സിപിഐ പ്രവർത്തകർ താലോലിക്കുന്ന പണ്ടെത്തെ ഒരു സംഭവമുണ്ട്. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ നേതാക്കളെ നിർത്തിപ്പൊരിക്കുന്നതു കണ്ട് സോവിയറ്റ് യൂണിയനിൽ നിന്നെത്തിയ പ്രതിനിധി അദ്ഭുതത്തോടെ ചോദിച്ചത്രേ- ‘‘ഇതൊരു കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണോ?’’ ഞങ്ങൾ ഉൾപ്പാർട്ടി ചർച്ചയ്ക്കും ജനാധിപത്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നുവെന്നായിരുന്നു എൻ.ഇ. ബലറാം അദ്ദേഹത്തോടു മറുപടി പറഞ്ഞത്. ആ സിപിഐയ്ക്ക് ഇപ്പോളെന്തു സംഭവിച്ചു?

സിപിഐ പ്രവർത്തകർ താലോലിക്കുന്ന പണ്ടെത്തെ ഒരു സംഭവമുണ്ട്. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ നേതാക്കളെ നിർത്തിപ്പൊരിക്കുന്നതു കണ്ട് സോവിയറ്റ് യൂണിയനിൽ നിന്നെത്തിയ പ്രതിനിധി അദ്ഭുതത്തോടെ ചോദിച്ചത്രേ- ‘‘ഇതൊരു കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണോ?’’ ഞങ്ങൾ ഉൾപ്പാർട്ടി ചർച്ചയ്ക്കും ജനാധിപത്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നുവെന്നായിരുന്നു എൻ.ഇ. ബലറാം അദ്ദേഹത്തോടു മറുപടി പറഞ്ഞത്. ആ സിപിഐയ്ക്ക് ഇപ്പോളെന്തു സംഭവിച്ചു?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഐ പ്രവർത്തകർ താലോലിക്കുന്ന പണ്ടെത്തെ ഒരു സംഭവമുണ്ട്. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ നേതാക്കളെ നിർത്തിപ്പൊരിക്കുന്നതു കണ്ട് സോവിയറ്റ് യൂണിയനിൽ നിന്നെത്തിയ പ്രതിനിധി അദ്ഭുതത്തോടെ ചോദിച്ചത്രേ- ‘‘ഇതൊരു കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണോ?’’ ഞങ്ങൾ ഉൾപ്പാർട്ടി ചർച്ചയ്ക്കും ജനാധിപത്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നുവെന്നായിരുന്നു എൻ.ഇ. ബലറാം അദ്ദേഹത്തോടു മറുപടി പറഞ്ഞത്. ആ സിപിഐയ്ക്ക് ഇപ്പോളെന്തു സംഭവിച്ചു?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ സ്വതന്ത്രനായ ഡോ. ബെനറ്റ് എബ്രഹാമിനെ പരീക്ഷിച്ച് സിപിഐ പരിക്ഷീണരായ കാലത്തെ സംഭവമാണ്. പികെവിയെയും പന്ന്യൻ രവീന്ദ്രനെയും ജയിപ്പിച്ച തലസ്ഥാനത്തെ വോട്ടർമാർ 2014ൽ പാർട്ടിക്ക് മൂന്നാം സ്ഥാനമാണു നൽകിയത്. പാർട്ടിക്കാർ പോലും സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ല എന്ന് പ്രചാരണമുണ്ടായി. തുടർന്ന് ഉത്തരവാദികളായ നേതാക്കൾക്കെതിരെ പാർട്ടി നടപടി വരുമെന്ന് കഥകൾ പ്രചരിച്ചു. ഉന്നത നേതാക്കൾക്കെതിരെ നടപടി വരുമോ? സംശയിച്ചവരോട് പ്രമുഖ നേതാവു തന്നെ പറഞ്ഞു- ‘‘ഞങ്ങളുടെ പാർട്ടിയെ അറിയാത്തതുകൊണ്ടാണ് ആ സംശയം. ശക്തമായ വിമർശനമാണ് ഞങ്ങൾ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. കണ്ടറിയുക.’’ തുടർന്നു ചേർന്ന പാർട്ടി സംസ്ഥാന കൗൺസിലിൽ നിശിതമായ ചർച്ച തന്നെ നടന്നു. നേതാക്കളെ വിചാരണ ചെയ്തു. സി.ദിവാകരൻ ദേശീയ എക്സിക്യുട്ടീവിൽ നിന്ന് പുറത്തായി. ജില്ലാ സെക്രട്ടറി ആയിരുന്ന പി. രാമചന്ദ്രൻനായർ പാർട്ടിയിൽനിന്നു തന്നെ പുറത്തുപോയി. സിപിഐ പ്രവർത്തകർ താലോലിക്കുന്ന മറ്റൊരു സംഭവമുണ്ട്. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ നേതാക്കളെ നിർത്തിപ്പൊരിക്കുന്നതു കണ്ട് സോവിയറ്റ് യൂണിയനിൽ നിന്നെത്തിയ പ്രതിനിധി അദ്ഭുതത്തോടെ ചോദിച്ചത്രേ- ‘‘ഇതൊരു കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണോ?’’ ഞങ്ങൾ ഉൾപ്പാർട്ടി ചർച്ചയ്ക്കും ജനാധിപത്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നുവെന്ന് എൻ.ഇ. ബലറാം അദ്ദേഹത്തോടു മറുപടി പറഞ്ഞു. തൊണ്ണൂറുകളിൽ ഗ്ലാസ്നോസ്തിന്റെ കാലത്ത് സോവിയറ്റ് പാർട്ടിയും തുറന്ന ചർച്ചകളെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത് വീണ്ടും കണ്ടപ്പോൾ ഇതേ സോവിയറ്റ് നേതാവ് ബലറാമിനോട് പറഞ്ഞത്രേ- ‘‘നിങ്ങൾ ചെയ്തതാണ് ശരി.’’

