ADVERTISEMENT

തിരുവനന്തപുരം∙ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി അയൽപക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് 21 വയസ്സുകാരനായ അതിഥിത്തൊഴിലാളിയെന്നു പൊലീസ്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി  മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കു ശേഷമെന്നാണ് നിഗമനം.

അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്. ഒളിവിൽപ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മനോരമയ്ക്കായി തിരച്ചിലിനിടെ ഇവരുടെ വീടിന് തൊട്ടുപിറകിലുള്ള ആൾതാമസില്ലാത്ത വീട്ടിലെ കിണറിന് മുകളിൽ ഉണ്ടായിരുന്ന ഇരുമ്പ് ഗ്രിൽ മാറ്റിയ നിലയിൽ കണ്ടെത്തിയത് സംശയം ഉണർത്തിയിരുന്നു. 

ആദം അലിക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.  

ദമ്പതിമാർ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി കൊലപാതകത്തിനുള്ള പ്ലാൻ ആദം അലി നേരത്തെ തയാറാക്കിയതായി പൊലീസ് സംശയിക്കുന്നു. ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ടതായി സമീപവാസികളാണു ദിനരാജിനെ ഫോണിൽ വിളിച്ച് അറിയിച്ചത്.  പൊലീസ് എത്തി പരിശോധിച്ചപ്പോൾ വീട്ടിൽ സൂക്ഷിച്ച 50,000 രൂപ കാണാനില്ലെന്നു കണ്ടെത്തിയിരുന്നു. ഒരാൾ നിലവിളിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ സമീപത്തുള്ള വീടുകളിൽ കയറി പരിശോധിച്ചിരുന്നു. മനോരമയുടെ വീട്ടിൽ നിന്ന് മാത്രം ആരും ഇറങ്ങിവന്നില്ല. ഇതിനു പിന്നാലെയാണ് അയൽവാസികൾ ദിനരാജിനെ ഫോണിൽ ബന്ധപ്പെട്ടത്.

English Summary: Elderly woman murdered in Thiruvananthapuram; search for  migrant worker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com