ADVERTISEMENT

കോഴിക്കോട് ∙ സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ്  സിപിഎം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എക്കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിനു കടകവിരുദ്ധമാണ്. ഇത് പാർട്ടിക്ക് ഒരുവിധത്തിലും അംഗീകരിക്കാവുന്നതല്ല. അതുകൊണ്ട് ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നുവെന്ന് മോഹനൻ വ്യക്തമാക്കി.

അതേസമയം, ബാലഗോകുലം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്. ബിജെപിയുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും പാർട്ടി വിലക്കിയിട്ടില്ല. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടിയോട് അനുവാദം ചോദിക്കാൻ തോന്നിയില്ലെന്നും മേയർ വിശദീകരിച്ചിരുന്നു.

ആർഎസ്എസ് ബന്ധമുള്ള പരിപാടിയിൽ പങ്കെടുത്ത മേയറിനെ വിമർശിച്ച് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. സിപിഎം ചെലവില്‍ ആര്‍എസ്എസിനു മേയറെ കിട്ടിയെന്നായിരുന്നു ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാറിന്റെ പരിഹാസം. മേയര്‍ക്കെതിരെ സിപിഎം നടപടിയെടുക്കാന്‍ തയാറാണോയെന്നും പ്രവീണ്‍കുമാര്‍ ചോദിച്ചിരുന്നു. എന്നാൽ,  മേയർ എല്ലാവരുടേതുമാണെന്നും ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മേയർക്ക് പൂർണ പിന്തുണ നൽകുമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവനും വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് സിപിഎം മേയറെ പരസ്യമായി തള്ളിപ്പറയാൻ തീരുമാനിച്ചത്. ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്ന നിലപാടാണ്  സിപിഎമ്മിനുള്ളത്. പാർട്ടി അനുഭാവികളായ കുട്ടികൾ ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ അവർ ബദൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

English Summary: CPM Opposes Kozhikode Mayor For Attending RSS Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com