ADVERTISEMENT

തായ്പേയ് ∙ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതിൽ ചൈന കടുത്ത പ്രതിഷേധം തുടരുന്നതിനിടെ, തയ്‌വാന്റെ മിസൈൽ വികസന പദ്ധതിക്കു നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തയ്‌വാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസർച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തയ്‌വാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ ചുങ്–ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലി–സിങ്ങിനെ, ദക്ഷിണ തയ്‌വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ ഇന്നു പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം. തയ്‌വാന്റെ മിസൈൽ പദ്ധതികളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന ചുമതല ഈ വർഷം ആദ്യമാണ് ഇദ്ദേഹം ഏറ്റെടുത്തതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തയ്‌വാന്റെ മിസൈൽ നിർമാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയർത്താനുള്ള നടപടികൾ മുന്നോട്ടു പോകുമ്പോഴാണ് നേതൃസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ മരണം. ചൈനയിൽ നിന്നുള്ള സൈനിക വെല്ലുവിളി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാനാണ് തയ്‌വാൻ മിസൈൽ സംവിധാനം പരിഷ്കരിക്കുന്നത്.

നാൻസി പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തയ്‌വാനെ ഉന്നമിട്ട് ചൈന നടത്തുന്ന സൈനിക അഭ്യാസം ശക്തമായി തുടരുന്നതിനിടെയാണ് രാജ്യത്തിന്റെ മിസൈൽ പദ്ധതിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

English Summary: Amid China-Taiwan tensions, top Taiwanese defence official found dead in hotel room: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com