∙ ജനാധിപത്യവും കമ്മ്യൂണിസ്റ്റ് പാർട്ടികളും

ADVERTISEMENT

ജനാധിപത്യവും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരുമിച്ചു പോകില്ല എന്ന് കെ. വേണു പറയാറുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് സംഘടനയ്ക്ക് ജനാധിപത്യപരമാകണമെന്ന് ആഗ്രഹിച്ചാലും സാധിക്കില്ല. അതാണ് അതിന്റെ ചട്ടക്കൂട്. ഒരുപാട് കാലംകഴിഞ്ഞാണ് താൻ ഇക്കാര്യം തിരിച്ചറിഞ്ഞതെന്ന് കെ. വേണു കുമ്പസാരിക്കുന്നു. നക്സലൈറ്റായി തുടരവെ, ജനാധിപത്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ പിൽക്കാലത്ത് അതേപ്പറ്റി മനസ്സിലാക്കാൻ ലെനിന്റെ കൃതികൾ താൻ ആവർത്തിച്ചു വായിച്ചെന്ന് വേണു പറയുന്നു. പക്ഷേ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും കണ്ടെത്താനായില്ല. ആ സങ്കടത്തിൽ താൻ കരഞ്ഞു പോയെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വേണു തുറന്നുപറഞ്ഞിരുന്നു.

കെ.വേണു. ചിത്രം: മനോരമ

ടിയാനൻമെൻസ്ക്വയർ കൂട്ടക്കൊല അടക്കമുള്ള പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയുകയും പാർട്ടി നടപടി നേരിടുകയും ചെയ്തയാളാണ് സിപിഎം താത്വികാചാര്യനായിരുന്ന പി. ഗോവിന്ദപ്പിള്ള. അദ്ദേഹത്തിന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.ജി. രാധാകൃഷ്ണൻ അടുത്തിടെ സിപിഎമ്മിനെപ്പറ്റി ഇങ്ങനെ പറഞ്ഞു- ‘‘സിപിഎമ്മിന്റെ ശക്തി ഉൾപ്പാർട്ടി ജനാധിപത്യം ആയിരുന്നു. ഏതൊരു സംഘടനയ്ക്കും പ്രാണവായു ആണത്. പാർട്ടിയും സർക്കാരും ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം അതാണ്. ആദ്യമായാണ് ഇത്രയും അധികാര കേന്ദ്രീകരണം. അപകടകരമാണു കാര്യങ്ങൾ’’. ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരോഭവിച്ചതിനു പിന്നിൽ ജനാധിപത്യരാഹിത്യം ആണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സാർവദേശീയ വീക്ഷണവും ആശയങ്ങളും പിന്തുടരുമ്പോഴും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ആദ്യകാലത്ത് അങ്ങനെയായിരുന്നില്ല ചിന്തിച്ചത്.

