കുന്ന ഒന്നല്ല’– ഭോസ്‌ലെ പറയുന്നു. തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ, ബാലവേല തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് ഡിസൂസയ്ക്കെതിരെ കേസെടുത്തത്. ഡിസൂസയെ റിമാൻഡിൽ വിട്ടപ്പോൾ, സമാനകുറ്റങ്ങൾ ചുമത്തിയെങ്കിലും ആറ് വയസ്സ് മാത്രം പ്രായമുള്ള മകൾ ഉള്ളതിനാൽ സോണിയെ റിമാൻഡ് ചെ‌യ്‌തില്ല. 

English Summary: 16-year-old reunited with mother after 9 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com