ADVERTISEMENT

കൊളംബോ ∙ ചാരക്കപ്പലിന്റെ യാത്ര നീട്ടിവയ്ക്കാൻ ശ്രീലങ്ക ആവശ്യപ്പെട്ടതിനു പിന്നാലെ അടിയന്തര യോഗം വിളിച്ച് ചൈന. കൊളംബോയിലെ ചൈനീസ് എംബസിയാണു മുതിർന്ന ശ്രീലങ്കൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അത്യാധുനിക ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ്–5ന്റെ ആഗമന ഉദ്ദേശ്യം ഇന്ത്യ ‘വിശദമായി’ ചോദിച്ചതോടെയാണു കപ്പലിന്റെ വരവു നീട്ടിവയ്ക്കാൻ ചൈനയോടു ശ്രീലങ്ക ആവശ്യപ്പെട്ടത്.

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണു ഹംബൻതോട്ട തുറമുഖത്തെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്. തയാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യ സ്വരം കടുപ്പിക്കുകയായിരുന്നു. കൂടുതൽ ചർച്ചകൾക്കു ശേഷം കപ്പലിന്റെ വരവിൽ തീരുമാനമെടുക്കാമെന്നും അതുവരെ യാത്ര നീട്ടണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയമാണു കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകിയത്.

ഈ കത്ത് ലഭിച്ചതിനു പിന്നാലെയാണു ചൈനീസ് എംബസി അടിയന്തര യോഗം വിളിച്ചതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാരക്കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ടു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ചൈനീസ് അംബാസഡർ ക്വി സെൻഹോങ്ങുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതായി ചില ശ്രീലങ്കൻ മാധ്യമങ്ങൾ അറിയിച്ചു. ഇക്കാര്യം പക്ഷേ, പ്രസിഡന്റിന്റെ ഓഫിസ് നിഷേധിച്ചു.

കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് എത്തുന്നതെന്നാണു വിലയിരുത്തൽ. വർഷങ്ങളായി ഇന്ത്യയിലെ സുരക്ഷാതന്ത്രജ്ഞർ ഭയന്നിരുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഹംബൻതോട്ട വികസിപ്പിക്കുന്നവർക്ക് 99 വർഷത്തേക്കു തുറമുഖം പ്രവർത്തനത്തിനു നൽകാമെന്നായിരുന്നു ഓഫർ. കരാർ ലഭിച്ചതു ചൈനയ്ക്കാണ്. ചരക്കുകപ്പലുകൾക്കു മാത്രമാണു പ്രവർത്തനാനുമതി. സൈനിക കപ്പലുകൾക്ക് തുറമുഖത്ത് എത്തണമെങ്കിൽ ശ്രീലങ്കയുടെ അനുമതി ആവശ്യമാണ്. 1987ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

English Summary: China Seeks Urgent Meeting After Sri Lanka Relents To India Pressure: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com