∙ ജനാധിപത്യ ചേരിയും സജീവം

1956 ലെ പാലക്കാട് പാർട്ടി കോൺഗ്രസ് മുതൽ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ശക്തമായ ഒരു ചേരി സിപിഐയിൽ സി. അച്യുതമേനോന്റെയും കെ. ദാമോദരന്റെയും നേതൃത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉണ്ടായിരുന്നു എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. 1964 ലെ പാർട്ടി പിളർപ്പിനു ശേഷം ഈ വിഭാഗം തങ്ങളുടെ പക്ഷം ഒന്നുകൂടി ശക്തമാക്കി. നാഷണൽ കൗൺസിലിൽനിന്ന് ഒരു ന്യൂനപക്ഷം ഇറങ്ങിപ്പോയി പുതിയ പാർട്ടി ഉണ്ടാക്കിയത് ജനാധിപത്യവിരുദ്ധമാണ് എന്നാണ് സിപിഐ നിലപാടെടുത്തത്. സിപിഎമ്മിൽ പിൽക്കാലത്ത് നക്സൽ കാലഘട്ടത്തിലും മറ്റും ഉണ്ടായ പിളർപ്പുകൾക്കു കാരണം ജനാധിപത്യരീതിയെ അംഗീകരിക്കാതെ പോയതാണെന്ന് സിപിഐ ചൂണ്ടിക്കാട്ടി. ഏതായാലും ജനാധിപത്യം പാർട്ടിക്കുള്ളിൽ കൊണ്ടുവരാൻ തുറന്ന ചർച്ചകൾ നടത്തണം എന്ന നിലപാടിൽ സിപിഐ മുന്നോട്ടുപോയി. 1968ലെ പ്രാഗ് വസന്തം ഈ നിലപാടിനെ ഒന്നുകൂടി ഉറപ്പിച്ചു.

ADVERTISEMENT

ചെക്കോസ്ലോവാക്യയിൽ നടന്ന ജനാധിപത്യ സമരത്തെ സൈന്യത്തെ അയച്ച് സോവിയറ്റ് യൂണിയൻ അടിച്ചമർത്തിയത് കമ്മ്യൂണിസ്റ്റുകാർക്കിടയിലെ ജനാധിപത്യ വാദികളെ ആകുലരാക്കിയ സംഭവമാണ്. കമ്മ്യൂണിസ്റ്റ് ഭരണം വന്നാൽ എല്ലാമായി എന്നത് തെറ്റിദ്ധാരണയാണ്. ജനാധിപത്യത്തിന് ഇടം കൊടുത്തേ മതിയാവൂ. എഴുതിത്തള്ളപ്പെട്ട ഓരോ ഘട്ടത്തിലും കോൺഗ്രസ് ഉയർത്തെഴുന്നേറ്റത് ജനാധിപത്യം എന്ന പ്രാണവായുവിന്റെ സഹായത്തോടെയായിരുന്നു. മറ്റേതു പാർട്ടി അംഗീകരിച്ചില്ലെങ്കിലും സിപിഐ അതിനെ എക്കാലവും അംഗീകരിച്ചിരുന്നു. ‘നാരായ കമ്മ്യൂണിസ്റ്റുകളെ’ എം.എൻ. ഗോവിന്ദൻ നായർ അടക്കമുള്ളവർ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. (പണ്ട് എഴുത്താണിയുടെ അഗ്രത്തിലുണ്ടായിരുന്ന ലോഹമാണ് നാരായം. വിട്ടുവീഴ്ചയില്ലാത്തത് എന്നു ചുരുക്കം). ശക്തമായ തുറന്ന ചർച്ചകൾ വരുമ്പോൾ ‘അതൊക്കെ വേണ്ടേടോ’ എന്നു ന്യായീകരിക്കുമായിരുന്നു എമ്മെൻ. ‘പാർട്ടി അച്ചടക്കം’ കാര്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് ചുരുക്കം.

ഞങ്ങളുടെ സമ്മേളനത്തിൽ ഞങ്ങളെയല്ലാതെ പിന്നെ മറ്റാരെയാണ് വിമർശിക്കേണ്ടത്? തമിഴ്നാട്ടുകാരെയാണോ?

സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ആദ്യ ജില്ലാ സമ്മേളനം നടന്ന തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമർശനം ഉയർന്നതായാണ് വാർത്തകൾ. കാനം ഇതിനെ തള്ളിക്കളഞ്ഞില്ല. പകരം മനോഹരമായ വാക്കുകളിൽ ശരിവയ്ക്കുകയാണ് ചെയ്തത്. ‘‘ഞങ്ങളുടെ സമ്മേളനത്തിൽ ഞങ്ങളെയല്ലാതെ പിന്നെ മറ്റാരെയാണ് വിമർശിക്കേണ്ടത്? തമിഴ്നാട്ടുകാരെയാണോ?’’. സിപിഐ ഉൾപാർട്ടി ചർച്ചയെ പ്രോത്സാഹിപ്പിക്കുകയാണ്. അതിനാൽ ഇനിയുള്ള ജില്ലാ സമ്മേളനങ്ങളിലും പാർട്ടി നേതൃത്വത്തിനും കാനത്തിനും എതിരെ കടുത്ത വിമർശനങ്ങൾ ഉയരാൻ തന്നെയാണ് സാധ്യത. ആളുകൾ എതിർക്കുന്നതും വിമർശിക്കുന്നതും പ്രോത്സാഹിപ്പിക്കണമെന്നാണ് പാർട്ടി ലൈൻ. ഒരിക്കലും വൈരനിര്യാതന ബുദ്ധിയോടെ തിരിച്ച് പ്രവർത്തിക്കില്ല. ബെനറ്റ് എബ്രഹാമിന്റെ തോൽവിയെ തുടർന്ന് പുറത്തായ സി. ദിവാകരൻ തന്നെ അതേ സീറ്റിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു. ഇക്കാര്യമാണ് പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

∙ അങ്ങനെയല്ല ഈ വിമർശനങ്ങൾ

എന്നാൽ സ്വാഭാവികമായ വിമർശനമാണോ ഇത്തവണയും നടക്കുന്നത്? പാർട്ടിയിൽ മുൻകാലത്ത് നടന്ന ചർച്ചകളിൽനിന്നു വ്യത്യസ്തമാണ് കാനം രാജേന്ദ്രനെതിരെ നടക്കുന്ന വിമർശനങ്ങളെന്ന വാദമുണ്ട്. സംസ്ഥാന സെക്രട്ടറിക്കെതിരെ നടക്കുന്ന വിമർശനങ്ങളുടെ കാതൽ ആണ് അത്തരമൊരു വാദത്തിനു കാരണം. വിമർശനങ്ങളിൽ ആരോപണങ്ങളുടെ സ്വരം ഉണ്ടാകുന്നു എന്നതാണ് വ്യത്യാസം. സിപിഎമ്മിന്റെ പല സംസ്ഥാന സെക്രട്ടറിമാരെ പറ്റിയും വ്യക്തിയധിഷ്ഠിതമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വിഎസ്, നായനാർ, പിണറായി വിജയൻ തുടങ്ങിയവർക്കെതിരെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ സിപിഐയുടെ ഒരു പാർട്ടി സെക്രട്ടറിക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയർന്നിട്ടില്ല. ആദ്യമായി പുറത്ത് അത്തരം ഒരു ചർച്ചയുണ്ടായി എന്നത് സിപിഐ അണികളിൽ ഒരുവിഭാഗം അത് അപമാനകരമായി കാണുന്നു.

കാനം രാജേന്ദ്രൻ
ADVERTISEMENT

അതേസമയം വ്യക്തി അധിഷ്ഠിതമായ ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇവർ വിശ്വസിക്കുന്നു. കാരണം മാധ്യമ അതിപ്രസരം നിറഞ്ഞു നിൽക്കുന്ന കാലത്ത് അത്തരം ആരോപണങ്ങളിൽ ഒരു തരിമ്പെങ്കിലും ഉണ്ടെങ്കിൽ അത് പുറത്തു വരുമായിരുന്നു എന്നാണ് ഇതിനു ന്യായമായി പറയുന്ന കാര്യം. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടി സെക്രട്ടറി സ്വീകരിക്കുന്ന മൃദു സമീപനം കഠിനമായ വിമർശനത്തിന് കാരണമാകും. പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനത്തിന് തുടക്കം കുറിച്ചു. കോട്ടയം സമ്മേളനത്തിൽ അത് ഒന്നുകൂടി തീവ്രമായി. മാധ്യമ വാർത്തകളനുസരിച്ച് കാനം മുഖ്യമന്ത്രിയുടെ അടിമയെപ്പോലെ പെരുമാറുന്നു എന്നാണ് വിമർശനമുയർന്നത്.

