ADVERTISEMENT

കൊച്ചി ∙ 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതാ നിർമാണ പ്രവർത്തിയിൽ അഴിമതി നടന്നതായി സിബിഐ. പത്തു ദിവസം മുൻപ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോഡിന്റെ നിർമാണം പൂർത്തിയാക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയ പാത ഉദ്യോഗസ്ഥർക്കും എതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

റോഡിന്റെ ടാറിങ്ങിൽ ഗുരുതരമായ വീഴ്ചകളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 22.5 സെന്റിമീറ്റർ കനത്തിൽ ടാറിങ് ചെയ്തിട്ടുണ്ടാവണം എന്നിരിക്കെ 17 മുതൽ 18 സെന്റീമീറ്റർ മാത്രമാണ് പലയിടത്തും കനമുള്ളത്. റോഡിന്റെ സർവീസ് റോഡ് നിർമാണത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ദേശീയ പാതാ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കണ്ടെത്തിയെങ്കിലും ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല.

∙ കേരള പൊലീസും കേസെടുത്തു

അതിനിടെ, ദേശീയപാതയിൽ നെടുമ്പാശേരിക്കു സമീപം കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്തു. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചറിനെതിരെയാണ് കേസെടുത്തത്. അതേസമയം, ഈ കേസിൽ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാത്തതിൽ പൊലീസിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. ദേശീയപാതാ അധികൃതരാണ് മകന്റെ മരണത്തിന് കാരണമെന്നും, ഉദ്യോഗസ്ഥരെയും, കരാർ കമ്പനിയെയും പ്രതിചേർക്കാത്തത് ദുരൂഹമാണെന്നും മരിച്ച സനുവിന്റെ മാതാപിതാക്കൾ ആരോപിച്ചു.

ദേശീയ പാതയിലെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും 18 വർഷത്തെ കരാറുണ്ട് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്. എന്നാൽ അറ്റകുറ്റ പണി നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കമ്പനിക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. നെടുമ്പാശേരി ദേശീയപാതയിലെ കുഴിയിൽ വീണുള്ള മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

ദേശീയ പാതയിൽ കുഴിയടക്കൽ ഇന്നലെ ആരംഭിച്ചെങ്കിലും രണ്ട് കിലോമീറ്ററോളം മാത്രമാണ് പൂർത്തിയായത്. കുഴികൾ നിറഞ്ഞ പാതയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ പോകുന്നത്. മഴ മാറി നിൽക്കുന്നുണ്ടെങ്കിലും ദേശീയപാതയിൽ ഇന്ന് അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.

English Summary: Corruption in Mannuthy-Edappally National Highway Project, Says CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com