ഒരുമുഴം മുൻപേ എറിഞ്ഞ് നിതീഷ്, അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ബിജെപി

Narendra Modi, Nitish Kumar, Amit Shah
നരേന്ദ്ര മോദി, നിതീഷ് കുമാർ, അമിത് ഷാ
SHARE

പട്ന∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു വിജയങ്ങളുടെ തിളക്കത്തിനിടെ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ബിജെപി. ബിഹാർ മുഖ്യമന്ത്രിയും ജെ‍ഡിയു നേതാവുമായ നിതീഷ് കുമാർ എൻഡിഎ വിടുമെന്നു പ്രഖ്യാപിച്ചതാണ് ബിജെപിയെ ‍‍ഞെ‌ട്ടിച്ചത്. 2020 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പലപ്രാവശ്യം നിതീഷും ബിജെപിയും തമ്മിൽ ഉരസിയിരുന്നെങ്കിലും ഇത്തവണ തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നു നിതീഷിന്റെ നീക്കം. അപകടം മണത്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് അനുരഞ്ജനശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ചൊവ്വാഴ്ച ജെഡിയു എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് എൻഡിഎ വിടുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചത്. ആർജെഡിയും കോൺഗ്രസുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു മുന്നോടിയായി ഗവർണറെ കണ്ടു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.

∙ ഒരുമുഴം മുൻപേ നിതീഷ്

മഹാരാഷ്ട്രയിൽ ഉൾപ്പെടെ ബിജെപി നടത്തിയ രാഷ്ട്രീയനീക്കമാണ് കളം മാറ്റി ചവിട്ടാൻ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബിഹാറിലും ‘മഹാരാഷ്ട്ര മോഡൽ’ അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ നിതീഷിനു മുന്നറിയിപ്പു നൽകിയിരുന്നു. ജെഡിയു മുൻ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ആർ.സി.പി. സിങ്ങിനെ മുൻനിർത്തിയാണ് നീക്കമെന്നും ബിജെപിയെ വിശ്വസിക്കരുതെന്നും ഇവർ പറഞ്ഞു. ഇതോടെയാണ് ഒരു മുഴം മുൻപേ എറിയാൻ നിതീഷ് തീരുമാനിച്ചത്.

ബിഹാർ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘റിമോട്ട് കൺട്രോൾ’ ഇടപെടലുകളും നിതീഷിനെ ചൊടിപ്പിച്ചു. ഇതിനെ തുടർന്നാണ് അമിത് ഷായുടെ വിശ്വസ്തനെന്നു നിതീഷ് കരുതിയ ആർ.സി.പി. സിങ്ങിന് രാജ്യസഭാംഗത്വം പുതുക്കി നൽകാതെ മന്ത്രിസഭയിൽ‌നിന്നു പുറത്തെത്തിച്ചത്. അഴിമതി ആരോപണങ്ങളിൽ വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ ആർ.സി.പി. സിങ് ശനിയാഴ്ച പാർട്ടി വിടുകയും ചെയ്തു.

Tejashwi-Yadav-and-Nitish-Yadav
തേജസ്വി യാദവ്, നിതീഷ് കുമാർ

മഹാരാഷ്ട്രയിൽ, ഉദ്ധവ് താക്കറെയുടെ പതനത്തിനു കാരണമായത് സ്വന്തം പാർട്ടിലെ മുതിർന്ന നേതാവായ ഏക്നാഥ് ഷിൻഡെയുടെ കലാപമാണ്. ബിജെപിയുമായി ചേർന്ന് ഷിൻഡെ ശിവസേനയെ പിളർത്തുകയായിരുന്നു. ജെഡിയുവിൽ ആ റോൾ ആർ.സി.പി. സിങ് ഏറ്റെടുത്തേക്കുമെന്ന ഭയമാണ് നിതീഷിന്റെ ചടുലനീക്കത്തിനു പിന്നിൽ.