∙ വനിതകളെ തള്ളിപ്പറഞ്ഞോ?

പാർട്ടിയുടെ ഉന്നത കമ്മിറ്റിയിൽ അംഗമായ ആനി രാജയെയും വിദ്യാർഥി പ്രവർത്തകയായ നിമിഷ രാജുവിനെയും തിരുവനന്തപുരം സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി വിമർശിച്ചത് സ്വാഭാവികമായും വാർത്തയായി. അപ്രതീക്ഷിത പ്രാധാന്യമാണ് ഈ വിമർശനങ്ങൾക്ക് ലഭിച്ചത്. ഏതെങ്കിലും പാർട്ടിപദവി വഹിക്കാത്തവരോ സ്ഥാപിത താൽപര്യമില്ലാത്തവരോ അല്ലാത്തവരെല്ലാം ഈ വിമർശനത്തെ ഒരു പ്രശ്നമായി തന്നെയാണു കണ്ടത്. എം.എം.മണി നിയമസഭയിൽ കെ.കെ. രമയെപ്പറ്റി നടത്തിയ പ്രസ്താവനയെ ആനി രാജ വിമർശിച്ചതിൽ എന്തെങ്കിലും തെറ്റുള്ളതായി തെളിഞ്ഞില്ല. സ്പീക്കർ നടത്തിയ ശക്തമായ റൂളിങ് ആ വിമർശനത്തെ ശരിവയ്ക്കുകയാണുണ്ടായത്. ഇനി അങ്ങനെ സ്പീക്കർ റൂളിങ് നൽകിയില്ലെങ്കിൽ പോലും ആനി രാജയ്ക്കെതിരായ വിമർശനം സെക്രട്ടറി പാർട്ടി വേദിയിൽ പറഞ്ഞാൽ മതിയായിരുന്നു. പിന്നീട് പാർട്ടി നിയമം അനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ ആനി രാജ പറഞ്ഞതായിരുന്നു ശരി എന്ന് നിയമസഭയും സിപിഎമ്മും അംഗീകരിച്ച ശേഷവും കാനം അവരെ വിമർശിക്കുകയാണ് ഉണ്ടായത്.

ആനി രാജ

ഒരു വിദ്യാർഥിനിയായ നിമിഷയെ പാർട്ടി സെക്രട്ടറി തന്നെ വിമർശിച്ചതോടെ ആ പെൺകുട്ടി തകർന്നുപോയി എന്നാണ് വിമർശനം. സംഘടനയുടെ അന്തസ്സിനെയാണ് പാർട്ടി സെക്രട്ടറിയുടെ പരസ്യമായ വിമർശനങ്ങൾ പോറലേൽപ്പിച്ചത് എന്നാണ് പരാതി. കുറച്ചുകാലം മുൻപ് പാർട്ടിയുടെ ആദ്യകാലത്തെ ഉന്നത നേതാക്കളുടെ മക്കൾ ചേർന്ന് സിൽവർലൈൻ വിഷയത്തിൽ പാർട്ടി നിലപാടിനെതിരെ കത്തയച്ചിരുന്നു. അതിനെ കാര്യമായി എടുക്കാൻ പാർട്ടി സെക്രട്ടറി തയാറായില്ല. കേന്ദ്ര നേതൃത്വം ദുർബലമാവുകയും സംസ്ഥാന നേതൃത്വത്തിൽ വിമത ശബ്ദങ്ങൾ ഇല്ലാതാവുകയും ചെയ്തതോടെ കാനം രാജേന്ദ്രൻ ശക്തനായ പാർട്ടി സെക്രട്ടറിയായി മാറി. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് എതിരായ വിമർശനം പ്രത്യേകം ശ്രദ്ധേയമാകുന്നത്. ശക്തനായ പാർട്ടി സെക്രട്ടറിയെയും വിമർശിക്കാൻ വഴിയൊരുക്കുന്നതാണ് സിപിഐയുടെ സംഘടനാ സംവിധാനം.

