ADVERTISEMENT

കോഴിക്കോട് ∙ സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോഴാണ് പരിപാടിക്കു പോയതെന്ന് മേയർ വിശദീകരിച്ചു. മാതൃ സമ്മേളനത്തിൽ ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു.

ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് വിചാരിച്ചിട്ടല്ല പോയത്. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വ്യക്തമാക്കി. ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്.

മേയറുടെ പ്രതികരണം

‘‘മേയറെന്ന നിലയ്ക്ക് അമ്മമാരുടെ ഒരു പരിപാടിക്ക് നമ്മളെ വിളിക്കുന്നു. അതിനകത്ത് ഇത്രമേൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആർഎസ്എസിന്റെ ഒരു പോഷക സംഘടനയാണ് ആർഎസ്എസ് എന്നു വിചാരിച്ചിട്ടില്ല. ആർഎസ്എസുമായി ബന്ധപ്പെട്ടവരാണെന്ന് അറിയാമെന്നല്ലാതെ, അവരുമായി സംസാരിക്കുമ്പോൾ പോഷകസംഘടനയാണെന്നൊന്നും തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. ബിജെപിക്കാർ നടത്തുന്ന പല പരിപാടികൾക്കും ഞാൻ പോകാറുണ്ട്. അപ്പോഴൊക്കെ പാർട്ടി അതു കുഴപ്പമില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അവിടെയൊന്നും നമ്മൾ വർഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ല. അങ്ങനെയുള്ള ഒരു വേദിയേ അല്ലായിരുന്നു അത്. അതുകൊണ്ടാണ് ഞാൻ പോയത്.’

‘‘കൃഷ്ണനെ സ്നേഹിക്കുന്നവരാണെങ്കിൽ ഉണ്ണിക്കണ്ണനേപ്പോലെ എല്ലാ കുട്ടികളെയും കാണാൻ പഠിക്കണം. അങ്ങനെയാകുമ്പോൾ അതൊരു സംസ്കാരമായിട്ടു മാറും. അങ്ങനെയാണ് വാസ്തവത്തിൽ ഞാൻ പറഞ്ഞത്. അല്ലാതെ ഭക്തിയുള്ളവരാക്കി വളർത്തണം എന്നു ഞാൻ പറഞ്ഞിട്ടില്ല.’

‘‘പരിപാടിക്കു ചെന്നപ്പോൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൃഷ്ണവിഗ്രഹത്തിൽ തുളസിയും ചെമ്പരത്തിപ്പൂവുമെല്ലാമുള്ള ഒരു മാല ചാർത്തി. ഞാൻ അങ്ങനെയൊക്കെ ചെയ്യുമോ എന്നൊരു സംശയം അവർക്കുണ്ടായിരുന്നു. കുങ്കുമമൊക്കെ തൊടാമോ എന്ന് അവർ എന്നോടു ചോദിച്ചു. ഞാനൊക്കെ ഇതൊന്നും ഒരു മതത്തിന്റെ മാത്രം സംഗതിയായി കണ്ടിട്ടില്ല. ഏഴാം ക്ലാസ് വരെ ഞാൻ മുസ്‌ലിം മാനേജ്മെന്റിന്റെ സ്കൂളിലാണ് പഠിച്ചത്. എന്റെ മനസ്സിൽ വർഗീയതയുടെ തരിമ്പു പോലുമില്ല. അതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ദുഃഖമുണ്ട്.’

‘‘ആ പരിപാടിക്കു ചെന്നപ്പോൾ ഞാൻ അവരോടു തന്നെ പറഞ്ഞു. എനിക്ക് അങ്ങനെയുള്ള പ്രത്യേകതയൊന്നുമില്ല. ഞാൻ നെറ്റിയിൽ കുറിയിട്ട ആളാണ്. അന്ന് വിക്ടർ കല്യാണം കഴിച്ചുകൊണ്ടു വന്നത് ഒരു നായർ പെൺകുട്ടിയെയാണെന്ന് പറഞ്ഞവരുണ്ട്. ഇത്രയും ഇടുങ്ങി ചിന്തിക്കുന്ന ആളുകൾക്ക് സിന്ദൂരം തൊട്ടാൽ അതു വലിയ പ്രശ്നമാകും.’

∙ മേയർ പരിപാടിയിൽ പറഞ്ഞത്

കേരളത്തിലെ ശിശു പരിപാലനം മോശമാണ്. ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവർ. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല; ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനം’.

‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ  ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും’

∙ വിമർശിച്ച് കോൺഗ്രസ്

അതേസമയം, കോഴിക്കോട് മേയര്‍ ആര്‍എസ്എസ് വേദിയില്‍ എത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം ചെലവില്‍ ആര്‍എസ്എസിനു മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. മേയര്‍ക്കെതിരെ സിപിഎം നടപടിയെടുക്കാന്‍ തയാറാണോയെന്നും പ്രവീണ്‍കുമാര്‍ ചോദിച്ചു.

ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു  സിപിഎം നിലപാട്. പാർട്ടി അനുഭാവികളായ കുട്ടികൾ ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ  ബദൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
English Summary: Kozhikode Mayor's Explanation On Attending RSS Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com