2013ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോൾ, സഖ്യത്തിലായിരുന്ന നിതീഷ് കുമാർ എതിർത്തിരുന്നു. പിന്നാലെ 2015 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെ‍ഡി, കോൺഗ്രസ് പാർട്ടികളുമായി ചേർന്നു മഹാസഖ്യം രൂപീകരിച്ചാണ് നിതീഷ് കുമാർ മത്സരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തത്. എന്നാൽ 2017ൽ തേജസ്വി യാദവിനെതിരെ അഴിമതി ആരോപിച്ച് സഖ്യം വിടുകയും വീണ്ടും എൻഡിഎയിലെത്തുകയും ചെയ്തു.

2020ൽ നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ അവർക്ക് ജെഡിയുവിനേക്കാൾ സീറ്റ് കിട്ടിയതോടെ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. ചിരാഗ് പാസ്വാനെ കരുവാക്കി ബിജെപി തന്നെയാണ് പാർട്ടിയെ തളർത്താന്‍ പദ്ധതിയിട്ടതെന്ന് ജെഡിയു വിശ്വസിക്കുന്നു. പാർട്ടിയെ പിളർത്താൻ ബിജെപി ശ്രമിക്കുന്നതായി ജെ‍ഡിയു പലതവണ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് അതിനു ശ്രമിക്കുന്നതെന്ന് നിതീഷ് കുമാർ പലതവണ ഒളിഞ്ഞും തെളിഞ്ഞും പറയുകയും ചെയ്തു.

ഹിന്ദി സംസ്ഥാനങ്ങളിൽ ഇതുവരെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരണം കിട്ടാത്ത ഏക സംസ്ഥാനമാണ് ബിഹാർ. ഈ ചീത്തപ്പേര് നീക്കാനാണ് ജെഡിയുവിനെ പിളർത്തി സംസ്ഥാനഭരണം പിടിക്കാൻ ബിജെപി ചരടുവലി നടത്തിയത്. എന്നാൽ നിതീഷ് കുമാറിന്റെ ചടുലനീക്കത്തോടെ ഭരണപക്ഷത്തുനിന്നു പ്രതിപക്ഷത്തേയ്ക്കു പോകേണ്ട അവസ്ഥയിലായി ബിജെപി.

∙ കണക്കിലെ കളി

ആർജെഡി സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ ജെഡിയുവിന് നിഷ്പ്രയാസം സാധിക്കും. ആർജെഡി സഖ്യം–110, എൻഡിഎ സഖ്യം 125 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർജെഡി–75, ബിജെപി–74, ജെഡിയു–43, ഇടതുപക്ഷം– 16 എന്നിങ്ങനെയായിരുന്നു വിജയം.

എന്നാൽ വികാശീൽ ഇൻസാഫ് പാർട്ടിയിലെ മൂന്ന് അംഗങ്ങൾ ബിജെപിയിലും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിക്കൊപ്പവും ചേര്‍ന്നതോടെ കക്ഷിനില യഥാക്രമം 77, 79 എന്നിങ്ങനെയായി.

243 അംഗ നിയമസഭയിൽ 122 പേരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷം എന്നിവരുടെ പിന്തുണ കൂടാതെ മുൻ മുഖ്യമന്ത്രി ജിതിൻ റാം മാ‍ഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചയുടെ (എച്ച്എഎം) നാല് എംഎൽഎമാരുടെ പിന്തുണയും ജെ‍ഡിയുവിന് ഉണ്ട്.

കക്ഷിനില ഇങ്ങനെ

∙ ആർജെ‍ഡി– 79
∙ ബിജെപി– 77
∙ ജെ‍ഡിയു– 45
∙ കോൺഗ്രസ്– 19
∙സിപിഐ–എംഎൽ– 12
∙ സിപിഎം– 2
∙ സിപിഐ– 2
∙എച്ച്എഎം –4
∙ സ്വതന്ത്രൻ– 1
∙എഐഎംഐഎം–1

ആകെ– 242*

* ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്

English Summary: Big Blow for BJP at Bihar at Nitish Kumar Ends Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}