∙ സിപിഎം, സിപിഐ വ്യത്യാസം

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളന പ്രതിനിധികൾ പൊതുവായാണു തിരഞ്ഞെടുക്കുന്നത്. അതിനാൽ സിപിഎമ്മിന്റെ സെക്രട്ടറിയോട് കൂറുപുലർത്തുന്നവർക്ക് ഭൂരിപക്ഷം കിട്ടാൻ സാധ്യതയേറെയാണ്. അതേസമയം ഓരോ ജില്ലയിൽനിന്നുമുള്ള സംസ്ഥാന സമ്മേളന പ്രതിനിധികളെ അതതു ജില്ലാ കമ്മിറ്റികൾ തിരഞ്ഞെടുക്കുന്ന രീതിയാണ് സിപിഐയിൽ ഉള്ളത്. കൊല്ലത്തുനിന്നുള്ള ഏതൊക്കെ പ്രതിനിധികൾ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കണം എന്ന് കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിക്കും. ഏതെങ്കിലും തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനം ഒഴിവാക്കുക എന്നതാണ് ഈ രീതി പിന്തുടരാൻ കാരണം. ഇതിൽനിന്ന് വ്യത്യസ്തമാകുന്നത് സ്റ്റേറ്റ് ക്വോട്ട മാത്രമാണ്. അതിനാൽ ഏതെങ്കിലും ജില്ലാകമ്മിറ്റി സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ വിമർശനം ഉന്നയിക്കണമെന്ന് തീരുമാനിച്ചാൽ അത് സംസ്ഥാന കൗൺസിലിലും സമ്മേളനത്തിലും നടക്കും. പാർട്ടി സെക്രട്ടറിയോടുള്ള എതിർപ്പുകൾ അതുകൊണ്ടുതന്നെ ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനങ്ങളിലും പ്രതിഫലിക്കാം.

∙ കാനം സിപിഎമ്മിന്റെ താരമാകുമ്പോൾ

കാനം ചെയ്യുന്നതാണു ശരി എന്ന് അടുത്തിടെ ഒരു ടിവി ചർച്ചയിൽ ഉറപ്പിച്ചു പറഞ്ഞത് സിപിഎമ്മിന്റെ വക്താവായി വന്നയാളാണ്. പല ചർച്ചകളിലും സിപിഎം പ്രതിനിധികൾ കാനത്തെ ന്യായീകരിക്കുന്നു എന്നത് കൗതുകകരമായ കാഴ്ചയാണ്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് കാനത്തെ കടിച്ചുകീറാൻ നിന്നവർ എന്തുകൊണ്ടാണ് സമീപനം മാറ്റിയത്?

കാനം രാജേന്ദ്രനും പിണറായി വിജയനും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിമർശനം നടത്തിയിരുന്നത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ആയിരുന്നു. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അദ്ദേഹം മൃദു സമീപനത്തിലേക്ക് മാറിയത്രേ. സിപിഎമ്മിനെതിരെ ക്രിട്ടിക്കൽ സമീപനം സ്വീകരിക്കുന്ന പുറത്തുള്ളവരും,മുന്നണിയിൽ സിപിഐ വിമർശനം തുടരണം എന്നാണ് ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും. അതിനാൽ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് എന്നപോലെ കാനം വിമർശനം തുടരണം എന്നാണ് പാർട്ടിയിൽ ഒരുവിഭാഗം ശക്തമായി വാദിക്കുന്നത്. മുന്നണിയുടെ നല്ലതിനുവേണ്ടിയും അങ്ങനെയാണ് വേണ്ടത്.

തിരുവനന്തപുരം, കോട്ടയം സമ്മേളനങ്ങളിലെ സൂചനകൾ അനുസരിച്ചാണെങ്കിൽ ഇടതു സർക്കാരിനെതിരെ ശക്തമായ വിമർശനത്തിനാണ് സിപിഐ മുതിരുന്നത്. മുന്നണിയുടെ രാഷ്ട്രീയദൗത്യത്തിൽനിന്ന് വ്യതിചലിച്ചാണ് സർക്കാരിന്റെ പോക്ക് എന്നാണു പരാതി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂയംകുട്ടി പദ്ധതിക്കും മാവോയിസ്റ്റ് വേട്ടയ്ക്കും എതിരെ കാനം ഉയർത്തിയ എതിർപ്പ് സിപിഎമ്മിന് ഞെട്ടലുണ്ടാക്കിയതാണ്. മഞ്ചക്കണ്ടിയിൽ ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സിപിഐ കമ്മിഷൻ സ്ഥലത്തുപോയി തെളിവെടുപ്പ് നടത്തുകയും നടന്നത് ഏറ്റുമുട്ടൽ കൊലയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാൻ മടിച്ചപ്പോൾ ക്യാബിനറ്റിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നാണ് സമ്മർദ്ദം ചെലുത്തിയത്. അതേസമയം ഈ സർക്കാർ വന്നതോടെ എല്ലാ കാര്യത്തിലും സർക്കാരിനെ അംഗീകരിക്കുന്ന നിലപാടാണ് പാർട്ടിയുടേത്, അഥവാ സെക്രട്ടറിയുടേത്. ഇതിന്റെ കാരണം കണ്ടെത്താൻ കഴിയാതെ വശം കെടുകയാണ് പാർട്ടിയണികൾ.

