ADVERTISEMENT

ബെംഗളൂരു ∙ രഹസ്യബന്ധം ചോദ്യം ചെയ്‌ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്നുതള്ളിയ യുവതികൾ പിടിയിൽ. കലബുർഗി സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് സഹോദരൻ നാഗരാജ് മാതമാരിയെ (28) കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ജൂലൈ 29ന് ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് നാഗരാജ് മാതമാരിയെ വാടക കൊലയാളി അവിനാഷിന്റെ (25) നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. കല്ലും പൊട്ടിയ ബീയർ കുപ്പിയും ഉപയോഗിച്ച് ഇടിച്ചും കുത്തിയുമായിരുന്നു കൊലപാതകം. നാഗരാജിനെ ഓട്ടോറിക്ഷയിൽ വലിച്ചുകയറ്റി കഴുത്തറുത്ത് മരണം ഉറപ്പാക്കിയെന്നും അലാൻഡ് റോഡിലുള്ള ഭോസ്‍ഗാ ക്രോസിൽ തള്ളിയെന്നും പൊലീസ് പറയുന്നു.

തലയിൽ ഒരു വലിയ കല്ല് കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അവിനാഷിനെ കൂടാതെ ആഷിക് (27), രോഹിത് (27) എന്നിവരും പിടിയിലായി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാഗരാജ് മാതമാരിയുടെ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മാതമാരിയെ കൊല്ലാൻ അനിതയും മീനാക്ഷിയും 50,000 രൂപ വാഗ്‌ദാനം ചെയ്‌തെന്നു കൂട്ടുപ്രതികൾ മൊഴി നൽകി.

അനിതയും മീനാക്ഷിയും വിവാഹബന്ധം വേർപ്പെടുത്തി അമ്മയ്ക്കും നാഗരാജിനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ പലതവണയായി പ്രദേശത്തെ ഒന്നിലധികം പേരുമായി ഇവർ അടുപ്പം സ്ഥാപിച്ചതിനെ നാഗരാജ് ചോദ്യം ചെയ്‍തത് വൈരാഗ്യത്തിനു കാരണമായി. നാഗരാജ് ഇവരിൽനിന്ന് നിരന്തരം പണം ആവശ്യപ്പെട്ടതും സഹോദരിമാരുടെ അനിഷ്ടത്തിനു കാരണമായി. രഹസ്യബന്ധം തുടരുന്നതിന് സഹോദരനെ വകവരുത്താൻ ഇവര്‍ തീരുമാനിക്കുകയായിരുന്നുവെന്നു കൽബുർഗി പൊലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

English Summary: 2 sisters hire killers to get rid of brother in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com