ADVERTISEMENT

തിരുവനന്തപുരം∙ കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ബംഗാൾ സ്വദേശി ആദം അലി (21) പബ്ജി ഗെയിമിന് അടിമയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. ജോലിക്കുശേഷം തിരികെ വന്നാൽ രാത്രി ഏറെ നേരം ഇയാള്‍ ഗെയിമുകൾ കളിക്കാൻ സമയം ചെലവഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മൊഴി നൽകി. കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മനോരമയുടെ വീട്ടിന്റെ തൊട്ടടുത്തുള്ള വീടിന്റെ നിർമാണത്തിനായി എത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ.

കൂട്ടുകാരോടും വഴക്കിട്ടിരുന്ന ആദം അലി പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാർ പൊലീസിനോട് പറഞ്ഞു. സിമ്മുകൾ നിരന്തരം മാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്നും ഇവിടെ ഇനി നിൽക്കുന്നില്ലെന്നും കൂട്ടുകാരോട് പറഞ്ഞിരുന്നു. കാരണം അന്വേഷിച്ച കൂട്ടുകാരോട് ഒന്നും വെളിപ്പെടുത്തിയില്ല. പ്രായമായ സ്ത്രീയെ മർദിച്ചെന്നു മാത്രം പറഞ്ഞശേഷം തന്റെ സാധനങ്ങളുമായി പുറത്തേക്കുപോയി. പിന്നീട് കുറച്ചു നേരത്തിനുശേഷം ഒരു സിം കാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു.

ആദംഅലിക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മനോരമയുടെ വീട്ടിലെ ഉയർന്ന മതിൽ ചാടികടന്നാണ് മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിലേക്കു തള്ളിയത്. ഇക്കാരണത്താൽ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

1248-manorama-murder-tvm-police
കേശവദാസപുരത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ വീടിന്റെ പരിസരത്ത് പൊലീസ് പരിശോധന നടത്തുന്നു: ചിത്രം: മനോരമ

അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ആദം അലി മാത്രമാണ് ഒളിവിൽപോയത്. പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോരമയുടെ ഭർത്താവ് ദിനരാജ് ഇന്നലെ വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. മനോരമയുടെ വീട്ടിൽനിന്നാണ് തൊഴിലാളികൾ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. 

1248-manorama-crime-tvm
കേശവദാസപുരത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ വീടിന്റെ പരിസരത്ത് പൊലീസ് പരിശോധന നടത്തുന്നു: ചിത്രം: മനോരമ

ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. കൊലപാതക വിവരം വൈകിയാണ് പൊലീസ് അറിയുന്നത്. ഇതിനാൽ കൊലയാളിക്ക് ജില്ലയിൽനിന്ന് രക്ഷപ്പെടാൻ സാവകാശം ലഭിച്ചിരിക്കാമെന്ന് പൊലീസ് കരുതുന്നു. 

English Summary: Adam Ali,a habitual trouble maker; police intensifies search for prime suspect in Manorama Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com