∙ എതിർപ്പിന്റെ പാരമ്പര്യം

നിർദ്ദാക്ഷിണ്യം വിമർശിക്കുക എന്ന തന്റെ മുൻഗാമികളുടെ നയമാണ് കാനം രാജേന്ദ്രനും പിന്തുടർന്നത്. മുൻപ് ഡിഐസി, മഅദനിയുടെ പിഡിപി എന്നീ പാർട്ടികളെ മുന്നണിയിൽ എടുക്കാൻ നോക്കിയപ്പോൾ വഴിതടഞ്ഞത് സിപിഐ ആയിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി വെളിയം ഭാർഗവൻ കർശന നിലപാടെടുത്തു. നായനാർ സർക്കാരിന്റെ കാലത്താണു വെട്ടിനിരത്തൽ സമരം നടന്നത്. അതിനെ മുന്നിൽ നിന്ന് എതിർക്കാൻ സി.കെ. ചന്ദ്രപ്പൻ മടി കാണിച്ചില്ല. പാർട്ടിയിൽ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത ഇല്ലാത്ത കാലമാണ് ഇതെന്ന് പറയപ്പെടുന്നു.

വെളിയം ഭാർഗവൻ.

എന്നാൽ എല്ലാവരും പാർട്ടി സെക്രട്ടറിയുടെ ഒപ്പം നിന്നാലും അടിത്തട്ടിലെ വസ്തുതകൾ വസ്തുതകളായി അറിയിക്കണം എന്നില്ല. ഇപ്പോൾ ഉയർന്ന വിമർശനത്തിന്റെ കാരണം അതാവാം. തിരുവനന്തപുരം സമ്മേളനത്തിൽ ഉടനീളം തനിക്കെതിരെ എതിർപ്പ് ഉണ്ടാകുമെന്ന് കാനം തന്നെ വിചാരിച്ചിട്ടുണ്ടാവില്ല. 400 ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഏതാനും പേർ വിമർശനവുമായി രംഗത്തുവന്നു. ഈ ഏതാനും പേരെ തിരഞ്ഞെടുക്കുന്ന ഒരു സമിതി അതിനു പുറകിൽ ഉണ്ട്. അതിനാൽ എതിർപ്പ് ഒറ്റപ്പെട്ടതല്ല. ജില്ലാ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്ന കാനത്തിനുമേൽ അതിന്റെ സമ്മർദ്ദം ദൃശ്യമായിരുന്നു. എതിർപ്പ് വ്യക്തിനിഷ്ഠമല്ല എന്നാണ് വിമർശിക്കുന്നവർ വ്യക്തമാക്കുന്നത്.

ആദ്യ സമ്മേളനത്തിൽ വിമർശനം ശക്തമായതിനാൽ മറ്റു ജില്ലകളിലും വിമർശനത്തിന് ഉഷാർ കൂടും. കോട്ടയത്ത് അതാണ് ദൃശ്യമായത്. കൊല്ലം, എറണാകുളം, പാലക്കാട് സമ്മേളനങ്ങൾ കൂടുതൽ നിർണായകമാകും. തിരുവനന്തപുരത്തെ ശക്തമായ എതിർപ്പ് ഒരു തുറന്ന സന്ദേശമാണ് മറ്റു ജില്ലകൾക്ക് നൽകുന്നത്. കുറേ നാളായി ഉരുണ്ടുകൂടുന്നതാണ് പുറത്തേക്ക് വരുന്നത്. അതേസമയം നിലവിലെ സാഹചര്യത്തിൽ കാനത്തെ മാറ്റി മറ്റൊരാൾ സെക്രട്ടറി പദത്തിലേക്ക് വരാനുള്ള സാധ്യതകളുടെ സൂചനകളില്ല. സെക്രട്ടറി മാറണമെങ്കിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിനും ഇടപെടാം. വിമർശനങ്ങൾ വർധിച്ചുവരികയും മത്സരത്തിലേക്ക് എത്തുകയും ചെയ്യുന്ന അന്തരീക്ഷം സംജാതമായാൽ കാനം മാറിനിൽക്കാനാണു സാധ്യത.

