ADVERTISEMENT

ന്യൂഡൽഹി ∙ ബലാത്സംഗക്കേസുകളിലെ പ്രതികളെ വധശിക്ഷയ്ക്കു വിധിക്കാൻ നിയമം വന്നതോടെ, ബലാത്സംഗത്തിന് ഇരകളാകുന്നവർ കൊല്ലപ്പെടുന്നതും വർധിച്ചെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പരാമർശം വിവാദത്തിൽ. ബലാത്സംഗത്തിന് ഇരയാകുന്നവർ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനമുന്നയിക്കുമ്പോഴാണ് ഗെലോട്ട് വിവാദ പരാമർശം നടത്തിയത്. ഗെലോട്ടിന്റെ പരാമർശം ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാദി ജയ്ഹിന്ദ് ഉൾപ്പെടെയുള്ളവർ ഗെലോട്ടിന്റെ പ്രസംഗം പങ്കുവച്ച് കടുത്ത വിമർശനമുയർത്തി.

ഗെലോട്ടിന്റെ പ്രസ്താവന

‘‘നിർഭയ കേസിനു പിന്നാലെ പ്രതികളെ തൂക്കിലേറ്റാനുള്ള ആവശ്യം ശക്തമായിരുന്നു. പിന്നീട് അത് നിയമമായി മാറി. ഇതോടെ, ബലാത്സംഗത്തിന് ഇരകളാകുന്നവരെ കൊല്ലുന്ന രീതി വർധിച്ചിട്ടുണ്ട്.’

നിർഭയ കേസിനുശേഷം പ്രതികളെ തൂക്കിലേറ്റാനുള്ള നിയമം വന്നതോടെ, ബലാത്സംഗത്തിനുശേഷം സ്ത്രീകളെ കൊല്ലുന്നത് പതിവായി മാറി. നമ്മുടെ രാജ്യത്ത് കണ്ടു വരുന്ന വളരെ അപകടകരമായ ട്രെൻഡാണിത്.’

ബലാംത്സംഗം ചെയ്യപ്പെട്ടവർ പിന്നീട് കേസ് വരുമ്പോൾ സാക്ഷികളും തെളിവുമായി മാറുമെന്ന് പ്രതികൾ ഭയക്കുന്നു. അതുകൊണ്ടുതന്നെ ബലാത്സംഗത്തിന് ഇരയായവരെ കൊലപ്പെടുത്താൻ അവർ തീരുമാനിക്കുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് പൊതുവായി കാണുന്നത് വളരെ അപകടകരമായ ഒരു രീതിയാണ്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ അത്ര നല്ലതല്ല.’’

∙ വിമർശനം ശക്തം

ഗെലോട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനവുമായി സ്വാതി ജയ്ഹിന്ദ് രംഗത്തെത്തി. ‘‘ഗെലോട്ടിനെതിരെ എത്രത്തോളം വിമർശനമുയർന്നാലും കൂടുതലാകില്ല. ഇന്ത്യയിൽ ഒട്ടേറെ പെൺകുട്ടികളാണ് ദിനംപ്രതി പീഡനത്തിന് ഇരകളാകുന്നത്. ഇത്തരം കേസുകളിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള നിയമം വന്നത് കടുത്ത സമരങ്ങൾ നടത്തിയാണ്. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന് വരുന്ന ഇത്തരം പ്രസ്താവനകൾ അതിജീവിതരുടെ കരുത്തു ചോർത്തും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് നേതാക്കളുടെ കടമ. അല്ലാതെ ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുകയല്ല’ – സ്വാതി ജയ്ഹിന്ദ് ചൂണ്ടിക്കാട്ടി.

ഗെലോട്ടിന്റെ പ്രസ്താവ നിർഭാഗ്യകരമായിപ്പോയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര എസ്. ഷെഖാവത്തും പ്രതികരിച്ചു. ‘‘കഴിഞ്ഞ മൂന്നു വർഷമായി നിരപരാധികളായ പെൺകുട്ടികൾ ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്ന സംസ്ഥാനം രാജസ്ഥാനാണ്. ഭരണപരമായ പിഴവുകൾ കൊണ്ട് സംഭവിച്ച ഇത്തരം വിഷയങ്ങൾ മറച്ചുവയ്ക്കാൻ ഇതുപോലുള്ള വിവാദ പരാമർശങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ്’ – ഷെഖാവത്ത് പറഞ്ഞു.

English Summary: Ashok Gehlot's comment on rape cases, Nirbhaya incident triggers criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com