ADVERTISEMENT

തൃശൂർ ∙ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപക, അന്തരിച്ച ഫിലോമിനയുടെ പണം വീട്ടിലെത്തിച്ചു നൽകിയെന്ന് മന്ത്രി വി.എൻ.വാസവൻ. ഫിലോമിന, ഭര്‍ത്താവ് ദേവസി എന്നിവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കിലുണ്ടായിരുന്ന 23,64,313 രൂപ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവാണ് ഫിലോമിനയുടെ വീട്ടിലെത്തി ദേവസിക്ക് കൈമാറിയത്. ഇതില്‍ 64,313 രൂപ കരുവന്നൂര്‍ ബാങ്കിലെ ദേവസിയുടെ സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ചു.

കഴിഞ്ഞ ദിവസമാണ് നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നു മന്ത്രി പറഞ്ഞു. നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി 35 കോടി  വകയിരുത്തിയിട്ടുണ്ട്. കേരള ബാങ്കില്‍നിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 10 കോടിയുമാണ് ഇതിനായി ലഭ്യമാക്കുക.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി കേരള ബാങ്ക് അനുവദിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപത്തിന് എല്ലാവിധ സംരക്ഷണവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

കര‍ുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതു മൂലം വിദഗ്ധ ചികിത്സ ലഭിക്കാതെ ഫിലോമിന മരിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ഫിലോമിനയുടെ മൃതദേഹവുമായി കുടുംബം ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു. ഇതോടെയാണ് സർക്കാർ ഇടപെട്ട് പണം തിരികെ നൽകാൻ നടപടിയെടുത്തത്.  

English Summary: Karuvannur bank returns deceased Philomena's money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com