ADVERTISEMENT

കൊച്ചി ∙ നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. ഇന്ത്യയിൽ നിരോധനമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഒാഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അടുത്ത ദിവസം പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎഇ പൗരൻ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആർ സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്.

‘‘കോൺസുലേറ്റിലേക്ക് ഒരു കോൾ വന്നു. ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോൺസുൽ ജനറൽ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ശിവശങ്കർ സാറിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കർ സർ പറഞ്ഞു. 10 മിനിറ്റിനുള്ളിൽ അദ്ദേഹം തിരിച്ചുവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികൾ എടുത്തെന്നും പറഞ്ഞു.’ – സ്വപ്ന വിശദീകരിച്ചു.

‘‘അധികം വൈകാതെ അയാള്‍ക്കു ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന്റെ ഇടപെടലുണ്ടായി. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന്‍ ഒാഗസ്റ്റ് ഏഴിനു തന്നെ രാജ്യം വിട്ടു. ഇത്രയും ഗുരുതരമായ ഈ കേസില്‍ പിന്നീട് തുടരന്വേഷണമുണ്ടായില്ല.’ – സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

‘‘സ്വർണക്കടത്തു കേസ് എന്നു കേട്ടപ്പോൾത്തന്നെ ദേശീയ അന്വേഷണ ഏജൻസികളെ ഇവിടേക്കു ക്ഷണിച്ച ആളാണ് മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രിയാണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരം സാറ്റലൈറ്റ് ഫോണുമായി യുഎഇ പൗരൻ പിടിക്കപ്പെട്ടപ്പോൾ യാതൊരു അന്വേഷണവും കൂടാതെ ഇയാളെ വിട്ടയയ്ക്കാൻ ഇടപെട്ടത്. 30–ാം തീയതി ഇവിടെയെത്തിയ ഈ യുഎഇ പൗരൻ നാലാം തീയതി പിടിയിലാകുന്നതുവരെ കേരളത്തിൽ എന്തൊക്കെ ചെയ്തു എന്നതിൽ യാതൊരു അന്വേഷണവും കൂടാതെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയും ശിവശങ്കറും ഇടപെട്ടു. ഒരു തീവ്രവാദിയെ ഇവിടെനിന്നു രക്ഷപ്പെടുത്താനാണ് കോൺസുലേറ്റിനെയും കോൺസൽ ജനറലിനെയും ഇവർ സഹായിച്ചത്.’ – സ്വപ്ന ആരോപിച്ചു.

“ഈജിപ്തിൽ ജനിച്ച യുഎഇ പൗരനാണ് അയാൾ. അതായത് അയാൾ ഒരു യഥാർഥ യുഎഇ പൗരനല്ലെന്ന് വ്യക്തം. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്കാണ് അയാൾ വന്നത്. ഒമാൻ എയർവേയ്സ് വിമാനം വഴി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫിന്റെ പിടിയിലായത്. പിന്നീട് പിആർഒ ആവശ്യപ്പെട്ടതു പ്രകാരം ഒരു സത്യവാങ്മൂലം ഞാൻ എഴുതി കോൺസുൽ ജനറലിനെക്കൊണ്ട് ഒപ്പിടുവിച്ച് വാട്സാപ്പിൽ അയച്ചുനൽകി. നാലാം തീയതി അറസ്റ്റ് ചെയ്തയാൾ ആറാം തീയതി വരെ കസ്റ്റഡിയിലായിരുന്നു. ആറിന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് അയാളെ റിലീസ് ചെയ്തു. ഏഴാം തീയതി അയാളെ തിരികെ അയച്ചു. ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു.’ – സ്വപ്ന പറഞ്ഞു.

‘മുൻപ് ഞാൻ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, അത് തൂക്കിക്കൊല്ലാൻ മാത്രം വലിയ കുറ്റമാണോയെന്ന് മുൻ മന്ത്രി കെ.ടി.ജലീൽ ചോദിച്ചു. അത് ശരിയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താൻ ഇടപെടുമ്പോൾ ഒരു പ്രോട്ടോക്കോൾ ലംഘനമൊക്കെ വലിയ കുറ്റമാണോയെന്ന് അദ്ദേഹത്തിനു തോന്നുന്നത് സ്വാഭാവികം. എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താൻ യുഎഇ കോൺസുലേറ്റിനെ സഹായിച്ചത്? അതിന്റെ ഉത്തരം അതിൽത്തന്നെയുണ്ട്. മകൾ വീണയുടെ ബിസിനസ് സംബന്ധമായ ആവശ്യങ്ങൾ നടത്തിയെടുക്കുന്നതിനാണ് അദ്ദേഹം നിയമവിരുദ്ധമായ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് വ്യക്തമല്ലേ?’ – സ്വപ്ന സുരേഷ് ചോദിച്ചു.

English Summary: Swpan Suresh Accuses CM Pinarayi Vijayan Helped UAE National With Banned Satellite Phone To Escape From India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com