ADVERTISEMENT

തൊടുപുഴ∙ ഇടുക്കി ചെറുതോണി ഡാം റൂൾ കർവ് അനുസരിച്ച് നാളെ രാവിലെ 10ന് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഡാം തുറന്ന് 50 ക്യൂസെക്സ് വെള്ളം ഒഴുക്കും. നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാൽ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്.

സ്പെഷൽ ഇൻഫോഗ്രാഫിക്സ്

അറിയാം ചെറുതോണി ഡാമിനെ... Link to Infographics
പിരമിഡുയരത്തിൽ ചെറുതോണി ഡാം... Link to Infographics

മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറക്കുകയും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നതിനാൽ ചെറുതോണിയിൽ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി നടത്തുന്നുണ്ട്. ഇടുക്കിയിൽ വെള്ളം തുറന്നുവിട്ടാൽ ആലുവയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും.

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഇടവിട്ട് മാത്രമാണ് മഴ പെയ്യുന്നത്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ജില്ലയിലെ 6 ഡാമുകൾ തുറന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. ഇനി തുറക്കേണ്ടത് ഇടുക്കിയും കല്ലാർ ഡാമും. അതേസമയം, പത്ത് ഷട്ടറുകൾ തുറന്നിരിക്കുന്ന മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുകയാണ്. കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടേക്കും. പീരുമേട്ടിൽ തോട്ടിൽ ഒഴുക്കിൽപെട്ട ആദിവാസി ബാലനുവേണ്ടി തിരച്ചിൽ തുടരുന്നു.

അണക്കെട്ടു തുറന്നാൽ വെള്ളം എങ്ങനെ ഒഴുകും?

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി–കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം.

തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താൻകെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.

മൂന്ന് അണക്കെട്ടുകളുടെ ഇടുക്കി

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് ഡാമാണ് ഇടുക്കി. വെള്ളത്തിന്റെ മർദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിർമാണം. കമാന ആകൃതിയിൽ, ചുവട്ടിൽനിന്ന് ഉള്ളിലേക്കാണ് വളവ്. കുറവൻ, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു. ഇടുക്കി തടാകത്തെ തടഞ്ഞുനിർത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.

English Summary: Idukki Cheruthoni Dam Opening Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com