ഇടുക്കി തുറന്നാൽ എട്ടു മണിക്കൂറിൽ വെള്ളം ഏലൂരിലെത്തും; ജാഗ്രതാ നിർദേശം

idukki-cheruthoni-2
ഇടുക്കി ചെറുതോണി ഡാം (ഫയൽ ചിത്രം)
SHARE

കൊച്ചി∙ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ ഡോ. രേണു രാജ്. സംഭരണ ശേഷിക്കു മുകളിലേക്കു ജലനിരപ്പ് ഉയർന്നാൽ ഡാം തുറന്നു വിടാനുള്ള സാധ്യത മുൻനിർത്തിയാണ് കലക്ടറുടെ മുന്നറിയിപ്പ്. ഡാം തുറന്നു കഴിഞ്ഞാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധർ വിലയിരുത്തുന്നു. ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടർ എത്ര സമയം തുറന്നു, പെരിയാറിന്റെ ജലനിരപ്പ് ഇവയുടെ എല്ലാം അടിസ്ഥാനത്തിൽ സമയം വ്യത്യാസപ്പെട്ടിരിക്കുമെന്നും പറയുന്നു.

2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇപ്പോൾ തന്നെ ഇത് 2382.54ൽ എത്തിയിട്ടുണ്ട്. റെഡ് അലർട്ട് 2382.53 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അധിക ജലം ഒഴുക്കി വിടുന്നതിനാലും ഇതിനകം റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ഏതു സമയത്തും ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകും. ഇതു മുൻകൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടം പെരിയാറിന്റെ തീരത്തു താമസിക്കുന്നവർക്കു മുന്നറിയിപ്പു നൽകിയത്. 

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് ഡാം ആയ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ നിന്നാണ് വെള്ളം തുറന്നു വിടുക. ഇവിടെ മാത്രമാണു വെള്ളം തുറന്നു വിടാൻ സംവിധാനമുള്ളത്. ഇടുക്കി ആർച്ച് ഡാമിനും പദ്ധതിയുടെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറില്ല. ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നാൽ സ്പിൽവേയലൂടെ ഒഴുകി ചെറുതോണി പുഴയിലേക്ക് എത്തുന്ന വെള്ളം വെള്ളക്കയത്തു വച്ചു പെരിയാറിൽ ചേരും. തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലുൾപ്പടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകാം. ആലുവാപ്പുഴയിലെത്തുന്ന വെള്ളം അറബിക്കടലിലേക്ക് എത്തും. കടൽ കയറി നിൽക്കുന്ന സമയമാണെങ്കിൽ കൂടുതൽ കരപ്രദേശങ്ങളിലൂടെ പരന്ന് ഒഴുകാനുള്ള സാധ്യതയുണ്ട്. 

ജില്ലയിലെ എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ക്യാംപുകൾ അധികമായി തുറക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു കലക്ടർ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള  പഞ്ചായത്തുകൾക്കു ജാഗ്രതാ നിർദേശം നൽകും. ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തര സംവിധാനങ്ങൾ ഒരുക്കും. താലൂക്കുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്യാംപുകൾ ആരംഭിക്കുന്നതിന് ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

English Summary: Idukki Cheruthoni Dam Opening: High Alert in Periyar banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}