∙ ‘കോൺസെൻസസ്’ സർക്കാർ വേണ്ട

തിരുവനന്തപുരം, കോട്ടയം സമ്മേളനങ്ങളിലെ സൂചനകൾ അനുസരിച്ചാണെങ്കിൽ ഇടതു സർക്കാരിനെതിരെ ശക്തമായ വിമർശനത്തിനാണ് സിപിഐ മുതിരുന്നത്. മുന്നണിയുടെ രാഷ്ട്രീയദൗത്യത്തിൽനിന്ന് വ്യതിചലിച്ചാണ് സർക്കാരിന്റെ പോക്ക് എന്നാണു പരാതി. വിവിധ സമ്മർദ ഗ്രൂപ്പുകളെ എല്ലാം തൃപ്തിപ്പെടുത്തിയും കിറ്റു നൽകിയും മുന്നോട്ടുപോകുന്നു എന്നു കുറ്റപ്പെടുത്തലുണ്ട്. അങ്ങനെ ഒരു ‘കോൺസെൻസസ്’ സർക്കാരിനെപ്പോലെ പ്രവർത്തിക്കുന്നു. രാജ്യത്തെ ഇടതുപക്ഷത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നതേയില്ല. പകരം കേരളമെന്ന ഒരു ചെറിയ തുരുത്തിലെ സാന്നിധ്യം നിലനിർത്തിപ്പോകുക എന്ന ലക്ഷ്യത്തിലേക്ക് ചുരുങ്ങുന്നു. ചിന്തൻ ശിബിരം നടത്തി കോൺഗ്രസ് പോലും തങ്ങളുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചുവരവിന് ഇടതുപക്ഷം തയാറെടുക്കുന്നതിന്റെ സൂചന കാണാനില്ല. ഇത് ഇടതുപക്ഷത്തെ അണികളെ മൊത്തത്തിൽ ആശങ്കാകുലരാക്കുകയാണ്.

സിപിഐ വട്ടിയൂർക്കാവ് മണ്ഡലം സമ്മേളനത്തിൽ കാനം രാജേന്ദ്രൻ. ചിത്രം: facebook/KanamRajendranOfficial

രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടുവന്നതാണ് വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. ഇടതുപക്ഷം ആയിരുന്നു ആ സർക്കാരിന്റെ ശക്തി. ബിജെപി പിന്തുണച്ചിരുന്നെങ്കിലും ഇടതുസ്വഭാവമായിരുന്നു സർക്കാരിന്റേത്. ‘സ്വാഭാവിക സഖ്യം’ എന്നാണ് വി.പി സിങ് അന്ന് ഇടതുപക്ഷത്തെ വിശേഷിപ്പിച്ചത്. അന്ന്, ബദൽ സർക്കാരിനെ കൊണ്ടുവരാൻ കഴിയുന്ന അത്രത്തോളം ശക്തവുമായിരുന്നു ഇടതുപക്ഷം. ഇന്ന് ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആംആദ്മി പാർട്ടി പോലും തങ്ങളാൽ കഴിയുംവിധം ബിജെപിയെ വിറപ്പിക്കാൻ ശ്രമിക്കുമ്പോൾ നിരന്തരമായ സമ്മേളനങ്ങളും ചർച്ചകളും മാത്രമായി ഇടതുപാർട്ടികൾ ഒതുങ്ങുന്നു. സമ്മേളനങ്ങളിലെ ഇത്തരം തുറന്നചർച്ചയും വിമർശനങ്ങളും ആത്മപരിശോധനയിലേക്ക് നയിക്കുമെന്ന് അണികൾ വിശ്വസിക്കുന്നു.

English Summary: Criticism against CPI Top Leaders in Party District Conferences; What it meant for the Future of Left in Kerala?