ADVERTISEMENT

കോഴിക്കോട് ∙ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് വിവിധ മുസ്‍ലിം സംഘടനാ നേതാക്കൾ. കേരളീയ സമൂഹം കുടുംബ ഘടനയ്ക്കും ധാർമിക മൂല്യങ്ങൾക്കും വില കൽപ്പിക്കുന്നവരാണ്. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ജനാധിപത്യം. മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ വിദ്യാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്നും കോഴിക്കോട്ടു ചേർന്ന മുസ്‍ലിം സംഘടനകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

‘ലിംഗവിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണു വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജെൻഡർ ന്യൂട്രൽ ആശയങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവലം വസ്ത്രത്തിന്റെ മാത്രം വിഷയമല്ല.  ഇടതുപക്ഷ സർക്കാർ കലാലയങ്ങളിൽ ലിബറൽ വാദങ്ങളെ നിർബന്ധപൂർവം നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണം’ – കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവരുന്നതിനോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് മുസ്‍ലിം സംഘടനകൾ യോഗം ചേർന്ന് ആശങ്ക പ്രകടിപ്പിച്ചത്. മുസ്‍ലിം ലീഗ് അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് കോഴിക്കോട്ട് യോഗം വിളിച്ചത്. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സാദിഖലി തങ്ങളുടെ അഭാവത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. വിവിധ മുസ്‍ലിം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

English Summary: Muslim Organizations On Gender Neutral Uniforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com