തൃശൂർ∙ ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാറാണ് (36) അറസ്റ്റിലായത്. സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിജയകുമാർ. കഴിഞ്ഞ നാലിന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ വീട്ടിൽ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളു. പീഡനശ്രമം വയോധിക ചെറുത്തതോടെ പ്രതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ബൈക്കിൽ എത്തിയ 45 വയസ്സോളം പ്രായമുള്ളയാൾ എന്നായിരുന്നു വയോധിക മൊഴി നൽകിയത്. ഇതനുസരിച്ച് ഒട്ടേറെ പേരെ ചോദ്യംചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം നെടുമ്പാളിലെ വാടക വീട്ടിൽ കഴിയുമ്പോഴായിരുന്നു പിടിയിലായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിനും പിടിച്ചുപറിക്കും ബലാത്സംഗശ്രമത്തിനും കേസുകളുണ്ട്. ആഭരണം വിറ്റ സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു.
English Summary: Youth held for attempt to rape 91 year old woman