ADVERTISEMENT

ലക്നൗ ∙ മകളെ കൊലപ്പെടത്താൻ ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നൽകിയ പിതാവ് ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശിലെ കങ്കർഖേഡയിലാണ് സംഭവം. വീട്ടുകാർക്ക് താൽപര്യമില്ലാത്ത പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ പിതാവ് തീരുമാനിച്ചത്. ഇതിനായി മകൾ അഡ്മിറ്റായ ആശുപത്രിയിലെ ജീവനക്കാരനെ ചുമതലപ്പെടുത്തുകയായിരുന്നു. ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ കുത്തിവച്ചാണ് കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് നവീൻ കുമാർ, ആശുപത്രി ജീവനക്കാരൻ നരേഷ് കുമാർ, ഇവരെ സഹായിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രണയബന്ധത്തെച്ചൊല്ലി നടന്ന തർക്കത്തിനു പിന്നാലെ പെൺകുട്ടി വീടിന്റെ മുകളിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വീഴ്ചയിൽ പരുക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുരുങ്ങുകളെ കണ്ട് ഭയന്നാണ് മകൾ താഴെ വീണതെന്നാണ് പിതാവ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്.

ഇതിനിടെയാണ് ഒരു ലക്ഷം രൂപ നൽകി ആശുപത്രി ജീവനക്കാരനായ നരേഷ് കുമാറിനെ മകളെ കൊലപ്പെടുത്താൻ ഏർപ്പാടാക്കിയത്. ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വേഷത്തിൽ ഐസിയുവിൽ പ്രവേശിച്ച നരേഷ് കുമാർ, പെൺകുട്ടിയുടെ ശരീരത്തിൽ ഉയർന്ന ‍അളവിൽ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ നടത്തിയ പരിശോധനയിൽ കൂടിയ അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ എത്തിയതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. നരേഷ് പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ഇയാളിൽനിന്നു പൊട്ടാസ്യം ക്ലോറൈഡ് നിറച്ച സിറിഞ്ചും 90,000 രൂപയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

English Summary: Father pays Rs 1 lakh to kill daughter in UP over love affair, 3 held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com