ADVERTISEMENT

കൊല്ലം∙ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ സിനിമയിൽ അഭിനയിപ്പിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാമെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്തു നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേന്ദ്രന്റെ പ്രസ്താവന.

‘നടൻ ദിലീപിനെതിരെ ഒരു കേസുണ്ട്. അതുകൊണ്ട് ആർക്കെങ്കിലും ദിലീപ് ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ദിലീപിനെതിരെയുള്ള കേസ് ശരിയായ നിലയിൽ അന്വേഷിച്ച് അയാൾ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണം. അതാണ് നിയതമായ മാർഗം. ഇവിടെ ശ്രീറാം വെങ്കിട്ടരാമൻ ഒരു ജില്ലയിലും കലക്ടറായി ജോലി ചെയ്യാൻ പാടില്ലെന്ന് പറയുന്നു. സിപിഐക്കാർ പറയുന്നു അയാളെ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന്. ഇതെന്ത് ന്യായമെന്നു മനസ്സിലാകുന്നില്ല. എന്തു സംവിധാനമാണ് ഇവിടെ മുന്നോട്ട് പോകുന്നത്.

ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ. അതെങ്ങനെ ശരിയാകും. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്തെടുക്കുന്നില്ല. ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് ബിജെപിയുടെയും ആവശ്യം. പക്ഷേ ആ കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളെ സർവീസിൽ തിരിച്ചെടുത്തതിനു ശേഷം ഒരു പദവിയിലും ഇരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം അംഗീകരിക്കില്ല. മതസംഘടനകൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കുന്നതാണ് കാണുന്നത്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. നവോത്ഥാന തീരുമാനമെന്ന് പറഞ്ഞാണ് തീരുമാനം കൊണ്ടുവന്നത്. എന്നാൽ നവോത്ഥാന നായകന് ഇടയ്ക്കിടക്ക് കാലിടറുന്നു. മതസംഘടനകളും വർഗീയ സംഘടനകളും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്. അതിന് സർക്കാർ മുട്ടുമടക്കുകയാണ്. അതിനെ നവോത്ഥാന സർക്കാർ എന്നല്ല പറയേണ്ടത്, നട്ടെല്ലില്ലാത്ത സർക്കാർ എന്നാണ്.’- കെ. സുരേന്ദ്രൻ പറഞ്ഞു. 

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരത്തെയും രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം നീതീകരിക്കാനാകില്ലെന്നും സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു വിഭാഗമാളുകളുടെ സമ്മര്‍ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി ഭീരുത്വമാണെന്നും കെ.സുരേന്ദ്രൻ ഫെയ്സ്ബുക് കുറിപ്പിൽ ആരോപിച്ചിരുന്നു.

English Summary : K Surendran against removing Sriram Venkitaraman fron Alappuzha district collector post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com